Wednesday, May 19, 2010

കുറിപ്പുകള്‍

ഇന്‍സര്‍വീസ് കോഴ്സുകള്‍ / അദ്ധ്യാപക പരിശീലനങ്ങള്‍
എല്ലാ ജീവനക്കാര്‍ക്കും അയാളുടെ ഔദ്യോഗിക കാലഘട്ടത്തിനിടയില്‍ വളരെയധികം പഠനങ്ങള്‍ക്ക് വിധേയമാകേണ്ടി വരും. അത് മിക്കവാറും അവനവന്റെ തൊഴില്‍ മണ്ഡലത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കുകയും ചെയ്യും. നാം അതിനെ പല പേരുകളില്‍ ഔദ്യോഗിയ ഭാഷ്യം പകരുമെങ്കിലും അത് ഇന്‍ സര്‍വീസ് കോഴ്സ് തന്നെ.
എന്റെ ഔദ്യോഗിക ജീവിതത്തില്‍ ഞാന്‍ നിരവധി ട്രെയിനിങ്ങുകള്‍ക്ക് വിധേയമായിട്ടുണ്ട്. പിന്നീട് ട്രെയിനര്‍ ആയും വേഷം കെട്ടി....കെട്ടുന്നു.
നിരവധി ഘട്ടങ്ങളും അനുഭവങ്ങളും തിക്താനുഭവങ്ങളും എന്റെ സ്മരണയില്‍ കടന്നു വരുന്നുണ്ട്. ഒക്കെ ജീവിതത്തിന്റെ ഭാഗമെന്നു കരുതി കൂടെക്കൂട്ടുന്നു. പക്ഷെ ഒന്നു ഞാന്‍ പറയാം...അത്തരം തീച്ചൂളകളും മൃദുശീകരങ്ങളുമാണ് സര്‍വീസിന്റെ ബാക്കിപത്രം.
ട്രെയിനിങ്ങ് എന്നു കേള്‍ക്കുമ്പോള്‍ മുഖം ചുളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിന് പല കാരണങ്ങളുമുണ്ട്. സ്ഥിരവും സുഖകരവുമായ അവസ്ഥയില്‍ നിന്ന് അപരിചിതമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോളുണ്ടാകുന്ന വിഹ്വലതയാണ് ഒന്ന്. രണ്ട് ട്രെയിനിങ്ങിന്റെ അപാകത. മൂന്നാമത് ആവശ്യകതാബോധം.
ആദ്യപ്രശ്നം തീര്‍ത്തും വ്യക്തിപരവും മാനസികവുമാണ്. അതിന്റെ പരിഹാരവും അവിടെ തന്നെ. അത് നമ്മള്‍ക്ക് പരിശീലനത്തിലൂടെ അനായാസം മാറ്റി മറിക്കാം. നാം എങ്ങനെയാവണമെന്ന്... എങ്ങനെ പെരുമാറണമെന്ന് നാമാണ് നിശ്ചയിക്കുന്നത്.....ഒരു വലിയ പരിധി വരെ. അവിടെ അടിച്ചേല്‍പ്പിക്കലുകളുണ്ടായാല്‍ അത് പരാജയത്തിലേക്കു തന്നെ കൂപ്പുകുത്തും....തീര്‍ച്ച.
ട്രെയിനിങ്ങിന്റെ അപാകത കുറച്ചുകൂടി ഗൗരവതരമാണ്. അത് പ്ലാനിങ് മുതല്‍ ഇങ്ങേയറ്റം ട്രെയിനിങ്ങിനു വിധേയമാകുന്നവരില്‍ വരെ നീളുന്നു. ശരിയായ പ്ലാനിങ്, ആവശ്യകതയില്‍ ഊന്നിയുള്ള പഠനരീതി, ശരിയായ പരിശീലകര്‍, ആത്മാര്‍ത്ഥതയില്‍ ചാലിച്ചുള്ള അന്തരീക്ഷം സൃഷ്ടിക്കല്‍, നല്ല പരിചരണം എന്നിവ ചില ഘടകങ്ങളാണ്. പഴയകാല ട്രെയിനിങ്ങിനു പോയവര്‍ക്ക് പലതും ഓര്‍മ്മവരും. ഉദാഹരണമായി അന്ന് തട്ടിക്കൂട്ട് പരിശീലനമായിരുന്നു മിക്കയിടത്തും. മൊഡ്യൂളൊന്നുമില്ലാതെ, പങ്കെടുക്കുന്നവരുടെ കഴിവിനെ ചൂഷണം ചെയ്ത് , നിര്‍ഗുണപരബ്രഹ്മം പോലെ പരിശീലകര്‍ നില്കെ, എന്ത് ട്രെയിനിങ്ങ്...എന്ത് പുതുമ....എന്ത് പ്രയോജനം....?ആള്‍ക്കാര്‍ കൂകാതെ സഹകരിക്കുന്നത് ...സഹകരിച്ചത് അവരുടെ മാന്യ മുഖം സംരക്ഷിക്കാനാണ്.
ഇപ്പോള്‍ ഐ.ടി.അറ്റ് സ്കൂള്‍ വ്യത്യസ്ഥമായ നിരവധി പരിശീലനങ്ങള്‍ നടത്തി വരുന്നു. ആദ്യ കാലത്ത് ട്രെയിനിങ്ങിനു വിധേയരാവുന്ന പഠിതാക്കള്‍ക്ക് അങ്ങോട്ട് പ്രതിഫലം കൊടുക്കുമായിരുന്നു. ഇന്ന് കാലം മാറി, കഥ മാറി.....
സര്‍ക്കാര്‍ / എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് സൗജന്യ പരിശീലനവും അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്ക് ഫീസ് ചുമത്തിക്കൊണ്ടുള്ള പരിശീലനവുമാണ് നടക്കുന്നത്. പഠിതാക്കള്‍ അതിന്റെ
റിസോഴ്സ് പേര്‍‌സണ്‍സിനു മുകളില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തി, ഫോണിലൂടെയും നേരിട്ടും, എങ്ങനെയെങ്കിലും പരിശീലനത്തിനു വിധേയമാകുന്നു.
എന്തു കൊണ്ട്....?
പരിശീലനം കൂടുതല്‍ ആകര്‍ഷകവും (മള്‍ട്ടി മീഡിയ, ലാപ്ടോപ്പ്, വീഡിയോ പ്രദര്‍ശനം.... തുടങ്ങിയവയില്‍ അധിഷ്ഠിതമാക്കി) ആവശ്യത്തില്‍ വേരൂന്നിയതും ആശയാധിഷ്ഠിതവും കാലോചിതവുമാണ്. എട്ടാം ക്ലാസിലെ പുതിയ ഐ.സി.ടി. പുസ്തകം പഠിപ്പിക്കുവാന്‍ പരിശീലനം കിട്ടിയേ തീരു. വിഷയാധിഷ്ഠിതമായി തയ്യാറാക്കിയ പുതിയ ഐ.സി.ടി. പുസ്തകം ഇന്നൊരു ആവേശമായി പഠിതാക്കളില്‍ നിറയുന്നത് അതിന്റെ തൊട്ടടുത്തു നിന്ന് (കുറിമാനം എഴുതുന്ന ആള്‍ റിസോഴ്സ് പേര്‍‌സണാണ് ) എനിക്ക് കാണാന്‍ കഴിയുന്നു. നാളെ ഈ ജ്വാല സമൂഹമാകെ പടരുമെന്നതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട....
തിരിയില്‍ നിന്നും കൊളുത്തിയ നിരവധി പന്തങ്ങളായി പഠിതാക്കള്‍ നാളെ ക്ലാസുകളില്‍ അറിവിന്റെ തൂവെളിച്ചം തൂകി പ്രശോഭിതമാക്കും, അത് അതാത് വിഷയം കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ കൂടുതല്‍ വിളക്കും....അങ്ങനെ ആദ്യകാല ലക്ഷ്യത്തിലേക്ക് ഐ.ടി.പഠനം എത്തിച്ചേരും.....തീര്‍ച്ച.
- ആര്‍.പ്രസന്നകുമാര്‍ - 20/05/2010

Wednesday, May 12, 2010

നുറുങ്ങുകഥ

തയ്യല്‍ പീരിയഡ്
അതൊരു സുവര്‍ണ കാലഘട്ടമായിരുന്നു. വളരെ റൊമാന്റിക്കായി പറന്നു നടന്നിരുന്ന കാലം.
നാലാം ക്ലാസിനു ശേഷം പഠനം തുടര്‍ന്നത് ആണ്‍കുട്ടിയായിട്ടു കൂടി ഗേള്‍സ് സ്കൂളിലായിരുന്നു. കാരണം വിശദമാക്കാന്‍ അതിന് അല്പം ചരിത്രം വിളമ്പിയേ പറ്റു. ആദ്യം മിക്സഡ് സ്കൂളായിട്ടായിരുന്നു തുടക്കം. ഇംഗ്ലീഷുകാരുടെ കാലത്തെ സ്കൂളാണ്. ഇപ്പോഴും കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിന്റെ ആദ്യ കെട്ടിടത്തിന്റെ നെറ്റിയില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന് കൊത്തി വെച്ചിട്ടുണ്ട്. സ്കൂള്‍ കാലാന്തരത്തില്‍ വളര്‍ന്ന് വികസിച്ചപ്പോള്‍ അതിനെ പിന്നീടുള്ള അധികാരികള്‍ ബൈഫര്‍ക്കേറ്റ് ചെയ്തു.....അതായത് ഗേള്‍സ് എന്നും ബോയ്സ് എന്നും രണ്ട് സ്കൂളായി വിഭജിച്ചു. പക്ഷെ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുട്ടികളുടെ എണ്ണക്കുറവുമൂലം ഞങ്ങള്‍ ആണ്‍കുട്ടികളെക്കൂടി ഏഴാം ക്ലാസു വരെ ഗേള്‍സില്‍ നില നിര്‍ത്തുവാന്‍ തീരുമാനിച്ചു.
അങ്ങനെയാണ് കഥാനായകനായ ഞാന്‍ പോലീസ് കോര്‍ട്ടേഴ്സിനോട് ചേര്‍ന്നുള്ള ഗേള്‍സ് സ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ പഠിക്കുവാനിടയായത്. ഞങ്ങള്‍, .... വിരളമായ ആണ്‍വര്‍ഗ്ഗത്തിന് അവിടെ കടുത്ത അവഗണനയും പരിഹാസവും ഭീഷണിയും നേരിട്ടിരുന്നു. ആകെ പരിഗണന കിട്ടുന്നത് യൂത്ത് ഫെസ്റ്റിവലിനും വാര്‍ഷികത്തിനുമാണ്. കാവല്‍ പട്ടാളക്കാരായി വെളിയില്‍ നിന്നു വരുന്ന പൂവാലന്‍ അണ്ണന്മാരെ കൈയ്യോടെ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക എന്ന ദൗത്യം.
അന്നൊക്കെ വലിയ പെണ്‍കുട്ടികളാണ് മിക്ക ക്ലാസുകളിലും. കാരണം അന്ന് ആള്‍ പ്രൊമോഷനോ, കൂട്ട ജയിപ്പീരോ ഒന്നും കണ്ടു പിടിച്ചിട്ടില്ലായിരുന്നു. മൂന്ന് മാര്‍ഗ്ഗത്തിലൂടെയായിരുന്നു അന്ന് കുട്ടികള്‍ ജയിച്ചിരുന്നത്. ഒന്ന് പഠിച്ച്, രണ്ട് സാറുന്മാരുടെ ഡിവിഷന്‍ നിലനിര്‍ത്താനുള്ള എണ്ണം തികയ്കലിന്, മൂന്ന് സാറുന്മാരെ സ്വാധീനിച്ച്. അതു കൊണ്ട് വലിയ ചേച്ചിമാരും അവരുടെ ചേഷ്ഠകളും കണ്ടാണ് ഞങ്ങള്‍ ക്രീമിലെയറുകളായ ഇംഗ്ലീഷ് മീഡിയംകാര്‍ അവിടെ വളര്‍ന്നത്. ബഹുഭൂരിപക്ഷത്തിന്റെ മാനറിസം ഞങ്ങളുടെ നടപ്പിലും പെരുമാറ്റത്തിലും സംസാരശൈലിയിലും വളരെയധികം സ്വാധീനം ചെലുത്തി നിന്നിരുന്നു. അഞ്ചു മുതല്‍ ഏഴുവരെയുള്ള പ്രായം ബാല്യ - കൗമാരത്തിന്റെ മദ്ധ്യ കാലഘട്ടമാണ്. ഈ മോള്‍ഡിങ് പീരിയഡില്‍ ഞങ്ങള്‍ ചുറ്റുപാടുകളുടെ വര്‍ണ്ണപ്പകിട്ടിന് വിധേയരായതില്‍ ഒട്ടും അതിശയോക്തിയില്ല.
പശ്ചാത്തല വിവരണത്തില്‍ ഞാന്‍ കഥാസന്ദര്‍ഭം മറന്നു. സംഗതി തയ്യല്‍ ക്ലാസാണ്. ചിന്നമ്മ സാറിന്റെ തയ്യല്‍ ക്ലാസ് ഞങ്ങള്‍ ഭയ - ഭക്തി ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. കാരണം അവര്‍ അത്ര കര്‍ക്കശക്കാരിയും ആത്മാര്‍ത്ഥതയുള്ളവരും ആയിരുന്നു. തയ്യലിനോട് യഥാര്‍ത്ഥത്തില്‍ താല്പര്യം പെണ്‍കുട്ടികള്‍ക്കായിരുന്നു. ചിന്നമ്മ സാറിനും അതറിയാം. അതിനാല്‍ അവരെ തയ്യലിന്റെ വെട്ടും കുത്തിത്തയ്പും പഠിപ്പിക്കും. ഞങ്ങളെ കളിക്കാന്‍ വിടുകയുമില്ല, പകരം നൂതനമായ ഒരു വിദ്യ സമയം പോക്കാന്‍ സാറു തന്നെ കണ്ടുപിടിച്ചു. സംഗതി തയ്യല്‍ ക്ലാസല്ലേ...ഇരിക്കട്ടെ ആണ്‍കുട്ടികള്‍ക്കും ഒരു തയ്യല്‍ പണി. എന്താണെന്നോ....?
മെഷീന്‍ ചവിട്ടിക്കറക്ക്... അതായത് ഒരു പഴയ, ഞരങ്ങുന്ന, ഞാംബവാന്‍ തയ്യല്‍ മെഷിന്‍ അവിടെയുണ്ട്. സംഗതി നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ... അവന്‍ ഫോറിനാണ്....ഒറിജനല്‍ സിംഗര്‍ മെഷിന്‍...പക്ഷെ പല്ല് കൊഴിഞ്ഞ് അവശനിലയിലാണ്.
പൊടി പിടിച്ചു കിടന്ന അവനെ ഞങ്ങളെക്കൊണ്ടു തന്നെ വൃത്തിയാക്കി, ഒരു മൂലയില്‍ പ്രതിഷ്ഠിച്ചു. ചിന്നമ്മ സാര്‍ നമ്പര്‍ ഒന്ന് എന്നു വിളിച്ചാല്‍ ഒന്നാം നമ്പരുകാരന്‍ അതിന്റെയരികിലിരുന്ന് വെറുതെ ചവിട്ടിക്കറക്കാന്‍ തുടങ്ങും. കുറച്ചു നേരമാകുമ്പോള്‍ മോണിട്ടര്‍, സാറിനെ സമയമായി എന്നറിയിക്കുമ്പോള്‍, നമ്പര്‍ രണ്ടിന്റെ ഊഴമാകും. ഇങ്ങനെ ആ പീരിയഡ് മുഴുവന്‍ ആണ്‍കുട്ടികള്‍ക്ക് അവസരമൊരുക്കുന്നു. സാറിന് പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കുകയും ചെയ്യാം.
ഞങ്ങള്‍ ചവിട്ടിക്കൊഴിപ്പിക്കുമ്പോള്‍ ചില നീള്‍മിഴികള്‍ എതിര്‍ വശത്തു നിന്ന് അസൂയയോടെ ഞങ്ങളുടെ കലാപരിപാടി നോക്കിയിരിക്കും. ചിന്നമ്മ സാര്‍ ചിലപ്പോളത് കൈയോടെ പിടികൂടും....ആ പെണ്‍കുട്ടികള്‍ക്ക് പിന്നെ തെറിയുടെ പൂരമാകും പ്രതിഫലം... സംഗതി മൊത്തം അശ്ലീലമായിരുന്നെന്ന് പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് മനസ്സിലായത്.
കഥാശേഷം ചിന്നമ്മ സാറ് അവിടെ നിന്നും ട്രാന്‍സ്ഫറായിപ്പോയി... തയ്യലും ക്രാഫ്റ്റും മ്യൂസിക്കും ഒക്കെ അന്യം നിന്നിരിക്കുന്നു. ഇന്നവിടെ തയ്യല്‍ ക്ലാസില്ല....മെഷീനുകള്‍ ഒരു മുറിയില്‍ കൂട്ടിയിട്ടിരിക്കുന്നു. എന്റെ ബാലകുതൂഹലങ്ങളുടെ സാക്ഷിപത്രം പോലെ ആ പഴയ സിംഗര്‍ മെഷീന്‍ അവിടെയുണ്ടാവാം..... പെണ്‍കുട്ടികളെ കണ്ടു മടുത്ത്, മുരടിച്ച ഒരു വേളയില്‍ ആണ്‍കുട്ടികളുടെ ബലിഷ്ഠകാലടികളിലമരുവാന്‍ ഇനിയുമൊരു ജന്മവും തേടി ....
-ആര്‍.പ്രസന്നകുമാര്‍ - 12/05/2010

Monday, May 3, 2010

കഥ

കൂട്ടം തെറ്റിയ കുഞ്ഞാട്

അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
അയല്‍പക്കത്തെ ജോഷ്വാച്ചായന്റെ മകന്‍ എബിന്‍, പിറവിയില്‍ തന്നെ രോഗപീഢയുമായാണ് കടന്നു വന്നത്. കാലുകള്‍ ശോഷിച്ച് വലിയ തലയുമായി, ഉടലുകള്‍ ചലിപ്പിക്കാതെ, മഞ്ഞ നിറം പൂണ്ട പല്ലുകള്‍ എപ്പോഴും കാട്ടി, വെറുതെ മച്ചും നോക്കി, ഇടയ്ക്കിടെ കിടക്കയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്ത് .... ഹോ ! ഒരേസമയം വ്യസനവും വെറുപ്പും ജനിപ്പിക്കുന്ന വൈകൃതം. ചെയ്യാത്ത ചികിത്സകളില്ല, കാണിക്കാത്ത വൈദ്യന്മാരുമില്ല....പക്ഷേ എബിന്‍ വാശിപ്പുറത്തെന്നപോലെ പഴയനില തുടര്‍ന്നു.
ഇടവകയിലെ ബെനഡിക് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം വെല്ലൂര്‍ മെഡിക്കല്‍ മിഷനില്‍ കൊണ്ടുപോയിരുന്നു. വണ്ടിക്കൂലി ചിലവായതു മിച്ചം ....! ആയിടയ്ക്കുവന്ന ചില ലാടന്മാരുടെ മൈലെണ്ണ - ഭസ്മ ചികിത്സ നടത്തി. അതിനെ തുടര്‍ന്ന് എബിനെ നിറുത്താത്ത ശര്‍ദ്ദിലിനും വയറിളക്കത്തിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
അങ്ങനെ എബിനൊരു പ്രശ്നമായി. അനുദിനം വളരുന്ന അവന്റെ തലപോലെ.
അങ്ങനെയിരിക്കെയാണ് അവര്‍ വന്നത്,
അതേ .... അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
ചുറ്റുവട്ടത്തെ നാലഞ്ചുവീടുകളില്‍ മുറ്റമടിക്കാന്‍ വരുന്ന ചിരുതയാണ് അവരെ കൊണ്ടുവന്നത്. അയ്യോ! പറയാന്‍ വിട്ടുപോയി, ചിരുത എന്ന പേര് മാറ്റി ഇസബല്ല എന്നാക്കിയിട്ടുണ്ട്. അവളല്ല, പുതുതായി നാട്ടില്‍ വന്ന ബര്‍ണാട് ഉപദേശി. അയാള്‍ കാടുപിടിച്ചു കിടന്ന കല്ലടിക്കുന്ന് വിലയ്ക്കുവാങ്ങി ജെ.സി.ബി. കൊണ്ട് നിരപ്പാക്കി അവിടെ പ്രാര്‍ത്ഥനാകൂടാരം കെട്ടി. മിക്ക നേരങ്ങളിലും പറത്തോല്‍ കൊണ്ടുള്ള വലിയ തമ്പേറില്‍ മുട്ടി ശബ്ദമുഖരിതമാക്കും.
ജയം ജയം ഹല്ലേലുയ്യ
ജയം ജയം എപ്പോഴും
യേശുനാഥ നാമത്തിന്
ജയം ജയം എപ്പോഴും
വിശ്വാസികള്‍ക്കുള്ള വിളികേട്ട് ചിലരൊക്കെ കുന്ന് കയറാന്‍ തുടങ്ങി. ഇന്നതൊരു ഘോഷയാത്ര പോലെ വളര്‍ന്നിരിക്കുന്നു.
'മേരിക്കുട്ടിയേ ... നീ ഇന്നും പള്ളീലേക്കില്ലേ?'
ഭര്‍ത്താവിന്റെ അമ്മച്ചിയാണ്, പള്ളിപ്പെരുന്നാളായിട്ടും പോകുന്നില്ലേ എന്നാണ് ധ്വനി. ശരിയാണ് ഈയിടെയായി പള്ളിയും ബെനഡിക് അച്ചന്റെ സ്ഥിരം വചനങ്ങളും അങ്ങനങ്ങോട്ട് പിടിക്കുന്നില്ല.
'ഇല്ലമ്മച്ചീ... ഞാന്‍ എബിന്റെ വീട്ടിലെ കൂട്ട പ്രാര്‍ത്ഥനയ്കു പോകുകയാ' വളരെ പെട്ടെന്ന് മറുപടി പറഞ്ഞു. അല്ലെങ്കില്‍ പള്ളിയില്‍ കൂടാത്തതിന് വഴക്കും വക്കാണവുമായി വരും. അമ്മച്ചി ഗേറ്റു തുറന്ന് പുറത്തിറങ്ങിയിട്ട് അത് ശബ്ദത്തോടെ വലിച്ചടച്ചു. കൂടെ ചെല്ലാത്തതിന്റെ ദ്വേഷ്യമാണ്.
എബിന് പറയത്തക്ക സൗഖ്യമൊന്നും കൂട്ടപ്രാര്‍ത്ഥന കൊണ്ടുണ്ടായില്ല, പക്ഷേ ഒരു ആത്മീയസൗഖ്യമണ്ടായതായി ബര്‍ണാട് ഉപദേശി പറഞ്ഞു. വിശ്വസിക്കുന്നവര്‍ കരങ്ങള്‍ അടിച്ച് പ്രാര്‍ത്ഥിക്കാന്‍ ഉപദേശി പറഞ്ഞു.
കരഘോഷം മുഴങ്ങുമ്പോള്‍ അറിയാതെ കൂടി. പിന്നതൊരു പതിവു ലഹരിയായി. പതുക്കെ പതുക്കെ പള്ളിയും പട്ടക്കാരും അവിടുത്തെ ചിട്ടവട്ടങ്ങളും തന്റെ ഉള്ളില്‍ നിന്നും പുറത്തായി. കമ്മലും മാലയും ധരിക്കുന്നതൊഴിവാക്കി. അമ്മച്ചിയെ പേടിച്ച് കനം കുറഞ്ഞ സ്വര്‍ണ്ണനൂലില്‍ പേരിനൊരു മിന്നുമാത്രം കെട്ടി.
'എല്ലാം ജഢവസ്തുവാണ്. ജീവിക്കുന്ന നമ്മുടെ പൊന്നു തമ്പുരാന്‍ ഇന്നു നമ്മേ സൗഖ്യമാക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം'
ബര്‍ണാട് ഉപദേശി തൊണ്ടകീറി, കരഘോഷം മുഴക്കി, ഇരു കൈകളും മുകളിലേക്കുയര്‍ത്തി അത്യുന്നതങ്ങളിലേക്ക് കണ്ണും നട്ട് പ്രാര്‍ത്ഥന തുടങ്ങി. കൂടാരമാകെ ഇളകി മറിഞ്ഞു. ഭ്രാന്തമായ ചേഷ്ടകളോടെ അവിടെ കൂടിയ മക്കള്‍ തുള്ളി ഉറയുന്ന ഉപദേശിയിലേക്ക് ചേക്കാറാനെന്നവണ്ണം മുന്നോട്ടാഞ്ഞു..... കരങ്ങള്‍ ഉയര്‍ത്തി.... കരഘോഷം മുഴക്കി. ഭക്തി അതിന്റെ പാരമ്യത പൂകി. പിശാചിന്റെ സന്തതികള്‍ കെട്ടുപാടുകള്‍ അറുത്ത് കൂടാരത്തിലാകെ ഗതി കിട്ടാതലഞ്ഞു. അവസാനം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പുറത്തേക്കു പാഞ്ഞു.
അലറിത്തുള്ളിയ മക്കള്‍ എങ്ങും തളര്‍ന്നു വീണു കിടക്കുന്നു, യുദ്ധക്കളം പോലെ. ഒരാള്‍ മാത്രം തല ഉയര്‍ത്തി എന്തൊക്കെയോ പിറുപിറുക്കുന്നു. അത് ബര്‍ണാട് ഉപദേശിയായിരുന്നു. താന്‍ അവിശ്വാസത്തോടെ, തെല്ലു പകച്ച് നോക്കവെ ബര്‍ണാട് ഉപദേശി ആംഗ്യഭാഷയില്‍ അടുത്തേക്കു വിളിച്ചു. യാന്ത്രികമായി കാലുകള്‍ ചലിച്ചു.... അങ്ങോട്ടേക്കു തന്നെ.
മുട്ടുകുത്താന്‍ ഒരുങ്ങവെ തന്നെ പിടിച്ചുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി. തമ്പേറു കൊട്ടി തഴമ്പുവീണ കരങ്ങള്‍ തലയില്‍ വച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.
'.... പുതിയ വെളിച്ചം തേടിയെത്തിയ ചിത്രശലഭം പോലെ, മകളെ നിന്നെ തമ്പുരാന്‍ കാണുന്നു. നിന്റെ പേര്‍ ചൊല്ലി സ്വര്‍ഗം വാതില്‍ തുറക്കുന്നു. അവനോ ഒന്നും കൊണ്ടു വന്നില്ല, അപ്രകാരം നീയും. എന്നാല്‍ വിശ്വാസത്താലത്രെ നാം പണിഞ്ഞത്. എത്രയും പെട്ടെന്ന് നീ തമ്പുരാനെ കൈക്കൊള്ളുക, സ്നാനപ്പെടുക ... മശ്റക്കം... മശ്റക്കം... ഹല്ലല ...ഹല്ലല ..മകടം ....മകടം ... മടാടമകടം ...മകടം ....മകടം ... മടാടമകടം ...'
'ഹല്ലേലൂയ്യ..... ഹല്ലേലൂയ്യ....സ്തോത്രം.... സ്തോത്രം....'
'സോത്രം സോത്രം '
അന്യഭാഷയുടെ ലാവയില്‍ കുത്തിയൊലിച്ചിറങ്ങിയത് അനുതാപത്തിന്റെ ചുടുകണ്ണീരായിരുന്നു. അനുഭവത്തിന്റെ ദൃഢചരിതവുമായി ദൈവമക്കളുടെ നിര നീണ്ടു.
കാലം എത്ര പെട്ടെന്നാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്....? തികഞ്ഞ ദൈവ വിശ്വാസം പള്ളിയില്‍ കാണാനാകാതെ കൂരിരുളില്‍ മുങ്ങവെ, എത്ര വേഗമാണ് നാഥന്‍ ഹൃദയത്തോട് തന്നെ ചേര്‍ത്തടുപ്പിച്ചത്....! ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുത പരമ്പരകള്‍ തന്നെ തീര്‍ക്കുന്നു.
കാന്‍സര്‍ പിടിച്ച് വഷളായി മെഡിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മരണത്തിനായി നടതള്ളിയ ചോലപ്പറമ്പിലെ ഓനാച്ചയന്‍ സൗഖ്യം പ്രാപിച്ചത് തമ്പുരാന്റെ കൃപയാല്‍ ബര്‍ണാട് ഉപദേശിയിലൂടെയാണ്. അഞ്ചു ദിവസത്തെ കൂട്ടപ്രാര്‍ത്ഥന, പിന്നൊരു ദിവസത്തെ ഉപവാസം, മൗനവൃതം. ഓനാച്ചായന്‍ തനിയെ വടിയും കുത്തി നിരത്തിലിറങ്ങാന്‍ തുടങ്ങി.
ആലിത്തോട്ടത്തിലെ മറിയാമ്മ വെല്ലൂരൊക്കെ പോയി ചികിത്സിച്ചതല്ലിയോ....? അവര്‍ക്ക് തലയില്‍ ചക്ക പോലത്തെ മുഴ വന്നു. ആദ്യമൊക്കെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്ക് വരുമ്പോള്‍ തലയിലൂടെ കട്ടിയുള്ള നേര്യതു പുതച്ച് മുഴ മറയ്ക്കും. പിന്നെ പിന്നെ അത് മറയ്ക്കാനാവാത്ത വിധം വലുതായി... അവര്‍ പുറത്തിറങ്ങാതായി. അച്ചന്‍ മുന്‍കൈയെടുത്താണ് അവരെ വെല്ലൂര്‍ക്ക് അയച്ചത്. പോയതു മാത്രം മിച്ചം. റേഡിയേഷന്‍ മൂലം മുടിയൊക്കെ കൊഴിഞ്ഞ് വികൃതമായാണ് തിരിച്ചെത്തിയത്. ഏതാണ്ട് വലിയ ഓപ്പറേഷനും നടത്തിയത്രെ.
വ്യസനിച്ച് മുറിയടച്ചിരുന്ന മറിയാമ്മ ചേടത്തിയെ കൂട്ട പ്രാര്‍ത്ഥനയിലൂടെ വീണ്ടെടുത്തത് ബര്‍ണാട് ഉപദേശിയാണ്. ഇന്ന് എവിടെ പ്രാര്‍ത്ഥനയുണ്ടെങ്കിലും ആദ്യമോടിയെത്തുന്നത് അവരാണ്. സദസ്സിനോട് സാക്ഷ്യം പറയുമ്പോളുള്ള അവരുടെ ചൈതന്യം ഒന്നു കാണേണ്ടതു തന്നെ.
യെശയ്യ പ്രവചനം നാല്പത്തിമൂന്നാം വാക്യം ചൊല്ലി അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കും -
'യഹോവാ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നു -'
'ഭയപ്പെടേണ്ടാ'
'ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു'
'നീ എനിക്കുള്ളവന്‍ തന്നെ'
'നീ വെള്ളത്തില്‍കൂടി നടക്കുമ്പോള്‍'
'അവ നിന്റെ മീതെ കവിയുകയില്ല'
'നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല'
'അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയില്ല'
'നിന്റെ ദൈവവും യിസ്രയിലിന്റെ പരിശുദ്ധനുമായ'
'യഹോവ എന്ന ഞാന്‍ നിന്റെ രക്ഷകന്‍'
'....ഹലേലൂയ്യ സോത്രം'
'സോത്രം സോത്രം സോത്രം '
നിരന്തര പ്രാര്‍ത്ഥനയിലൂടെ നിരവധി ആത്മാക്കള്‍ രക്ഷപ്രാപിക്കവെ താനറിയാതെ തമ്പുരാനോട് കൂടുതല്‍ അടുത്തു. ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുതങ്ങള്‍ തുടരുകയാണ്. നാട്ടിലും പുറംനാട്ടിലും പെരുമ പടരവെ എല്ലാ വെള്ളിയാഴ്ചകളും കൂട്ടപ്രാര്‍ത്ഥനക്കായി നീക്കി വെച്ചു. ജന്തുശാസ്ത്രം പഠിപ്പിക്കുമ്പോഴും അതിലെ പല ശാസ്ത്രതത്വങ്ങളും ദഹിക്കാതെ വന്നു. പ്രത്യേകിച്ച് സൃഷ്ടിയുടെ കാര്യത്തില്‍...! പാരമ്പര്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മെന്‍ഡലീഫിനെ എന്നേ പടിയടച്ചു പിണ്ഡം വെച്ചു... പകരം ഉടയതമ്പുരാന്‍ അരുളിയ സ്ത്രോത്രങ്ങള്‍ പഠനത്തിനിടയില്‍ തിരുകി ആത്മസൗഖ്യം നേടി.
പ്രബോധനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, നിരവധി സാക്ഷ്യങ്ങളിലൂടെ ഞാന്‍ അപരയായി മാറി... തമ്പുരാന്റെ തിരുസന്നിധിയിലെ നിത്യ സന്ദര്‍ശകയായി. ബര്‍ണാട് ഉപദേശി ഒരിക്കല്‍ റാന്നിയിലെ കൂട്ടപ്രാര്‍ത്ഥനക്കിടയില്‍ പറഞ്ഞതിപ്പോഴും മുഴങ്ങുന്നു.
'സ്ത്രോത്രം....സ്ത്രോത്രം... ഈ കുഞ്ഞേലിയാമ്മ ടീച്ചറിനെ നോക്കുവിന്‍ ദൈവമക്കളെ... അവന്‍ മണിമന്ദിരങ്ങളില്‍ പാര്‍ക്കുന്നവനല്ല എന്ന് തിരിച്ചറിഞ്ഞ് നമ്മോട് കൂടിയതാണ്. എല്ലാ കൂട്ടപ്രാര്‍ത്ഥനകള്‍ക്കും മുന്നിട്ടിറങ്ങുന്ന ടീച്ചര്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് ബയോളജിയാണ്. അതായത് മനുഷ്യന്‍ കുരങ്ങീന്ന് ഉണ്ടായതാണെന്ന്.... നിങ്ങള്‍ ചിരിക്കണ്ട.. സ്ത്രോത്രം ചൊല്ലുവിന്‍...'
'സ്ത്രോത്രം....സ്ത്രോത്രം... '
'മനുഷ്യന്‍ കുരങ്ങീന്നാണെങ്കില്‍ എന്റെ ദൈവമക്കളേ... ഞാന്‍ പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം കാഴ്ച ബംഗ്ളാവില്‍ വിനോദയാത്രക്ക് പോയിട്ടുണ്ട്. അവിടുത്തെ കുരങ്ങന്മാരുടെ വികൃതിത്തരങ്ങള്‍ കാണാന്‍ ബഹുകേമമാണ്. നമ്മുടെ കുഞ്ഞേലിയാമ്മ ടീച്ചറിന്റെ ശാസ്ത്രപ്രകാരം അതെല്ലാം ഇപ്പോ മനുഷ്യരായി കാണണമല്ലോ... ഇല്ലിയോ ടീച്ചറേ....?'
താനെന്തു പറയാന്‍... കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു... സ്ത്രോത്രം ചൊല്ലി...
'സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
'ഹാലേലൂയ്യ പാടി സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
അതിനിടയില്‍ ബര്‍ണാടുപദേശി ഇത്രയും കൂടി പറഞ്ഞു -
'...ടീച്ചര്‍ സ്കൂളിലൊക്കെ പഠിപ്പിക്കുന്നതല്ലിയോ.. സഭാകമ്പം വിട്ട് ഈ ദൈവപൈതലുകള്‍ക്കായി ഒന്ന് പ്രാര്‍ത്ഥിച്ചാട്ടെ...'
അവിടുന്ന് ആരംഭിച്ച പ്രാര്‍ത്ഥനയും പ്രസംഗവും ഇന്നും തമ്പുരാന്റെ കൃപാകടാക്ഷത്താല്‍ തുടരുന്നു. ഒരു ലഹരിയായി തന്നെ.. പക്ഷേ സ്കൂളിലെ അദ്ധ്യയനം താറുമാറായി. രണ്ടു വിശ്വാസങ്ങള്‍ തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ താന്‍ പരീക്ഷീണയായി. വര്‍ഷങ്ങളിലൂടെ നേടിയ ശാസ്ത്രവിജ്ഞാനങ്ങളെ വെറും ജഢവസ്തുവായി ബര്‍ണാട് ഉപദേശി അവതരിപ്പിക്കവെ, താനതിലൊരു തുഴയില്ലാ തോണിയായി ഉലയവെ, മിഥ്യാ ബോധതലങ്ങളില്‍ നീന്തിത്തുടിക്കവെ, എന്റെ പ്രയപ്പെട്ട കുഞ്ഞുങ്ങളെ ക്ലാസില്‍ കാണാനാകുന്നില്ല.... പകരം അവിടൊക്കെ ദൈവമക്കള്‍ ആത്മീയ ദാഹവുമായി നിരന്നിരിക്കുന്നു.....
ശരിയാണ്.... ഞാനിവിടെ കൂട്ടം തെറ്റിയ കുഞ്ഞാടു തന്നെ.....! 14/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

കഥ

അഞ്ചു പൈസ

ഏഴാമത്തെ പീരിയഡാണ്. ഈശ്വരി അമ്മ സാറ് പകരം വന്നിരിക്കയാണ്. ഉദ്ദേശം പഠിപ്പിക്കുകയല്ല, പിരിവാണ്. സായുധ സേനയുടെ അഞ്ചു പൈസ സ്റ്റാമ്പ് ഇന്നലെ തന്നിരുന്നു. അതില്‍ സേനാ ചിഹ്നവും, കുത്താ൯ മൊട്ടു സൂചിയുമുണ്ട്. ഞങ്ങളത് നെഞ്ചില്‍ അഭിമാനത്തോടെ കുത്തി നടക്കുകയാണ്.
ഞങ്ങളുടേത് ഇമ്മിണി വലിയ ക്ളാസാണ്. ആകെ നാല്‍പത് കുട്ടികളുണ്ട്......മൊട്ട അപ്പൂട്ട൯ മുതല്‍ കിലുക്കാംപെട്ടി ഭാഗ്യലക്ഷമി വരെ.
ഞങ്ങളുടേത് സൈഡ് ബഞ്ചാണ്, തീര്‍ന്നില്ല അതിന്റെ മറ്റേ പാതി ഒന്നാം ക്ളാസിലെ കുറച്ചു കുട്ടികള്‍ക്ക് പുറം തിരിഞ്ഞിരിക്കാനുള്ളതാണ്. തന്മൂലം അവിടം ഇന്ത്യാ പാക് അതിര്‍ത്തി പോലെ മിക്കപ്പോഴും സംഘര്‍ഷനിര്‍ഭരവും ആക്രോശഭരിതവും ആക്രന്ദനപൂര്‍ണവും ആയിരിക്കും. പുറം പുറത്തോടു ചേര്‍ത്തു വച്ചുള്ള ഉന്തും തള്ളും സര്‍വസാധാരണമാണ്. മിക്കപ്പോഴും ഞങ്ങളറിയാതെ പെ൯ഡുലം പോലെ ഒന്നാം ക്ളാസിലേക്കും രണ്ടാം ക്ളാസിലേക്കും മാറി മാറി ദോലന വിധേയമാകും.
'ബാബുമോ൯ വന്ന് പേരെഴുത്. ഞാനൊന്ന് ഒന്നാം സാറിനെ കണ്ടിട്ട് വരാം. നോക്ക്, ഈ പൈസ ആരും എടുത്തേക്കരുത്...!'
ഞാ൯ സസന്തോഷം ബുക്കും പേനയുമായി മേശക്കരികില്‍ നിന്നു. മേശപ്പുറത്ത് പൈസ എണ്ണി അടുക്കി വെച്ചിരിക്കുകയാണ്. എല്ലാം അഞ്ചു പൈസാ തുട്ടുകള്‍ പത്തെണ്ണം വീതമുള്ള നാല് അടുക്കുകള്‍.
ഞാ൯ ക്ളാസിലേക്ക് നോക്കി. എല്ലാവരും നിശബ്ദരാണ്. ഞാ൯ കൃത്യമായി പേരെഴുതുമെന്നും ഈശ്വരി അമ്മ സാര്‍ നല്ല അടി കൊടുക്കുമെന്നും അറിയാം. വീണ്ടും എന്റെ ദൃഷ്ടികള്‍ പൈസയില്‍ ഉടക്കി. ഞാ൯ അതില്‍ നിന്നും ഒരെണ്ണം പേരെഴുതുന്ന ബുക്കിനുള്ളിലേക്ക് അതിവേഗം ആരുടേയും കണ്ണില്‍ പെടാതെ തിരുകി വെച്ചു.
അവസാനത്തെ ബെല്ലടിക്കും മുമ്പായി ഈശ്വരിയമ്മ സാര്‍ വന്നു. സമയം പോയതിനാല്‍ വന്നപ്പോഴെതന്നെ പൈസ വീണ്ടും എണ്ണി. ഒരടുക്കില്‍ ഒരെണ്ണം കുറവായി കണ്ടു. ഉടന്‍ തന്നെ എന്നോട് ചോദിച്ചു -
'ബാബുമോന്‍, ഈ മേശയുടെ അരികില്‍ ആരെങ്കിലും വന്നായിരുന്നോ....?'
'വന്നു സാര്‍, ഇവരെല്ലാം വന്നായിരുന്നു. ... പകര്‍ത്ത് ബുക്കെടുക്കാന്‍- ഞാന്‍ ഉള്ളിലെ പരിഭ്രമം ഒതുക്കി പറഞ്ഞു.
'ശരി..എല്ലാരും ബെല്ലടിച്ചാലും അവിടെത്തന്നെ ഇരുന്നാല്‍ മതി. അല്ലെങ്കില്‍ അഞ്ചുപൈസ എടുത്ത കുട്ടി മുന്നോട്ടു വരിക... ഞാനടിക്കുകയും മറ്റും ചെയ്യത്തില്ല....!' അവര്‍ കൂട്ടിച്ചേര്‍ത്തു.
അവസാനമണി മുഴങ്ങി. അണപൊട്ടും പോലെ കുട്ടികള്‍ ആര്‍ത്തലച്ച് പുറത്തേക്കൊഴുകി. ആ പ്രവാഹത്തില്‍ നുരചിതറി ഒരു കണമാകാന്‍ കഴിയാത്ത ദുഃഖത്തോടെ ഞങ്ങളുടെ ക്ളാസ് മാത്രം അവിടെ ഇരുന്നു. സമയം അതിക്രമിക്കുകയാണ്. പ്യൂണ്‍ ബേബിയണ്ണന്‍ ജനാലകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കേട്ടു തുടങ്ങി. പുള്ളിക്കാരന്‍ ചെന്നിട്ടു വേണം പുലമണ്‍ ജംഗ്ഷണിലെ ജവാഹര്‍ ടാക്കീസില്‍ സിനിമ കാണിക്കാന്‍...? അവിടുത്തെ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പണി കൂടിയുണ്ട് പുള്ളിക്കാരന്.
കുട്ടികളില്‍ അസ്വസ്ഥത പടരാന്‍ തുടങ്ങി, അക്ഷോഭ്യയായി ഈശ്വരി അമ്മ സാറും. സാര്‍ സങ്കടത്തോടെ അതുമിതുമൊക്കെ പറയുന്നുണ്ട്. എല്ലാം സാരോപദേശങ്ങളാണ്. അവസാനം ഇങ്ങനെ പറഞ്ഞു -
'ശരി...ആരും പറയുന്നില്ലല്ലോ... ഞാന്‍ പരിശോധിക്കാന്‍ പോകുകയാണ്. അതിനു മുമ്പ് ഒരവസരം കൂടി തരുന്നു. ചെറിയ കളവിലൂടെയാണ് വലിയ കള്ളന്മാര്‍ ജനിക്കുന്നത്....?'
ഞാന്‍ ചുറ്റും ഒന്നു നോക്കി, എല്ലാവരും പേടിച്ചു നില്കയാണ്. എന്റെ ഉള്ളില്‍ മിശ്രവികാരങ്ങള്‍ അലയടിച്ചു. കുറ്റം ഏറ്റു പറഞ്ഞാലോ...? ച്ഛേ... വേണ്ട... വീട്ടില്‍ എല്ലാവരും അറിയും. അതുമല്ല നാളെ സാറുന്മാര്‍ വീട്ടില്‍ വരുമ്പോള്‍ (അവര്‍ ഭക്ഷണം കൊണ്ടു വന്ന് കഴിക്കുന്നതും പ്രാഥമികകൃത്യങ്ങള്‍ക്കായി വരുന്നതും എന്റെ വീട്ടിലാണ്. കൂടാതെ കൂട്ടികള്‍ക്കു നല്കുന്ന അമേരിക്കന്‍ ഉപ്പുമാവ് റവയും അതുണ്ടാക്കാനുള്ള ഡാല്‍ഡയും എണ്ണയും സൂക്ഷിക്കുന്നത് എന്റെ വീട്ടിലാണ്. അതിലെനിക്ക് വല്ലാത്ത അഭിമാനവും എന്റെ കൂട്ടുകാര്‍ക്ക് അസൂയയും ആണ്.) ഞാനെങ്ങനെ അവരെ നേരിടും. ഉം വേണ്ട... ഒരു വല്ലാത്ത ആത്മവിശ്വാസം എന്നുള്ളില്‍ നിറഞ്ഞു. ഞാന്‍ സധൈര്യം നിന്നു, മറ്റുള്ളവര്‍ പേടിച്ചരണ്ടും...!
39 കുട്ടികളെയും പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ല. അടുത്തത് എന്റെ ഊഴമാണ്. ഈശ്വരി അമ്മ സാര്‍ എന്നെ നോക്കി. ഞാന്‍ സാറിനെ നോക്കി പുഞ്ചിരി തൂകി നില്പാണ്. ഭാവം കണ്ടാല്‍ 'ഇതാ വരൂ...എന്നെ ഒന്ന് പരിശോധിക്കൂ...' എന്നാണ്. പെട്ടെന്ന് സാര്‍ ഒരു മറുചിരിയുമായി പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം.... ശരി..ആ അഞ്ചു പൈസ ഞാനെടുത്തോളാം..മതി..എല്ലാവരും പെട്ടെന്ന് വീട്ടില്‍ പൊക്കോളു...'
എല്ലാവരും കലപില ശബ്ദം മുഴക്കി സന്തോഷപൂര്‍വം മടങ്ങി. ഞാന്‍ മാത്രം കുറ്റിയടിച്ചതുപോലെ നില്കുകയാണ്. എല്ലാം അത്ഭുതമായി മാറുന്നു. പിടിക്കപ്പെടേണ്ട ഞാന്‍ പരിശോധനപോലുമില്ലാതെ കടന്നു പോയി. നിരപരാധികള്‍ അകാരണമായി പീഢിപ്പിക്കപ്പെട്ടു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇപ്പോള്‍ സാര്‍ മാത്രമേ റൂമിലുണ്ടാകൂ... അഞ്ചു പൈസ തിരികെ നല്കി മാപ്പു പറയാം. ഞാന്‍ റൂം ലക്ഷ്യമാക്കി നീങ്ങവെ കുടയും ബാഗുമായി നേരെ എതിരെ സാര്‍ വരുന്നു. ആ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. ഞാന്‍ ജാള്യതയോടെ ആ അഞ്ചു പൈസ നീട്ടി. പക്ഷേ സാര്‍ അങ്ങോട്ടൊന്ന് നോക്കുക പോലും ചെയ്യാതെ വീണ്ടും പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം....നീ എളുപ്പം വീട്ടില്‍ ചെല്ല്....'
ഞാന്‍ വീട്ടിലേക്ക് നടന്നു. ഈ അഞ്ചു പൈസ ഒരു ഭാരമായി എന്റെ ഉള്ളില്‍ വളരുകയാണ്. സ്കൂള്‍ മൈതാനം കഴിഞ്ഞ് റോഡിലേക്കിറങ്ങുന്നിടത്ത് ഒരു ചെറിയ ഓടയുണ്ട്. റെയില്‍വെ സ്റ്റേഷനു മുന്നിലെ ചന്ദ്രാ ഹോട്ടലിലെ മാലിന്യം മുഴുവന്‍ അതിലൂടെയാണ്. ഒഴുകുന്നത്, അല്ല കെട്ടിക്കിടക്കുന്നത്. ഞാന്‍ ചുറ്റും നോക്കിയിട്ട് ആ അഞ്ചു പൈസ കുപ്പത്തോട്ടിലേക്കെറിഞ്ഞു.
അഞ്ചു പൈസ കറുത്ത, കൊഴുത്ത അഴുക്കിലും കിടന്ന് തിളങ്ങുകയാണ്, കാര്‍മുകില്‍ കൂട്ടിലകപ്പെട്ട ഏതോ നിഷ്കളങ്ക ചന്ദ്രബിംബം പോലെ.
ശരിയാണ്... അവിടെ പതിക്കേണ്ടത് താനാണ്, താന്‍ മാത്രം....? 09/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

കഥ

ചിരുതേ .... മാപ്പു തരൂ..... !

മനുഷ്യാവകാശ കമ്മീഷനിലിലെ ഒരംഗം എന്ന നിലയില്‍ നിരവധി യാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ആ യാത്ര- അതേ ജീവിതയാത്ര തുടരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ നിസ്സംശയം പറയും - അത് വയനാട് തന്നെയാണ്. ആ നീലച്ഛവിയാര്‍ന്ന കുന്നുകളും പഞ്ഞിക്കെട്ടുകള്‍ പറന്നു നടക്കും പോലുള്ള മേഘങ്ങളും നീര്‍ചോലകളും ഹൃദയഹാരികളാണ്.
കമ്മീഷന്റെ ജൂണ്‍ ഒന്നാം തീയതിയിലെ സിറ്റിങിന് ഞാനുമുണ്ടായിരുന്നു. ഇത്തവണ, ആവലാതികളും ദുരിതങ്ങളും കീറഭാണ്ഡങ്ങളായി മുതുകിലേന്തി തളര്‍ന്നവര്‍, കൂനിക്കൂടിയവര്‍, അനേകം വന്നു. വയനാട്ടിലെ ഊരുകളില്‍ വാറ്റിന്റെ മണമുയരുമ്പോള്‍, കുന്നുകളില്‍ കഞ്ചാവ് പൂത്തുലയുമ്പോള്‍ പിടയുന്നത് പെണ്‍മനമാണ്, അമ്മമാരുടെ ഉള്ളിലെ പേടമാനുകളാണ്. പണ്ടൊക്കെ പെണ്‍മക്കളുടെ അമ്മമാര്‍ക്ക് വേപഥുപൂണ്ടാല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ കാലപ്രവാഹത്തില്‍ ആണ്‍ - പെണ്‍ ഭേദമില്ല, അമ്മയ്കുപോലും മോചനമില്ല.
കാട്ടിലെ മൃഗങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. വേട്ടയാടുവാന്‍ ക്ഷാമം നേരിടുകയാണ്. നഗരവാസികള്‍ക്ക് ആദിവാസികളുടെ ചോരയും നീരും അവകാശമാണ്., അമൃതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രതിബന്ധങ്ങളും അവര്‍ക്ക് പ്രശ്നമല്ല.
സുഗതകുമാരി ടീച്ചറും അവരുടെ സ്വര്‍ഗഗേഹമായ 'അഭയയും' സമൂഹത്തിന് ഒരു വലിയ സാന്ത്വനം തന്നെയാണ്. എന്റെ അമ്മയോടൊപ്പം ബി.എഡിന് പഠിച്ച അവര്‍ ഒരു വലിയ മനുഷ്യ സ്നേഹിയും മാതൃതുല്യയുമാ​ണ്. അവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സിറ്റിങിലാണ് വയനാട്ടിലെ ചിയമ്പൂരില്‍ നിന്നുള്ള ആ അമ്മ, ചിരുത കോപം കൊണ്ട് പൊട്ടിത്തെറിച്ചത്. എത്ര കാര്യവിവരമുള്ളവരെപ്പോലെ അവര്‍ പരാതി പറയുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കമ്മീഷന്റെ മുമ്പാകെ ഒരു വാങ്മയചിത്രമായി കാട്ടുന്നു.
'പേടിയാണെനിക്ക് .... വലിയ പേടി. പേടിച്ച് പനി പിടിച്ച് ഞങ്ങള്‍ വിറയ്ക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണ്?' - അവള്‍ തന്റെ കണ്ണുകള്‍ വിടര്‍ത്തി, നെറ്റിയിലേക്കൂര്‍ന്നുവീണ കുറുനിരകള്‍ മാടിയൊതുക്കിപ്പറഞ്ഞു.
പുറത്തേക്കുനോക്കി അവിടെ ആരൊക്കെയോ നില്കും പോലെ ഭയന്ന്, എന്നാല്‍ ധൈര്യമായി തന്നെ അവള്‍ പറഞ്ഞു.- 'അവര്‍ വല്ലാത്ത ആളുകളാണ്. എന്നും ഊരില്‍ എവിടുന്നെന്നറിയാത്ത ചിലരൊക്കെ വരും. ചാരായം വാറ്റും, കഞ്ചാവ് കൃഷിയുമാണ് നിറയെ. എന്തിനും പോന്നവര്‍, ഏത് കൃത്യവും ചെയ്യുന്നവര്‍....'
ഭയക്കാതെ ധൈര്യമായിരിക്കാന്‍ ഉപദേശിക്കവെ അവര്‍ ദൈന്യതയോടെ ടീച്ചറിന്റെ മെലിഞ്ഞ നീണ്ട കരങ്ങള്‍ മുറുകെ പിടിച്ച് പുലമ്പി -'അമ്മാ ഭയമായിരുക്ക്, ...രൊമ്പ കഷ്ടമായിരുക്ക്. നീ താന്‍ കാപ്പാത്തണം. ഏന്‍ കുളന്തൈ, ....രാജമാണിക്യവും ശിത്തിരയും..... വരുന്ന ആടിയില്‍ ശിത്തിരയ്ക്ക് വയസ്സ് പന്ത്രണ്ടാവും. അമ്മാ നീ എന്നെ വിട്ടു കൊള്ളു. ഇന്ത കുളന്തകളെ രച്ചിക്കണം. അവര്‍ ചീത്തയായിപ്പോകും...'
ആ അമ്മയുടെ പരിദേവനത്തിനിടയില്‍ ഞാനവരെ ശ്രദ്ധിച്ചു. സുന്ദരിയാണവര്‍. കാട്ടിനുള്ളില്‍ വിടര്‍ന്ന ഒരു നീര്‍മാതളപ്പൂവുപോലെ സുഭഗയാണവള്‍. ആരെങ്കിലും, അതേ നഗരവാസികളില്‍ ആരെങ്കിലും ഒരുക്കിയ ചതിയുടെ ബാക്കിപത്രം. തന്റെ കുഞ്ഞുങ്ങളെ ഈ വന്യമൃഗയാവിനോദത്തില്‍ നിന്നും മുക്തരാക്കുവാന്‍ കേഴുകയാണിവര്‍.
ഉപദേശങ്ങളിലൂടെ അവര്‍ക്ക് സാന്ത്വനാമൃതം പകരാന്‍ ഒരുങ്ങിയ മറ്റൊരു കമ്മീഷനംഗം ജോര്‍ജ്ജിനെ പുച്ഛത്തോടെ നോക്കിയിട്ട് അവര്‍ വീണ്ടും ടീച്ചറിന്റെ കരുണാദ്രമായ മിഴികള്‍ നോക്കി പരിദേവനം ചൊല്ലി. -'തായേ എന്‍ കുളന്തകള്‍ മുടിഞ്ഞുപോവും. നിജമാ അവരെ ചീത്തതാന്‍ ആക്കും. എന്നുടെ രാജമാണിക്യം പള്ളിക്കൂടം കണ്ടിട്ട് ഇരണ്ടു വര്‍ഷമായി. ശിത്തിരയ്ക് ഭയമായിരുക്ക്. അവളെ മൂന്നു തവണ കാട്ടിലേക്കു കൊണ്ടുപോകാന്‍ തെമ്മാടികള്‍ ശ്രമിച്ചമ്മാ.... നിങ്കത്താന്‍ അവരെ പള്ളിക്കൂടത്തിലയക്കണം.... കാപ്പാത്തണം....രച്ചിക്കണം....'
തമിഴും മലയാളവും കൂടിക്കലര്‍ത്തിയ അവരുടെ 'പേച്ച്' ഒരു മാരി തോര്‍ന്നതുപോലെ നിന്നു. ഞാന്‍ ടീച്ചറിനെ ശ്രദ്ധിച്ചു. ആ മിഴികള്‍ സജലങ്ങളായിക്കഴിഞ്ഞിരിക്കുന്നു. നെറ്റിത്തടം വലിഞ്ഞുമുറുകി. മാതൃത്വത്തിന്റെ പൊന്‍ശലാകകള്‍ വേദനയാര്‍ന്ന് വലിഞ്ഞ് പൊട്ടാറായിരിക്കുന്നു.
ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചു. അവര്‍ പഠിച്ചിരുന്ന ശാന്തിഗിരി സ്കൂളില്‍ ഞങ്ങള്‍ പിറ്റേന്നു തന്നെ ആ അമ്മയേയും കുട്ടികളേയും കൂട്ടിച്ചെന്നു...... ടി.സി. വാങ്ങുവാന്‍, ......അനന്തപുരിയിലുള്ള അഭയത്തിന്റെ ചിറകിന്നടിയില്‍ സുരക്ഷിതരാക്കുവാന്‍....
പേരുപോലെ പ്രശാന്തസുന്ദരമായ ഒരു കുന്നിന്‍മുകളിലാണ് സ്കൂള്‍. മിഷണറിമാരുടേതാണ്. സിസ്റ്റര്‍ ഫിലോമിന എന്ന വെളുത്തു തുടുത്ത മദ്ധ്യവയസ്കയാണ് പ്രിന്‍സിപ്പല്‍. പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്ത അവര്‍ ഞങ്ങളുടെ ആഗമനോദ്ദേശം അറിയവെ മുഖം താഴ്ത്തിയിരുന്നു, ഏതോ പ്രാര്‍ത്ഥനാനിരതയായ മെഴുകുപ്രതിമപോലെ.
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്റെ ഖഡ്ഗം പുറത്തെടുക്കവെ ആ മെഴുകുപ്രതിമ മെല്ലെ ചലിച്ചു, കരുണയ്ക്കായി ഉരുകിയൊഴുകി. അവര്‍ ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ടീച്ചറോടു കേണു - 'ഇക്കൊല്ലം കുട്ടികള്‍ വളരെ കുറവാണ്. കഷ്ടിച്ച് ബ്രിമ്മിലെത്തിക്കാനേ കഴിഞ്ഞുള്ളു. ഈ രണ്ടു കുട്ടികളെ കൊണ്ടുപോയാല്‍ പ്രശ്നമാണ്.. ടീച്ചറൊന്ന് രക്ഷിക്കണം.'
വളരെക്കാലം അധ്യാപികയായിരുന്നതിനാലാവാം ടീച്ചര്‍ വളരെ സൗമ്യയായി പറഞ്ഞു - 'ശരി, ഞങ്ങള്‍ കൊണ്ടുപോകുന്നില്ല. ഈ രണ്ടു കുട്ടികളേയും ഇവിടുത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കണം.'
മെഴുകുപ്രതിമ ഉരുക്കു പ്രതിമയായി. ആ പരിണാമം വളരെ പെട്ടെന്നായിരുന്നു. - നോക്കു ടീച്ചര്‍ ഇതു വളരെ റസ്പെക്റ്റഡ് ആയുള്ള സ്ഥാപനമാണ്. ഹോസ്റ്റലില്‍ ഇത്തരം കുട്ടികള്‍ പറ്റില്ല. ഇത് വളരെ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കും. നാട്ടിലെ കുട്ടികള്‍ എതിര്‍ക്കും, രക്ഷകര്‍ത്താക്കളും. അതുകൊണ്ട് പ്ലീസ് അങ്ങനെ നിര്‍ബന്ധിക്കരുത്. അവര്‍ അവരുടെ ഊരില്‍ തന്നെ മുമ്പത്തെപ്പോലെ താമസിക്കട്ടെ,..... ഹാജര്‍ ഞങ്ങള്‍ കൃത്യമായി നല്‍കാം. എന്താ ടീച്ചറേ.....? അവര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
'സാധ്യമല്ല. അവരുടെ ഊരില്‍ പ്രശ്നമുള്ളതുകൊണ്ടാണ് ടി.സി. വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു കാര്യം ചെയ്യു..... അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ അപേക്ഷ സ്വീകരിച്ച് ടി.സി. എഴുതിക്കൊള്ളു.' ടീച്ചര്‍ അക്ഷോഭ്യയായി പറഞ്ഞു നിര്‍ത്തി.
പുറമെ അക്ഷോഭ്യയെങ്കിലും ടീച്ചറിന്റെ ഉള്ളിലെ വികാരം വായിച്ചെടുക്കാം, ആ ചലനങ്ങളില്‍, ആ വീക്ഷണങ്ങളില്‍. സിസ്റ്ററിന്റെ പിന്‍വശത്തായി തറച്ചിരിക്കുന്ന യേശുദേവന്റെ ക്രൂശിത ചിത്രത്തില്‍ തന്നെ അവര്‍ കണ്ണും നട്ടിരിക്കുകയാണ്. തിരുമുറിവുകളുടെ എണ്ണം വീണ്ടും വീണ്ടും സേവനത്തിന്റെ പേരില്‍ കൂട്ടുന്ന മനുഷ്യപുത്രരെ ഓര്‍ത്ത് ആ മഹാനായ മനുഷ്യപുത്രന്‍ തേങ്ങുന്നുണ്ടാവും.
'അത് ടീച്ചറെ, സ്ട്രെങ്ത് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഈ കേസിന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കാം. ഏതായാലും സിക്സ്ത് വര്‍ക്കിങ്ഡേ കഴിയട്ടെ. ടി.സി.ഉറപ്പായി തരാം.' അവര്‍ തെല്ലു ജാള്യതയോടെ, ആവശ്യകതാബോധത്തോടെ അപേക്ഷിച്ചു.
കമ്മീഷന്റെ ഇത്തവണത്തെ സിറ്റിങ് കഴിഞ്ഞ് വളരെ ഖിന്നരായാണ് ഞങ്ങള്‍ മടങ്ങിയത്. മേഘപ്പഞ്ഞിക്കൂട്ടങ്ങളെ നെറുകയില്‍ വെച്ച് ഉമ്മവെയ്ക്കുന്ന വയനാടന്‍ കുന്നുകളും ചുറ്റിപ്പിണയുന്ന ചേതോഹാരിയായ ചോലകളും എന്റെ മനസ്സിലേക്ക് ഇത്തവണ കടന്നു വന്നില്ല. അര്‍ദ്ധനഗ്നാംഗിയായ ആ വനസുന്ദരിയും അവരെ സൗന്ദര്യത്തില്‍ വെല്ലുന്ന നീലക്കണ്ണുള്ള മകളും ചെമ്പന്‍മുടിക്കാരനായ മാണിക്യവും ഹൃദയമുകുരങ്ങളില്‍ മാറി മാറി മിന്നിത്തെളിയുന്നു, .... മറയുന്നു. മാനുഷികഭാവം ഉറഞ്ഞുകൂടി കാരുണ്യമൂര്‍ത്തിയായിത്തീര്‍ന്ന സുഗതകുമാരി ടീച്ചറിന്റെ സജലമിഴികള്‍ എന്നെ ഇപ്പോഴും വല്ലാതെ അസ്വസ്ഥനാക്കുന്നു.
അനന്തപുരിയിലെ തിരക്കേറിയ വീഥികളില്‍ പരസ്പരം മുട്ടിയും തട്ടിയും നീങ്ങുന്ന ജനാവലികള്‍ക്കിടയില്‍, ജീവിതസമരത്തിന്റെ തീച്ചൂളകള്‍ക്കിടയില്‍, ഞാന്‍ മുങ്ങവെ, വയനാടിന്റെ നൊമ്പരം മറന്നു പോയി. പുതിയ പ്രശ്നങ്ങളും പരിവേഷങ്ങളും എന്നെ വന്നു പൊതിയവെ, ഒക്കെ മറന്നു.
മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്ര പതനധ്വനിയും പത്രക്കാരന്റെ ചിരപരിചിത മണിയടിയും എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുകയാണ്. ആവി പറക്കുന്ന മധുരമിടാത്ത ചായ നിറച്ച കപ്പ് ചുണ്ടോട് ചേര്‍ത്ത്, മറുകൈയാല്‍ പത്രത്താള്‍ നിവര്‍ത്തവെ, തലവാചകം എവിടെയോ ഉടക്കി....അകതാരിന്റെ ഉള്ളിലാവാം. ഞാന്‍ ചുണ്ടോടടുപ്പിച്ച പാനീയം താഴെ വെച്ച്, ചായ മൊത്തിക്കുടിച്ച് പത്രത്താളുകള്‍ പരതുന്ന പതിവ് ഉപേക്ഷിച്ച്, വായനയില്‍ മുഴുകി.
'വയനാടന്‍ കുന്നുകള്‍ വീണ്ടും നിണമണിഞ്ഞു' - തലവാചകം അതാണ്. വളരെ വേഗം അതിനു താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ദൈവമേ, ഇത് അവളാണല്ലോ? ചിരുത.... അമ്മയ്ക്ക് മാനവും ജീവനും കൂടിയാണ് നഷ്ടപ്പെട്ടത്. മകള്‍ക്ക് മാനവും ശിഷ്ടജീവിതവും. എതിര്‍ത്ത മാണിക്യത്തിന്റെ തല തല്ലിപ്പൊട്ടിച്ചിരിക്കുന്നു. പത്രം വലിച്ചെറിഞ്ഞ് ടീച്ചറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഫോണിനടുത്തേക്ക് നീങ്ങവെ, ഫോണ്‍ മുരണ്ടു. റിസീവര്‍ കൈയിലെടുത്ത് കാതോടു ചേര്‍ത്തു. മെല്ലെ 'ഹലോ' എന്നു പറയവെ മറുതലയ്ക്കല്‍ ടീച്ചറിന്റെ മുഴക്കമുളള ശബ്ദം. 'കുമാര്‍, ഒക്കെ വെറുതെയായല്ലോ?നമുക്കവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ...? ആ മകളെയെങ്കിലും നമുക്ക് അഭയയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ.....?'
റിസീവര്‍ യാന്ത്രികമായി താഴെ വെച്ച് ഞാനകലെ അഗസ്ത്യപര്‍വ്വതനിരകളില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിയുന്നത് ശ്രദ്ധിച്ചു. കുന്നിന്റെ മൂര്‍ദ്ധാവില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോരച്ചാലുകള്‍പോലെ അത് താഴ്വരയാകെ പരക്കുകയാണ്..... ശരിക്കും ചോര തന്നെ!
പെട്ടെന്ന് എനിക്ക് പച്ചച്ചോരയുടെ തീഷ്ണഗന്ധം അടുത്തനുഭവപ്പെട്ടു. ആ ചോരക്കളത്തില്‍ ചിലമുഖങ്ങള്‍ പിന്നീട് തെളിഞ്ഞു വന്നു. വയനാടന്‍ കാടുകളില്‍ കാമവെറിക്കു വിധേയരായി മകളെ രക്ഷിക്കാന്‍ ശ്രമിക്കവെ കൊലക്കത്തിക്ക് വിധേയയായ ചിരുതയുടെ മുഖം. തൊട്ടടുത്ത് പ്രഥമസംഗമത്തിന്റെ പരിക്കേറ്റ് പിടയുന്ന ശിത്തിരയുടെ മുഖം.
ഞാന്‍ പെട്ടെന്ന് മുഖം താഴ്ത്തി, .....ലജ്ജയോടുതന്നെ.

കഥ

ദാരികവധം

ഇല്ലിക്കുന്നിന്റെ നെറുകയില്‍ ഉച്ചവെയിലിന്റെ തിറയാട്ടക്കാര്‍ ആലസ്യത്തിലാണ്ടുമയങ്ങി. കാല്‍ചിലമ്പുകള്‍ ഉടഞ്ഞുവീണ വഴിത്താരയില്‍ മുത്തും പൊന്നും തേടിയെത്തിയ ബാല്യകുതൂഹലങ്ങളില്‍ ഞാനെന്റെ നിഴലിനെ തേടി. ...ഒക്കെ വ്യര്‍ത്ഥം. അവയൊന്നും എന്റെ മുഖത്തിന് ചേര്‍ന്നതല്ല. എന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റ നിമിഷത്തിന്റെ മൂളലില്‍, മുരള്‍ച്ചയില്‍ എല്ലാം അടങ്ങിയപോലെ.
ദര്‍ശനം കഴിഞ്ഞ് മടങ്ങവെ, ധവളപുഷ്പാഭിഷിക്തയായ ഞാറയുടെ തണലില്‍ ഒരു പുതിയ ദേവീ വിഗ്രഹം കണ്ടു. മഷിയെഴുതിയ കണ്‍കോണുകളിലൂടെ മഴച്ചിമിഴു പോലെ അശ്രുകണങ്ങള്‍ പൊഴിയാതെ പൊഴിയാന്‍ വെമ്പിനിന്നു. വേനലില്‍ കുരുത്ത മഴയുടെ ആദ്യ ഗന്ധവുമായി കാറ്റ്, അവളുടെ ഉടയാടയില്‍ ഉടക്കി നിന്നു. നിമീലിത നേത്രങ്ങളില്‍ നാണം ഊയലാടി. മെല്ലെ പറന്നുയരുന്ന പാവാടത്തുമ്പുയര്‍ത്തി അവള്‍ നടന്നു, പഥികനായി പിന്‍തുടര്‍ന്ന് എന്റെ മോഹവും.
....പൂവിട്ട മോഹങ്ങളുടെ ബാക്കിപത്രമായ ആദ്യത്തെ കണ്മണിയെ തൊഴീക്കുവാന്‍ അവളുടെ നാട്ടിലെ പ്രസിദ്ധമായ ഈ ദേവിയുടെ മുന്നില്‍ ഞങ്ങള്‍ എത്തിയിരിക്കുകയാണ്. എനിക്കിത് ഭക്തിയേക്കാളുപരി കടപ്പാടിന്റെ ദര്‍ശനമാണ്. രണ്ടുവര്‍ഷം മുമ്പുള്ള ഉത്സവത്തിമര്‍പ്പില്‍ ഞാനവളെ കണ്ടുമുട്ടിയത് ഇവിടെ വെച്ചാണ്. ഇവിടുത്തെ ഞാറയുടെ ചോട്ടില്‍ വെച്ചാണ്....പട്ടാളക്കാരനായ എന്നില്‍ മോഹാങ്കുരങ്ങള്‍ നിറച്ചത് ദേവിയല്ലേ? ആ ദേവിയുടെ തിരുനാളില്‍ ഭരണി തൊഴീക്കല്‍ മുടക്കാമോ?
തൂക്കച്ചാടുകള്‍ ഉഴുതുമറിച്ചിട്ട വീഥികളിലൂടെ നിഴലായി പിന്‍തുടര്‍ന്ന് വലം വയ്ക്കവെ, നടക്കല്ലില്‍ കുട്ടിയെ കിടത്തി ചോറു കൊടുക്കവെ, അകലെ കാവിലെ പനയോലകള്‍ ശബ്ദമുഖരിതമായി. പടുകൂറ്റന്‍ ഞാറമരത്തിലെ തത്തകള്‍ ചിലച്ചു. തൂക്കക്കാരുടെ ചുട്ടികുത്തല്‍ പുരക്കരികിലെ തണലില്‍ കരക്കാരുടെ ആവേശവും ആത്മാഭിമാനവും ലഹരിയായി നുരഞ്ഞു.
പടയണി മേളത്തികവില്‍ വേഷങ്ങള്‍ തേടിയെത്തിയ ഭൂതങ്ങള്‍ .... പലരിലായി .....പലവട്ടം ആവേശിച്ചു. ദാരികന്‍ തെയ്യവും മച്ചകത്തു ഭഗവതിയും ഉറഞ്ഞിടുന്ന കളത്തട്ടില്‍ വെടിവട്ടം പറയാന്‍ കൂടിയ ജനം പേടിച്ചു വിറച്ചു. ഭയം രോമകൂപങ്ങളിലൂടെ നിണമണിഞ്ഞ കുമിളകളായി പൊട്ടിവിടര്‍ന്നു. വായ്ത്താരികളും കണ്ണേറുകളും പൊയ്വേഷമിട്ട നാലമ്പലത്തിലാകെ കനത്ത നിശബ്ദത തളം കെട്ടി. നിമിഷം പോലും കനം തൂങ്ങി നിന്ന തൂണുകളുടെ മറവില്‍, അവയുടെ ഉള്ളിന്റെ ഉള്ളില്‍ നിന്നുമായി പുതിയ നരസിംഹങ്ങള്‍ അലറിവിളിച്ചെത്തുന്നത് പലരും കണ്ടു ഭയന്നു. മനസ്സാകെ ഭീതിയുടെ കുതിരകള്‍ ചവുട്ടിക്കുഴച്ചിട്ട കേദാരമായി. ഇടയ്ക്കിടെ ഭയത്തിന്റെ വിത്തെറിയുന്ന കോമരങ്ങളുടെ ആരവഭേരികള്‍.... ഭയം തണുത്തുറഞ്ഞു നിന്നു, എവിടെയും....
'കുഹോ.... കുഹോ....' രക്തചാമുണ്ഡിയുടെ വരവാണ്. ചരല്‍ക്കല്ലുകള്‍ നാലുപാടും ചവുട്ടിത്തെറിപ്പിച്ച് കുണ്ഡലങ്ങളും കച്ചമണികളും കിലുക്കി ....ഉടവാളിലെ പൊന്‍ചിലമ്പുകള്‍ വാനിലുയര്‍ത്തിക്കറക്കി, സ്ത്രീകളുടെ കുരവമേളത്തിമര്‍പ്പിനിടയിലൂടെ,...ഭയന്നൊഴിയുന്ന ഊരാളവര്‍ഗ്ഗത്തിന്റെ നെഞ്ചിലൂടെ ചവിട്ടിക്കയറി, ...തീച്ചാമുണ്ടിയുടെ വരവാണ്.
അമ്മമാര്‍ കുട്ടികളെ തങ്ങളുടെ മാറോടു ചേര്‍ത്തമര്‍ത്തിപ്പിടിച്ച് കരച്ചിലടക്കുകയാണ്. യുവതികള്‍ പിന്നിലേക്കൊതുങ്ങി തൊഴുകയ്യോടെ മംഗലാതിര രാവുകള്‍ക്കായി മന്ത്രിക്കുന്നു.
ദേവീ മന്ത്രങ്ങളും സ്തുതികളും പാടിത്തളര്‍ന്ന് പൊടിയില്‍ മുങ്ങി അവശനായ ചാമുണ്ഡിയുടെ നാവില്‍ ആക്രോശങ്ങള്‍ ഉച്ചണ്ഡമുയര്‍ന്നു. വിശപ്പിന്റെ വിളിയും പൈദാഹവും, പ്രായത്തിന്റെ പരുക്കേല്പിച്ച മെയ്യില്‍ മറ്റൊരു ചാമുണ്ഡിയായി ഉള്ളിലുറഞ്ഞുനിന്നു.
'രക്തം ....രക്തം .... എനിക്ക് രക്തം വേണം.... അമ്മേ ഭഗവതീ.... എനിക്ക് ദാഹിക്കുന്നു...രക്തം...രക്തം.... ' ചാമുണ്ഡി ഉച്ചത്തില്‍ ഉറഞ്ഞുതുള്ളി. ബീഭത്സതയില്‍ കണ്ണുകള്‍ തീക്കനലുകളായി. ചെന്തീച്ചൂളകളില്‍ മണ്‍കട്ടകള്‍ ചുട്ടു പഴുത്തു. കറങ്ങിച്ചുറ്റുന്ന കണ്ണുകള്‍ അമ്മമാരുടെ ഒക്കത്തെ കുഞ്ഞുങ്ങളില്‍ തറഞ്ഞു നിന്നു.
'ആരും എനിക്ക് രക്തം തരില്ലേ... തരൂ...അമ്മേ...രക്തം ...രക്തം വേണം... എനിക്കു ദാഹിക്കുന്നു...' ചാമുണ്ഡിയുടെ പരിദേവനങ്ങള്‍ വീണ്‍വാക്കുകളായി. അമ്മമാരുടെ നെഞ്ചോടൊട്ടി കുട്ടികള്‍ അഭയത്തുരുത്തുകള്‍ തീര്‍ത്തു. കുട്ടികളെ ഒന്നുകൂടി മുറുകെ പിടിച്ച് അവരുടെ മൂര്‍ദ്ധാവില്‍ അമ്മമാര്‍ രക്ഷാമുദ്ര നല്‍കി. ഭക്തരുടെ മനമുണരാത്തതില്‍ കുപിതനായി സ്വന്തം ശിരസ്സില്‍ അയാള്‍ ആഞ്ഞാഞ്ഞ് വാള്‍ വീശി.
'ഹും...രക്തം..ഹും...രുധിരം .... ' ഓരോ വെട്ടിലും അയാള്‍ ഉറഞ്ഞാടി. പാറിപ്പറന്ന മുടിയിഴകളിലൂടെ, വിയര്‍പ്പും ചോരയും കലര്‍ന്ന് ഒഴുകി. നെറ്റിത്തടത്തിലൂടെ....കണ്‍പീലിയിലൂടെ....അത് മുഖമാകെ പടര്‍ന്ന് ഒഴുകി. അധരങ്ങളില്‍ ശോണമുത്തുകളായി അവ തങ്ങി നിന്നു. മെല്ലെ.... അവ അടര്‍ന്നു വീഴാന്‍ തുടങ്ങവെ ചാമുണ്ഡി സ്വന്തം നാവാല്‍ അത് വലിച്ചെടുത്തു. രക്തദാഹിയായി വീണ്ടും വീണ്ടും ഉറഞ്ഞു നിന്നു.
'ഇത്ര നല്ല ചാമുണ്ഡിവേഷം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല! 'തൊട്ടടുത്തു നിന്ന വൃദ്ധന്‍ മറ്റൊരാളിനോട് പറഞ്ഞു.
'ശരിയാ ... ഗോവിന്ദനാശാനല്ലേ ...കലക്കും ' മറ്റേയാള്‍ പ്രതിവചിച്ചു.
'ദേവി നിശ്ചയമായും അയാളില്‍ അനുഗ്രഹിച്ചിരിക്കുന്നു.....അമ്മേ ഭഗവതീ .....കാത്തു കൊള്ളേണമേ.........!' വൃദ്ധന്‍ പ്രാര്‍ത്ഥനാനിരതനായി ഇമകള്‍ പൂട്ടി നിന്നു.
ഭക്തജനപ്രതികരണത്തിന്റെ ഏതോ ശകലം ആരവങ്ങള്‍ക്കിടയില്‍ അയാള്‍ കേട്ടു. ഉള്ളിലുറയുന്ന നൈരാശ്യത്തോടെ അയാള്‍ അവരെ നോക്കി മെല്ലെ പിറുപിറുത്തു. 'കഴിഞ്ഞ മൂന്നു ദിവസമായി വല്ലതും കഴിച്ചിട്ട്. കുട്ടികളുടെ വിശന്ന വയറിനു മുന്നില്‍ എന്തു നല്‍കി നിറയ്കും. അങ്ങനെയാണ് 81 വയസിലും രോഗപീഢക്കിടയിലും താന്‍ ചാമുണ്ഡിവേഷം കെട്ടാന്‍ തയ്യാറായത്. കയ്യൊക്കുന്നിടത്ത് മനസ്സൊക്കുന്നില്ല. അവശത ഒരു കൊടിച്ചിപ്പട്ടിയെപ്പോലെ ഉമ്മറത്ത് വാലും ചുരുട്ടി കിടക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. '
രുധിരാഭിഷേകത്താല്‍ ചോപ്പണിഞ്ഞ ചാമുണ്ഡി ഭക്തജനങ്ങളുടെ ഇടയിലേക്ക് ആവേശത്തോടെ പാഞ്ഞുനടന്നു. എങ്ങും ദേവീസ്തുതികള്‍ മാത്രം. പ്രകൃതിപോലും പകച്ചു നില്കേ അയാളില്‍ ഭക്തി അതിന്റെ പാരമ്യത പൂകി.
'രക്തം ....രക്തം... ' ഒരേയൊരു പല്ലവി മാത്രം മുഴക്കി, അധികാരത്തിന്റെ അഹംഭാവത്തോടെ താല്കാലികമായ അപ്രമാദിത്വത്തോടെ അയാള്‍ നടന്നു. അലറിക്കരയുന്ന കുട്ടികളെ കണ്ട് അയാളുടെ ഉള്ളത്തില്‍ ചിരി ഉയര്‍ന്നു. ഗൂഢമന്ദസ്മിതം തൂകി അയാള്‍ ഓരോ കുട്ടിയേയും എടുത്ത് അമ്മാനമാടി. അതയാളുടെ അന്നത്തെ അവകാശമാണ്. കല്പിത കഥകളിലൂടെ ദേവി അന്ന് അയാളില്‍ കുടി കൊള്ളുമ്പോള്‍ ആരെയും അയാള്‍ക്ക് അനുഗ്രഹിക്കാം. ആരിലും ശാപവചസ്സുകള്‍ ചൊരിയാം. കുട്ടികളുടെ തലയില്‍ കൈയുഴിഞ്ഞനുഗ്രഹിച്ച്, ദേവിയുടെ കുങ്കുമം തൊടുവിച്ച് അമ്മയ്ക്കു തന്നെ തിരിച്ചേകി. ദക്ഷിണയുടെ ഭാരത്താല്‍ മടശീല കനംതൂങ്ങി.
'പോരാ .... പോരാ ... എനിക്ക് രക്തം വേണം... എനിക്ക് ചോര തരൂ.... ' അയാള്‍ ഭ്രാന്താവേശത്തോടെ ക്ഷേത്രത്തറയാകെ ഇളക്കിമറിച്ചു. അവിടമാകെ കനം തൂങ്ങുന്ന ചുവടുകള്‍ വച്ച് വിറപ്പിച്ചു. ഭക്തരുടെ മാറിലൂടെ തന്നെ ഭീതിയായി അമര്‍ത്തിച്ചവുട്ടി നടന്നു.
പെട്ടെന്നാണ് അയാള്‍ ഞങ്ങളുടെ അരികില്‍ എത്തിച്ചേര്‍ന്നത്. ആള്‍ക്കൂട്ടത്തില്‍ അമ്മയുടെ മാറിലൊട്ടി നിഷ്കളങ്കസ്മിതം തൂകുന്ന അവളെ, എന്റെ പൊന്നോമനയെ കണ്ടത്.
ചുവന്ന പട്ടു പാവാട ഉടുത്ത് നീണ്ട കണ്ണുകളില്‍ മയ്യെഴുതി, തുടുത്ത കവിളുകളില്‍ രക്താഭയുടെ ദേവീപ്രസാദമണിഞ്ഞ എന്റെ കൊച്ചു സുന്ദരിയെ....
ശരിക്കും അവള്‍ സന്ധ്യാകുങ്കുമം അണിഞ്ഞ ദേവിയേപ്പോലുണ്ട്. അവളുടെ ഇളകിയാടുന്ന കൊച്ചളകങ്ങളില്‍, എടുപ്പു കുതിരകളും കാളകളും വിശ്രമിക്കുന്ന വയലേലയിലെ കാറ്റ്, വല്ലാതെ കുസൃതിക്കരങ്ങള്‍ നീട്ടി ഇക്കിളികൂട്ടുന്നു.
അമ്മയുടെ ഒക്കത്തായി അള്ളിപ്പിടിച്ചിരിക്കുന്ന അവളെ രുദ്രമിഴികള്‍ കാട്ടി, ...ചാമുണ്ഡിയുടെ കനല്‍മിഴിയുടെ ശോഭ കാട്ടി അയാള്‍ വിളിച്ചു. മുജ്ജന്മവാസനയുടെ നനുത്ത ശീലങ്ങള്‍ ഉടഞ്ഞ വേളയില്‍ അയാള്‍ അവളെ ബലമായി കോരിയെടുത്തു.,....ആര്‍ത്തട്ടഹസിച്ചു. വീണ്ടും തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ പുലമ്പി. 'രക്തം....രക്തം....എനിക്ക് രക്തം വേണം... അമ്മേ! മഹാമായേ തായേ....രക്തം....ഇതാ ...രക്തം....'
ചാമുണ്ഡിയുടെ തുള്ളല്‍ കൂടുതല്‍ രൗദ്രതാളം പൂണ്ടു. അസുരവാദ്യങ്ങള്‍ പരസ്പരം മത്സരിച്ച് തുടിച്ചു, ഹൃദയം പെരുമ്പറ കൊട്ടി.... എവിടെയും....എല്ലാരിലും....
താളമേളങ്ങളുടെ അകമ്പടി നേര്‍ത്തു വന്നു. ചാമുണ്ഡി തുള്ളിത്തളര്‍ന്നു. എങ്കിലും അയാള്‍ മാറോടു ചേര്‍ത്ത പിഞ്ചുകുട്ടിയെ വിട്ടില്ല. നെഞ്ചിലെ ഭൂമികയില്‍ മുഖമുരഞ്ഞ് കുഞ്ഞ് കരയുവാന്‍ തുടങ്ങി.... ഉച്ചത്തില്‍ തന്നെ.
പെട്ടെന്ന് അയാളില്‍,....ചാമുണ്ഡിയുടെ ഭാവത്തില്‍ സമൂലവ്യതിയാനം തിരനീട്ടി. കടവായില്‍ നിന്നും തേറ്റകള്‍ ഇറങ്ങിവന്നു. കയ്യില്‍ കിടന്നു പിടയുന്ന കുഞ്ഞിന്റെ കഴുത്തിലെ നീല ഞരമ്പുകളില്‍ ദംഷ്ട്രകള്‍ ആഴ്ന്നമര്‍ന്നു. രക്തം ചീറ്റിയൊഴുകി...രൗദ്രഭാവം....രൗദ്രതാളം മുഴുകി, ചെണ്ടത്തുകലുകള്‍ വീണ്ടുകീറിയലറി,....കാറ്റ് ചീറിപ്പാഞ്ഞണഞ്ഞു,....പിന്നെ പതുങ്ങി നിന്നു.
ഉള്ളിലുറയുന്ന ഭക്തിയുടെ തെച്ചിപ്പൂക്കളും വലിച്ചെറിയുന്ന മര്‍ദ്ദിതാവേശങ്ങളുടെ ചെങ്കനലുകളും അമ്പലപ്പറമ്പാകെ നിറഞ്ഞു. ആവേശം ....കൈകളില്‍ ....മെയ്യില്‍, അതിന്റെ ദ്രുതവിന്യാസത്തില്‍ തുടിച്ചു നിന്നു.
ദുന്ദുഭി നാദങ്ങളും ഇന്ദ്രചാപങ്ങളും ഘോരവര്‍ഷവും പ്രകൃതി അകമ്പടിക്കായി നിറച്ചു. തുള്ളിക്കൊരുകുടം മഴ. കാറും കോളും ഇല്ലാതെ തെളിഞ്ഞ അന്തരീക്ഷത്തില്‍ മഴ.
മരപ്പൊത്തുകളില്‍ അഭയം തേടിയിരുന്ന ഏതോ പക്ഷിയുടെ ദീനാരവം എവിടെയോ മുഴങ്ങി. ഭക്തിയില്‍ മുങ്ങിയമര്‍ന്ന ജനാരവത്തിന്റെ പെരുമഴയില്‍ അതെവിടെ തിരിച്ചറിയാന്‍! എങ്കിലും ആ മുഖം ഓര്‍മ്മയുണ്ട്... ആ ശബ്ദം പരിചിതമാണ്.
യാഥാര്‍ത്ഥ്യത്തിന്റെ ലോകം മെല്ലെ തിരിച്ചു കിട്ടവെ എന്നിലെ പടയാളി ഉണര്‍ന്നു.'ഹും...അവള്‍, എന്റെ മകള്‍....എന്റെ ചോര... ' അലറിക്കൊണ്ട് ഞാന്‍ മുമ്പോട്ട് കുതിക്കവേ ഒരു കരം എന്നെ പിന്നോട്ട് പിടിച്ചു വലിച്ചു. ക്രൂദ്ധനായി തിരിഞ്ഞുനോക്കവേ ഞാനാ മുഖം കണ്ടു.....
'അത് അവളാണ്, അമ്മ!.....അല്ല ദേവി!' 06/01/2010
നീ പോക മായാവിനി....! 16/12/2009
(ജാതി - മത - ഭാഷാ വ്യത്യാസങ്ങള്‍ ചികഞ്ഞെടുത്ത് ജീവിതം മത്സരക്കളരിയാക്കുന്നവര്‍ക്കു സമര്‍പ്പിക്കുന്നു.)

എന്നയല്‍ക്കാരി...ആഭിചാരിണി
എന്നേ ഞാ൯ കണ്ടെത്തി ....മന്ത്രവാദിനി.
സായംകാലത്തു മുറ്റത്തു കളമെഴുതും -
മായാഭരിതം- നൂനമാരും കാണില്ലൊട്ടും.
സഹമന്ത്രവാദിനികള്‍ കളം കണ്ടെത്തും-
സഹസ്രേന പറന്നെത്തും നിശീഥങ്ങളില്‍.
മുട്ടിയുരുമ്മി അയല്‍ക്കാരി തന്നടുക്കളയില്‍
ചുട്ട ഗന്ധമുയര്‍ത്തും 'സൂപ്പു' തീര്‍ക്കും ഉഷസ്സോളം.
അതി൯ ധൂമപടലങ്ങള്‍ തൂങ്ങി തൂങ്ങി - എ൯
വാതായനങ്ങളില്‍ - ചിമ്മിനികളില്‍ നില്പൂ.
ഏതോ കാക്ക, ഗതിയില്ലാതുഴലുന്നു-
പൈതങ്ങളെ ...സൂക്ഷിക്ക ! സൂക്ഷിക്ക!

എന്നയല്‍ക്കാരി ...അന്യനാട്ടുകാരി
ഇന്നു ഞാ൯ കണ്ടെത്തി - അന്യമതക്കാരി.
പണ്ടേ വന്നവള്‍ - ഇളം പൈതലായിവിടെ
മണ്ടിനടന്നവള്‍, മണ്ണു വാരിക്കളിച്ചവള്‍.
എങ്കിലുമവള്‍ അന്യനാട്ടുകാരി - നിര്‍ണയം.
മങ്കയവള്‍ ഞങ്ങളെപ്പോലല്ല - അന്യഭാഷക്കാരി.
നിഗൂഢത ചൂഴുമവളെ അവിശ്വസിക്ക - കാഴ്ചക്കു-
രാഗലോലയെങ്കിലും - ചതിക്കുഴി തീര്‍ക്കയാവാം.
പകല്‍ സൗഹൃദപ്പുഞ്ചിരി തൂകുമവളുടെ -
'അകം' ആരു കണ്ടു, ഇരവില്‍ സുതാര്യമായി.
ദൂരെ ..ദൂരെ നില്‍ക - പൈതങ്ങളെ - സൂക്ഷിക്ക!
നാരിയിവള്‍ അധമ കര്‍മ്മിണി ...സൂക്ഷിക്ക!

പാടില്ല - ഇവളിനി സ്വതന്ത്രയായ് വിഹരിക്കുവാ൯
വിടില്ല - നിര്‍ദ്ദയം കെട്ടുകെട്ടിക്കണം - വിഷമമെങ്കിലും.
ഇപ്പോള്‍ മുതല്‍ - ആ ദുര്‍മുഖം കാണ്‍കില്‍ ഞങ്ങള്‍
തുപ്പിയാട്ടും - പുറം തിരിക്കും - 'ശവം പോയിത്തുലയട്ടെ'.
അജ്ഞാത വിശിഖങ്ങള്‍ - ഭീക്ഷണിക്കത്തുകള്‍ തൊടുക്കും
പജ്ജരമാകെ തകര്‍ക്കാ൯ - കല്ലെറിയും ജനാലയിങ്കല്‍.
അവളറിയണം - അറിഞ്ഞേ തീരൂ - ഞങ്ങളെ -
കവര്‍ന്നിനി കഴിയണ്ട - നീ പോക മായാവിനി....!
മുന്നറിയിപ്പുകള്‍ തള്ളിക്കളയുമവള്‍ വിഹരിക്കെ
ഇന്നില്ല ഞങ്ങളില്‍ ശാന്തി - സമാശ്വാസ സാന്ത്വനം.
വേണ്ടിനി - സന്ധി സംഭാഷണം - തള്ളിക്കയറുക
തെണ്ടിയിവളെ തകര്‍ക്ക - ജനതതി നിങ്ങള്‍.

കഥ

ഉസ്കൂളിലെ മണി

ഉസ്കൂളിലെ മണി കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
'തലേന്ന് മണിയടിച്ച് ഉസ്കൂള്‍ വിട്ടതാണല്ലോ എന്റെ റബ്ബേ ?'
ഒന്നാം ശിപായി ഉസ്മാ൯ തലയില്‍ കൈ വച്ചു പിറുപിറുത്തു.
രണ്ടാം ശിപായി സുലൈമാ൯ അന്നും വന്നിട്ടില്ല,
'ഓന്റെ ഡ്യൂട്ടി ഉസ്താദിന്റെ വലിപ്പിലല്ലേ. അല്ലേലും ഓ൯ വന്നിട്ട് എന്തൂട്ട് കാട്ടാനാണ് ?'
ഉസ്മാ൯ വല്ലാതെ ബേജാറായി. അരിശം മുഴുവ൯ സുലൈമാനോടായി. നേരെ ഒന്നാം മാഷിന്റെ അടുത്തു ചെന്നു. വരവ് കണ്ടപ്പോഴെ എന്തോ കുന്ത്റാണ്ടമുണ്ടെന്ന് മാഷ് അനുമാനിച്ചു. ഗൗരവം ചോരാതെ സുബൈദ് മാഷ് നല്ല മലയാളത്തില്‍ തിരക്കി.
'എന്താ ഉസ്മാനേ, ഇന്നും സുലൈമാ൯ വന്നിട്ടില്ലേ?'
'വന്നു... ഓനിപ്പം ഏ.ഇ.ഒ. സാറിന്റെ കീഴില്‍ കാണും. അതല്ല മുസീബത്ത്..' ഉസ്മാ൯ നിന്നു വിറച്ചു, പിന്നെ വിയര്‍ത്തു.
സുബൈദ് മാഷ് ഗൗരവം മാറ്റി ഉസ്മാനെ കൂടുതലായി ഒന്നു ശ്രദ്ധിച്ചു. എന്തോ കാര്യമായി പിണഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഓന്റെ ബീവി സുറുമി പിണങ്ങി അവളുടെ വീട്ടില്‍ പോയി കാണും. മെല്ലെ ചിരിച്ചു കൊണ്ടു പതിവു മറുപടിയോതി.
'ഓളിങ്ങു വരും ഉസ്മാനേ, എന്തൂട്ടായാലും ഓള്‍ടെ ഖല്‍ബ് ഇവിടെ ബച്ചിട്ടല്ലേ പോയിരിക്കുന്നത്! '
'ഇതായിപ്പം ബല്ല്യ കാരിയം...മണി കളവു പോയി. അതു പറയാ൯ വന്നപ്പോ?' ഉസ്മാ൯ തീ പിടിച്ചതു പോലെ നിന്നു തുള്ളി.
'രാരിച്ചനോടു തിരക്കിയോ. ഓനല്ലേ തൊട്ടടുത്തുള്ളത്?'
'നേരാ, ഓ൯ തപാലും നോക്കി മാഷിനുള്ള ചോറും വാങ്ങി, മിനുങ്ങി വരുമ്പം തിരക്കിയാല്‍ മതി. നല്ല കഥ....!'
അപ്പോള്‍ അതാണു കാര്യം. സ്കൂളിലെ മണി കളവു പോയിരിക്കുന്നു. തിരൂര്‍ അങ്ങാടീലെ സേട്ടിന്റെ പീടികയില്‍ നിന്നും 380 ഉറപ്പികയ്ക്ക് വാങ്ങിയതാണ്. ഇനിയിപ്പം പറഞ്ഞിട്ടെന്നു കാര്യം. പോലീസില്‍ പറഞ്ഞാല്‍ അതിനു വേറെ ഉറുപ്പിക കണ്ടെത്തണം.
ഉസ്മാ൯ ഇതിനകം പോയി കഴിഞ്ഞിരിക്കുന്നു. മാനേജര്‍ ഹാജിയാരെ കണ്ടാലോ? വേണ്ട, ഉറുപ്പികയൊട്ടു കിട്ടുകയുമില്ല, ബയക്കു കേക്കുകയും വേണം. എന്തായാലും ഒരു ചായ കുടിച്ചു കളയാം.
നായരുടെ പീടികയില്‍ ഒരു ചന്ദനക്കുടത്തിനുള്ള പുരുഷാരം. ഒരു വിധം വകഞ്ഞ് ഉള്ളില്‍ കയറി. അവിടെ നായര്, കള്ളനെ കണ്ട മട്ടില്‍ വിവരണം നടത്തുകയാണ്. ദോഷം പറയരുതല്ലോ, കണ്ടപ്പോഴെ ചുടു ചായ നീട്ടി. ചുടു ചായ തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങവെ മണി മുഴക്കം കേട്ടു.
'ങേ ... അത് ഉസ്കൂളിലാണല്ലോ? മണിയടിക്കുന്നത് ഉസ്മാ൯ തന്നെയാണ്. ആ ശൈലി കേട്ടാല്‍ എവിടെ വെച്ചും തിരിച്ചറിയാം. പക്ഷേ ഈ ഒച്ച വ്യത്യസ്തമാണല്ലോ?'
തിരക്കിട്ട് പുറത്തിറങ്ങവെ വിഷണ്ണനായി നായര് പ്രത്യക്ഷപ്പെട്ടു.
'എന്താ നാണു നായരെ, എന്തു പറ്റി?'
'ഇനി എന്തു പറ്റാ൯...രണ്ടു കിലോ അരിയുടെ ദോശ മാവ് ഞാനെന്തു ചെയ്യും.....'
അപ്പോഴും ഉസ്കൂളിലെ മണി മുഴങ്ങുന്നുണ്ടായിരുന്നു....ഉസ്മാന്റെ നെഞ്ചിലെ തുടി താളം പോലെ......
നായരുടെ ദോശക്കല്ലു കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
[എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.] 15/12/2009

കവിത

ഭാരതീയം
തെലുങ്കാന അഗ്നിശൈലമായി നീറവേ ഭാരതം ത൯
തിലകുറി മായ്ചു നില്‍പ്പൂ വിധുര വേപഥുവോടെ വിതുമ്പി.
അംഗഭംഗം വന്ന ഭാരതാംബ, വീണ്ടും കബന്ധ ഭീതി ചൂഴ്ന്നു
സംഗപരിത്യാഗിയായി സാഷ്ടാഗം നമിപ്പൂ സംഗമമോതി.
പിരിയാ൯ പഴി പറയാ൯ സംഗര കാഹളം മുഴക്കാ൯ എളുപ്പം
തിരിയായി ഒരു നാളമായി ഉള്‍വിളക്കു തെളിക്കാന്‍ കടുപ്പം.
ഭാഷയല്ല നാം, ഭാഷണവുമല്ല, രൂപഭാവങ്ങളല്ല, മുഷിയുന്ന
വേഷഭൂഷകളല്ല, പിന്നെയോ ഒരേ വികാരം ഭാരതീയം.

അനന്തരഭാവങ്ങള്‍ :-
മാനിഷാദ
തെലുങ്കാന സംസ്ഥാന രൂപീകരണത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹൈദരാബാദിലെ ഉസ്മാനിയ സര്‍വകലാശാല ക്യാംപസില്‍ സിപുരം യാദയ്യ എന്ന യുവാവ് സ്വയം തീ കൊളുത്തിയ ദൃശ്യം. നാഗറാം ഗ്രാമത്തില്‍ നിന്നുള്ള യാദയ്യ (19) വിദ്യാര്‍ത്ഥി സമരത്തിനു പിന്തുണയുമായി എത്തി തെലുങ്കാന അനുകൂല മുദ്രാവാക്യം മുഴക്കി എല്ലാവരും നോക്കി നില്‍കെ തീ കൊളുത്തുകയായിരുന്നു. അഗ്നിഗോളമായി മാറിയ ഇയാളെ തീ തല്ലിക്കെടുത്തിയ ശേഷം പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ വൈകാതെ മരണത്തിനു കീഴടങ്ങി.
പത്താം ക്ലാസ് വരെ പഠിച്ച യാദയ്യ ആത്മഹത്യാ കുറിപ്പ് എഴുതി വെച്ചിരുന്നു. സാമ്പത്തിക പ്രയാസത്താല്‍ പഠനം നിര്‍ത്തിയ താന്‍ തെലുങ്കാനയ്കു വേണ്ടി ജീവന്‍ ഹോമിക്കുന്നു എന്ന് രേഖപ്പെടുത്തിയിരുന്നു.

കഥാലേഖനം

ഭോപ്പാല്‍ ദുരന്തം
1984 ഡിസംബര്‍ 2. ഭോപ്പാലിലെ യൂണിയ൯ കാര്‍ബൈഡ് നഗരിയില്‍ പതിവു പോലെ രാത്രി വശ്യമോഹിനിയായി കടന്നു വന്നു. അദ്ധ്വാനത്തിന്റെ ഒരു പകല്‍ കൂടി മറഞ്ഞിരിക്കുന്നു. എവിടെയും തിരക്കാണ്. കൂടണയുന്നതിന്റെയും ജീവിതോപാധികള്‍ സംഘടിപ്പിക്കുന്നതിന്റെയും നെട്ടോട്ടം. ആര്‍ക്കും സമയമില്ല.... പരസ്പരം കണ്ടാല്‍ ഒന്നു ചിരിക്കാ൯, പ്രത്യഭിവാദ്യം ചെയ്യാ൯.....
രാംഗോപാല്‍ തിരക്കിട്ട് തന്റെ കീറിത്തുന്നിയ കുപ്പായത്തിന്റെ കുടുക്കിടുകയാണ്. ഫാക്ടറിയിലെത്താ൯ കഷ്ടിച്ച് സമയമേ ഉള്ളു. സൂപ്പര്‍വൈസര്‍ കൈലാസ് വര്‍മ്മ കൃത്യം എട്ടിന് തന്നെ ഗേറ്റ് പൂട്ടും.
'എനിച്ച് ചോക്കലേറ്റ് കൊണ്ടു വരണം..ഒത്തിരി ...ഒത്തിരി വേണം ' മകളാണ്...ഗൗരി. എന്റെ ചക്കരമുത്ത്. ഗൗരിക്കൊരു ചുടുമുത്തം നല്കി തിരിയവെ നിറഞ്ഞ കണ്ണുമായി അവന്തി...അവളുടെ യാത്രാമൊഴി അങ്ങനെയാണ്. എന്റെ സാമീപ്യം അവളുടെ കണ്ണുകളിലെ പ്രകാശമാണ്.... വിരഹം ഈറ൯ മേഘമാണ്. എന്റെ അഭാവത്തില്‍ അത് രാത്രി മഴയായി പൊഴിയും. തലയണയെ ആര്‍ദ്രമാക്കും. നൈറ്റ് ഷിഫ്റ്റുള്ളപ്പോള്‍ പറയാനുമില്ല.
'ആജ് മൗസം ബടാ ബേയമാ൯ ഹൈ' - റാഫിയുടെ അനശ്വര ഗാനം മൂളി തുരുമ്പിച്ച സൈക്കിള്‍ അതിവേഗം ചവുട്ടി ഫാക്ടറിയെത്തുമ്പോള്‍ എട്ടിന് വെറും രണ്ട് മിനിട്ട് മാത്രം ബാക്കി. ഹാവൂ ഫാക്ടറിക്കുള്ളിലെ കട അടച്ചിട്ടില്ല. തിടുക്കത്തില്‍ രണ്ട് ചോക്കലേറ്റ് വാങ്ങി പാന്റിന്റെ കീശയിലിട്ടു. സൂപ്പര്‍വൈസറുടെ രൂക്ഷനോട്ടം അവഗണിച്ച് പഞ്ചിങ് നടത്തി.
ബോയിലറിന്റെ കടുത്ത ചൂടിലും ചലിക്കുന്ന യന്ത്രങ്ങളുടെ ആരവത്തിലും മനുഷ്യപ്പേക്കോലങ്ങള്‍ തളരാതെ മാടുകളായി പണിയുന്നു. അമേരിക്ക൯ സായ്വിന്റെ പ്രീതി പറ്റാ൯ നാട൯ സായ്വുകളുടെ ഉഗ്രശാസനങ്ങള്‍ യന്ത്രാരവങ്ങളെ പിന്നിലാക്കുന്നു.
ഫാക്ടറി അങ്ങനെയാണ്.... അങ്ങനെയല്ലെങ്കിലേ പ്രശ്നമുള്ളു.
അര്‍ദ്ധഷിഫ്റ്റിന്റെ സൈറ൯ മുഴങ്ങി...ആദ്യ ബാച്ചിന് ഇനി പത്തു മിനിട്ട് വിശ്രമ വേളയാണ്. പുറത്ത് മാലിന്യം മൂലം കരിഞ്ഞു തുടങ്ങിയ പുല്‍തകിടിയില്‍ ആകാശം നോക്കി കിടന്നു. ഏതോ വല്ലാത്ത ശബ്ദം മുളി ഒരു പറവ കടന്നു പോയി... കൂടെത്താ൯ വൈകിയതിന്റെ പരിഭവം പറഞ്ഞു തീര്‍ക്കാ൯ ഏതോ അജ്ഞാത പല്ലവി മൂളിയതാവാം... വിട്ടില്‍ ഗൗരി കരഞ്ഞുറങ്ങിക്കാണും. അവളങ്ങനെയാണ്, ചിരിച്ചോണ്ട് യാത്രയാക്കും... പിന്നെ കരഞ്ഞുറങ്ങും. അവന്തി എന്റെ വരവും കാത്ത് തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിക്കും. പുലര്‍ച്ചെ ഞാ൯ ചെന്നതിനു ശേഷമാണ് ഞങ്ങളുടെ രാവും നിലാവും....
ഠേ....
ഒരു വലിയ ശബ്ദം ഫാക്ടറിക്കുള്ളിലായി കേട്ടു... തുടര്‍ന്ന് ഞാ൯ ജോലി ചെയ്തിരുന്ന കെട്ടിടമാകെ അഗ്നി ജ്വാല വിഴുങ്ങി.
അഡ്മിനിസ്ട്രേഷ൯ കോപ്ളക്സില്‍ നിന്നും സായ്വുകള്‍ ഒന്നൊന്നായി അവരുടെ കാറുകളില്‍ പലായനം ചെയ്യുന്നതിന്റെ ബഹളം. കൂടെ രകഷപ്പെട്ട നാട൯ ഇനങ്ങളും.. ഇതെല്ലാം സംഭവിച്ചത് ഞൊടിയിടയ്ക്കുള്ളിലായിരുന്നു.
യാഥാര്‍ഥ്യത്തിന്റെ ലോകത്ത് എത്തിച്ചേര്‍ന്നത് ഒരു വല്ലാത്ത രൂക്ഷഗന്ധം വ്യാപിച്ചപ്പോഴാണ്. എങ്ങും നിലവിളികള്‍, ആക്രന്ദനങ്ങള്‍, ആക്രോശങ്ങള്‍... ആരൊക്കെയോ തലങ്ങനെയും വിലങ്ങനെയും ഓടുന്നു...കൂട്ടത്തില്‍ ആരോ വിളിച്ചു കൂകി ...
'രക്ഷപ്പെട്ടോളൂ...വിഷവാതകം ചോര്‍ന്നു...മിക് .മിക്....'
മിക് ... പഠിച്ചതാണ്. മീഥൈല്‍ ഐസോസൈനേറ്റ് ....മിക്.
കാലുകള്‍ യാന്ത്രികമായി ചലിച്ചു, ഒരുവിധം ഫാക്ടറിക്കു പുറത്തു വന്നു. അപ്പോളാണ് ജീവനു വേണ്ടി പിടയുന്ന രണ്ടാം ബാച്ചിലെ സഹജരെക്കുറിച്ചോര്‍ത്തത്. നിസ്സഹായതയുടെ ചങ്ങലക്കെട്ടില്‍ കിടന്ന് ഞങ്ങള്‍ പിടയവെ ശക്തമായ കാറ്റ് വീശുവാ൯ തുടങ്ങി. ഇനി ഇവിടെ തങ്ങുന്നത് അപകടകരമാണ്. തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനിലേക്ക് എല്ലാവരും ഓടുകയാണ്...കൂട്ടത്തില്‍ ഞാനും...
അവസാനത്തെ ട്രെയി൯ ചലിക്കാ൯ തുടങ്ങിയിരുന്നു. ഒരുവിധം കയറിക്കൂടി....ടിക്കറ്റില്ലാതെ ....എങ്ങോട്ടെന്നില്ലാത്ത യാത്ര... സ്റ്റേഷനില്‍ പച്ചക്കൊടിയും വീശി ഒരാള്‍ മാത്രം...സ്റ്റേഷ൯ മാസ്റ്റര്‍ മല്‍ഹോത്ര...
പ്ളാറ്റ്ഫോമിലൂടെ ഒരമ്മയും കയ്യില്‍ തൂങ്ങി ഒരു ബാലികയും ദൂരെ നിന്ന് ഓടി വന്ന് കെഞ്ചുകയാണ്...
'....ഞങ്ങളെ കൂടി ....ഞങ്ങളെ കൂടി....'
ങ് ഹേ....അവര്‍...അവര്‍ അവന്തിയും ഗൗരിയും അല്ലേ...
ഒന്നു കൂടി സൂക്ഷിച്ചു നോക്കി.... അല്ല...അല്ലേ ...അല്ല...ഹാവൂ...ആശ്വാസമായി.....


ഇത് രാംഗാപാല്‍ അറിയാനാണ്... -ലേഖക൯.
1984 ഡിസംബര്‍ 3. പ്രഭാതം ഭോപ്പാലിലെ കാര്‍ബൈഡ് നഗരിയില്‍ വിറങ്ങലിച്ചു നിന്നു...ആകാശം കറുത്ത ദുപ്പട്ട അണിഞ്ഞു നിന്നു...ഏതോ ദുരന്ത ഭൂവിലെന്ന പോലെ.
അതേ...ദുരന്തം സംഭവിച്ചു കഴിഞ്ഞിരുന്നു...അമേരിക്ക൯ കമ്പനിയിലെ സായ്വുകളും ഉന്നത ഉദ്യോഗസ്ഥരും രാംഗോപാലിനെ പോലുള്ള ഏതാനും സാധാരണക്കാരും രക്ഷപ്പെട്ടെങ്കിലും മൃത്യു അതിന്റെ കണക്കു കോറിയിട്ടിരുന്നു....ഫാക്ടറി സ്ഥിതി ചെയ്യുന്ന പത്തു കിലോമീറ്റര്‍ ചുറ്റളവില്‍...
കുന്നി൯ മുകളില്‍ നിന്നും കാറ്റ് മെല്ലെ താഴ്വാരങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. അവിടെ എല്ലാം മറന്നുറങ്ങുന്ന അനേകായിരങ്ങളെ വിഷനാവുകള്‍ കൊണ്ട് തീണ്ടി...ശ്വാസം കിട്ടാതെ ഉറക്കപ്പായയില്‍ നിന്നെണീറ്റോടിയ പതിനായിരങ്ങളില്‍ അവരും ഉണ്ടായിരുന്നു...അവന്തിയും ഗൗരിയും....
സ്വന്തമായി വാഹനമുണ്ടായിരുന്നവര്‍ ഞെട്ടി ഉണര്‍ന്ന് കുടുംബാംഗങ്ങളുമായി വാഹനത്തില്‍ നീങ്ങവെ ശ്വാസം മുട്ടി അതിനുള്ളില്‍ തന്നെ മരിച്ചു കിടന്നു. ഗതിയില്ലാത്ത അനേകായിരങ്ങള്‍ വഴിയില്‍ ഈയാം പാറ്റകളെപ്പോലെ ചത്തു കിടന്നു. മൃഗങ്ങള്‍ വല്ലാതെ വാ പിളര്‍ന്ന് എങ്ങും ചിതറിക്കിടന്നു. മരച്ചില്ലയില്‍ നിന്നും പക്ഷികള്‍ കൂട്ടമായി ഉണങ്ങിയ പത്രങ്ങളെപ്പോലെ വീണു....
ഒരു സംഗ്രാമഭൂവിലെന്ന പോലെ ഭോപ്പാല്‍ പുതിയ പ്രഭാതത്തെ വരവേല്‍ക്കുകയാണ്...
ഒരു പ്രേതനികേതനം പോലെ ഭോപ്പാല്‍ റയില്‍വേ സ്റ്റേഷ൯ വിളറി നിന്നു...അവിടെ ഒരു മൂലയില്‍ പച്ചക്കൊടിയും മുറുകെ പിടിച്ച് സ്റ്റേഷ൯മാസ്റ്റര്‍ മല്‍ഹോത്ര ഒരിറ്റ് പ്രാണവായുവിനായി വാ പിളര്‍ന്ന് കണ്ണുകള്‍ തുറിച്ച് മരിച്ചു കിടന്നു. ....രക്ഷപ്പെടാമായിരുന്നെങ്കിലും അനേകായിരങ്ങള്‍ക്ക് ജീവിതത്തിലേക്ക് പച്ചക്കൊടി വീശി.....!
പക്ഷേ രക്ഷപ്പെടാനായി പിന്നീട് ഓടിയെത്തിയവര്‍ പ്ളാറ്റ്ഫോമിലും ട്രാക്കിലും ഭീകരതയുടെ ബാക്കിപത്രമായി കിടന്നു...
ഒരു നാടു മുഴുവ൯ ശ്വാസനാളിയിലെ പുകച്ചിലോടെ നീറിപ്പിടയവെ ...ഇന്ത്യ ...പിന്നെ ലോകം ശാന്തമായി ഉറങ്ങി...പലവട്ടം...
കാര്‍ബാറില്‍ (സെവി൯) എന്ന കീടനാശിനി ഉണ്ടാക്കുന്ന ഈ ഫാക്ടറി ബഹുരാഷ്ട്രഭീമനായ അമേരിക്കയിലെ യൂണിയ൯ കാര്‍ബൈഡിന്റെയാണ്. എവറെഡി ബാറ്ററി കമ്പനിയുമായി വന്ന് പിന്നീട് കീടനാശിനി ഫാക്ടറിയാക്കിയതാണ്. കാര്‍ബാറില്‍ ഉല്‍പ്പാദനത്തിന് വേണ്ട രാസവസ്തുവാണ് വിനാശം വിതച്ച, മിക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മീഥൈല്‍ ഐസോസൈനേറ്റ്. ഡിസംബര്‍ രണ്ടാം തീയതി രാത്രിയില്‍ 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് സുക്ഷിച്ചിരുന്ന സംഭരണിയിലേക്ക് വെള്ളം കയറി. അപ്പോഴുണ്ടായ രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 200 ഡിഗ്രി സെല്‍ഷ്യസിലും മുകളിലേക്കുയര്‍ന്നു. തല്‍ഫലമായി സംഭരണിക്കുള്ളിലെ മര്‍ദ്ദം ഉയര്‍ന്ന് അതിന്റെ സുരക്ഷാ വാല്‍വ് തുറന്നു കൊടുത്തു. വിഷവാതകം വ൯തോതില്‍ പുറത്തു വന്നു. രാസപ്രവര്‍ത്തനത്തില്‍ മുന്നേ തന്നെ ദ്രവിച്ചിരുന്ന പൈപ്പുകള്‍ ഇതിന് ആക്കം കൂട്ടി.
രാംഗോപാല്‍ ... കരയരുത്, അതിദാരുണമായ ആ ദുരന്തത്തിന്റെ കണക്കുകള്‍ അറിയണ്ടേ?
*ചോര്‍ന്നത് 42 ടണ്‍ മീഥൈല്‍ ഐസോസൈനേറ്റ് [MIC]
*5 ലക്ഷത്തിലധികം പേരെ ബാധിച്ചു.
*ചോര്‍ച്ച ഉണ്ടായ ഉടനെ 2259 പേര്‍ മരിച്ചു.
*രണ്ടാഴ്ചകം 8000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതിനാല്‍ വിവിധ രോഗം മൂലം മരിച്ചു.
*15000 ത്തിലധികം പേര്‍ വിഷ വാതകം ശ്വസിച്ചതുമൂലമുള്ള ദുരിതങ്ങളില്‍ പെട്ട് പല ഘട്ടങ്ങളിലായി മരിച്ചു.
*ഇപ്പോഴും ജീവിച്ചിരിക്കുന്നവരില്‍ മിക്കവരും രോഗപീഢകളാല്‍ നരകയാതനയിലാണ്.
*ലോകത്തിലെ അതിദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാല്‍ ദുരന്തം ചരിത്രത്തില്‍ ഇടം തേടി.
*'ഗ്ലോബല്‍ ടോക്സിക് ഹോട്ട് സ്പോട്ട്' എന്നാണ് ഗ്രീ൯ പീസ് ഫൗണ്ടേഷ൯ ഭോപ്പാലിനെ വിളിക്കുന്നത്.
*1993 ല്‍ ഭോപ്പാല്‍ ദുരന്തത്തിനിരയായവര്‍ക്കായി , അവരെ ചികിത്സിക്കുന്നതിനായി അന്താരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍ നിലവില്‍ വന്നു.
....എങ്കിലും ഒന്നു ചോദിക്കട്ടെ...രാംഗോപാല്‍ നീ എവിടെയാണ്............?

ലേഖനം

ചന്ദനപ്പള്ളി വലിയ പള്ളി
തെക്കന്‍ കേരളത്തിലെ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളി ചരിത്രത്താളുകളില്‍ ഇടം കണ്ടെത്തിയ പുണ്യകുടീരമാണ്. മതമൈത്രിയുടെ പ്രതീകമായ ഇവിടുത്തെ വലിയ പെരുന്നാളും ചെമ്പെടുപ്പു് മഹോത്സവും ജാതിമതഭേദമെന്യേ കൊടുമണ്‍ നിവാസികളുടെ വലിയ പെരുന്നാള്‍ തന്നെയാണ്.
കൊടുമണില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് (കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്), ചന്ദനപ്പള്ളി. പൗരാണികമായി വളരെ പ്രാധാന്യമുള്ള ഒരു ഭൂപ്രദേശം കൂടിയാണിത്. ശക്തിഭദ്രന്റെ തട്ടകമായ ചെന്നീര്‍ക്കര രാജസ്വരൂപത്തിന്റെ കോട്ട ഇവിടെ ആയിരുന്നു എന്നാണ് അഭിജ്ഞമതം. പഴയ കോട്ടയുടെ ജീര്‍ണിച്ച അവശേഷിപ്പുകള്‍ (മണ്‍ഭിത്തികള്‍) ഇപ്പോഴും ഇവിടെ കാണാം. കൂടാതെ കരിങ്കല്‍ പാത്രങ്ങളും മറ്റ് ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളും കണ്ടു കിട്ടിയിട്ടുണ്ട്. ശ്രീബുദ്ധന്റെ ഇരുപതാമത്തെ ശിഷ്യനായ ചന്ദ്രന്റെ നാമവുമായി ചന്ദനപ്പള്ളി എന്ന സ്ഥലനാമം ശൃഖലിതമാണ്.
ചന്ദനപ്പള്ളി ഠൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കുമാറി പരിശുദ്ധിയുടെ ധവളാഭ ചൂടി ചന്ദനപ്പള്ളി വലിയ പള്ളി സ്ഥിതി ചെയ്യുന്നു. ഗോഥിക് ശൈലിയിലെ ഇതിന്റെ കുംഭഗോപുരങ്ങള്‍, മകുടങ്ങള്‍ വിശുദ്ധ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിലാണ്. പുതിയ പള്ളിയുടെ നീളം 164 അടിയും വീതി 64 അടിയും ഉയരം 152 അടിയുമാണ്. മദ്ബഹയുടെ ഉയരമാകട്ടെ 96 അടിയും. ആരാധനയ്കായി ഒരേ സമയം 3000 പേര്‍ക്ക് പങ്കെടുക്കാം.
ചന്ദനപ്പള്ളി പെരുനാള്‍ വളരെ പ്രസിദ്ധമാണ്. ജാതി മത ഭേദമെന്യേ ഏവരും സോദരത്വേന സംഗമിക്കുന്ന പുണ്യസങ്കേതമാണ്. മെയ് 7, 8 തീയതികളിലാണ് പെരുന്നാള്‍. തീര്‍ത്ഥാടന പാതയിലെ പഥിക ശരണം കൂടിയാണ് ഇന്ന് ചന്ദനപ്പള്ളി വലിയ പള്ളി.
തമിഴകത്തെ ചെങ്കോട്ടയില്‍ നിന്നാരംഭിച്ച് പുനലൂര്‍, പത്തനാപുരം, കൊടുമണ്‍ അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, ആനന്ദപ്പള്ളി വഴി ആലപ്പുഴ തുറമുഖത്ത് അവസാനിക്കുന്ന പ്രചീന നടപ്പാതയിലെ ഇടത്താവളങ്ങളിലൊന്നായിരുന്നു ചന്ദനപ്പള്ളി. ചന്ദനപ്പള്ളി, ആനന്ദപ്പള്ളി എന്ന സ്ഥലനാമം തന്നെ ബുദ്ധമതസങ്കേതത്തെ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും വളരെ പുരാതനമായ ഈ പവിത്ര പ്രദേശം നിരവധി പഥികര്‍ക്ക് പാഥേയവും അഭയവും ചൊരിഞ്ഞിട്ടുണ്ടാകണം. അതില്‍ നിന്ന് ചന്ദനപ്പള്ളി വലിയ പള്ളിയുടെ മഹിമ മനസ്സിലാക്കാം.
ചന്ദനപ്പള്ളിയും കല്‍ക്കുരിശും സ്ഥിതി ചെയ്യുന്ന സ്ഥലം തെരുവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ജാതി മത ഭേദമെന്യേ ജനതതി കല്ക്കുരിശിങ്കലെത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. അവരുടെ വിളിച്ചാല്‍ വിളിപ്പുറമെത്തുന്ന മദ്ധ്യസ്ഥന്റെ സാന്നിദ്ധ്യവും കൃപയും യഥേഷ്ടം നുകര്‍ന്നിരുന്നു.
വിശുദ്ധന്മാരുടെ പാദസ്പര്‍ശം കെണ്ട് പവിത്രമായ ഈ സന്നിധി ഇന്ന് വിശുദ്ധ കബറിടവും ആത്മീയതേജസ്സും കൊണ്ട് പൂര്‍വാധികം വിളങ്ങുന്നു.
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായ ഈ ദേവാലയം ഇന്ന് അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായി വളര്‍ന്നിരിക്കുന്നു.
പുതുപ്പള്ളി പെരുന്നാളിനു പോയിരുന്ന ചന്ദനപ്പള്ളിയിലെ ഏതാനും വിശ്വാസികള്‍ അവിടുത്തെ ദിവ്യമായ കുരിശടി വണങ്ങി, ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ടുവന്ന മണ്ണില്‍ പടുത്തുയര്‍ത്തിയതാണ് ഇവിടുത്തെ പുരാതന കല്‍ക്കുരിശ്. ഈ സംഭവം ഏതാണ്ട് 1700 കളുടെ ആദ്യപാദത്തിലായിരുന്നു.
ചന്ദനപ്പള്ളിയില്‍ ആദ്യമായി ദേവാലയമുയര്‍ന്നത് 1750 കളിലാണ്. പെരുന്നാളിന്റെ തുടക്കവും അക്കൊല്ലമാണ്. പെരുന്നാള്‍ റാസയില്‍ ചന്ദനപ്പള്ളിയിലെ ആബാലവവൃദ്ധര്‍ക്കു പുറമെ പരിസര പ്രദേശങ്ങളില്‍ നിന്നു കൂടി ജനങ്ങള്‍ വന്നു ചേരുമായിരുന്നു. കൂടാതെ കൊടുമണ്‍ ചെന്നീര്‍ക്കര സ്വരൂപത്തിലെ ശക്തിഭദ്ര നാടുവാഴിയുടെ പ്രതിനിധി ഭക്ത്യാദരപൂര്‍വം സന്നിഹിതനാകുമായിരുന്നു.
മുളന്തുരുത്തി സുന്നഹദോസില്‍ ചന്ദനപ്പള്ളി പള്ളിയുടെ പ്രതിനിധിയായി വികാരി കരിങ്ങാട്ടില്‍ സ്കറിയ തോമസ് പങ്കെടുത്തതായി സുന്നഹദോസിന്റെ ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടവകയിലെ ആവശ്യകതയും കാലഘട്ടത്തിന്റെ മുറവിളിയും 1875 ലും 1987 ലും ദേവാലയം പുതുക്കിപ്പണിയുന്നതിലേക്ക് നയിച്ചു. ശില്പവൈദഗ്ദ്യം കൊണ്ടും ആകാരം കൊണ്ടും വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പേരിലുള്ള ഏഷ്യയിലെ ഒരു പ്രധാന പള്ളിയായി വളര്‍ന്നിരിക്കുന്നു.
2010 ഫെബ്രുവരി 26 ന് ചന്ദനപ്പള്ളി വലിയ പള്ളിയെ ആഗോള തീര്‍തഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു. തീര്‍ച്ചയായും വിശ്വാസികളുടെ ഉള്ളം തദവസരത്തില്‍ ഭക്തിനിര്‍ഭരമായി തുടിക്കുകയാവാം.

ലേഖനം

ഏഴംകുളം പെരുമ
ഏഴകളുടെ അമ്മയാണ് ഏഴംകുളത്തമ്മ. ഏഴുകരകള്‍, പിന്നീടത് പത്തു കരകളായി വളര്‍ന്നു, അവരുടെ ശരണാംബ.
പത്തുകരകള്‍ ഇവയാണ് - ഏഴംകുളം തെക്ക്, ഏഴംകുളം വടക്ക്, അറുകാലിക്കല്‍ കിഴക്ക്, അറുകാലിക്കല്‍ പടിഞ്ഞാറ്, പറക്കോട് വടക്ക്, പറക്കോട് തെക്ക്, പറക്കോട് ഇടയില്‍, നെടുമണ്‍, മങ്ങാട്, ചെറുകുന്നം.
കംഭമാസത്തിലെ ഭരണി പ്രസിദ്ധമാണ്, ചെട്ടികുളങ്ങര ഭരണി പോലെ. പത്തു കരകളിലെ കരനാഥന്മാരും ഭക്തലക്ഷങ്ങളും അണി ചേരുന്ന മഹാസംഗമം. ഈ ഉത്സവത്തിന്റെ ഏറ്റവും വലിയ ചടങ്ങാണ് തൂക്കവഴിപാട്. ഭക്തജനങ്ങള്‍ അവരുടെ അഭീഷ്ടസിദ്ധിക്കായി തങ്ങളെ തന്നെ ദേവിക്കു സമര്‍പ്പിക്കുന്ന വഴിപാടാണിത്. സ്വന്തമായി പങ്കെടുക്കാന്‍ കഴിയാത്തവര്‍ പകരം ആളെ കണ്ടെത്തുന്നു.
പ്രാചീനകാലത്ത് ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന നരബലിയുടെ പിന്‍തുടര്‍ച്ചയാണിതെന്ന് കരുതുന്നു. ദേവീപ്രീതിക്കായി മഹാഹോമങ്ങളും അതിന്റെ പാരമ്യതയില്‍ മനുഷ്യനെ തന്നെ നടക്കല്ലില്‍ വെട്ടി നിണച്ചാലൊഴുക്കുന്ന പ്രാകൃതരീതികളെ പിന്നീട് സംസ്കാരത്തിന്റെ വെള്ളി വെളിച്ചത്തില്‍ മൃഗബലിയും തൂക്കമായും പരിവര്‍ത്തിതമാക്കിയതാണ്. മൃഗബലി പിന്നീട് നിരോധിക്കപ്പെട്ടു. തൂക്കം പഴയ പ്രൗഢി നഷ്ടപ്പെട്ട് ഏതാനും ക്ഷേത്രങ്ങളില്‍ ഒരോര്‍മ്മത്തെറ്റുപോലെ വരും കാലത്തിനായി അവശേഷിക്കുന്നു.
നാളീകേരമുടയ്കുന്നതോടെ തൂക്കവഴിപാടിന് തുടക്കമാകും. ആദ്യ തൂക്കം ഊരായ്മക്കാരുടേതാണ്.
ദേവീവൃതം നോറ്റ് ചൈതന്യതേജസികളായ തൂക്കക്കാര്‍ പട്ടുടുത്ത് മുഖത്ത് ചുട്ടി കുത്തി, തലയില്‍ ചുട്ടിത്തോര്‍ത്ത് പടുത്ത് കെട്ടി, മേല്‍ശാന്തി നല്കുന്ന ചന്ദനം പൂശി, പൂജിച്ച മാല കഴുത്തിലണിഞ്ഞ്, ആശാന്റെ കാല്‍ക്കല്‍ നമസ്കരിച്ച് ദക്ഷിണ നല്കി, വാളമ്പും വില്ലും ഭക്ത്യാ ഏറ്റുവാങ്ങി തൂക്കവില്ലിനടുത്തെത്തും. തൂക്കക്കാരുടെ മുതുകില്‍ ചൂണ്ട കോര്‍ത്ത്, വെറ്റില കൊണ്ട് അമര്‍ത്തി പ്രത്യേകം പശയിട്ട് കട്ടി വരുത്തിയ താങ്ങുമുണ്ട് കൊണ്ട് തൂക്കവില്ലിനോട് ബന്ധിക്കും. അഭൗമവും അലൗകികവും അപരിമേയവുമായ ദേവീകടാക്ഷം തുടിച്ചു നില്‍കുന്ന വേളയില്‍ തപ്പുതാളങ്ങള്‍ മുറുകുന്നു. തപ്പ്, ശുദ്ധമദ്ദളം, ഇലത്താളം, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങളാണ് മേളത്തികവിന് ഉപയുക്തമാക്കുന്നത്. വായ്ക്കുരവകള്‍, ദേവീസ്തുതികള്‍ ആര്‍പ്പുവിളികള്‍ എങ്ങും ഉയരുന്നു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗതകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന കൂറ്റന്‍ 'തൂക്കച്ചാട് ' (രഥം) വലിയ വടം കെട്ടി ഭക്തരും വഴിപാടുകാരും അവരുടെ കരക്കാരും വലിച്ചു നീക്കി ക്ഷേത്രത്തെ വലം വെയ്ക്കുന്നു.
ആശാന്റെ വായ്ത്താരി നോക്കി, കരചലനപ്രകാരം പയറ്റ് മുറ അഭ്യസിക്കുന്ന എല്ലാതൂക്കക്കാരും.... ദേവീക്ഷേത്രമൈതാനിയില്‍....
തൂക്കവില്ലില്‍ മൂന്ന് വഴിപാട് തൂക്കക്കാര്‍ കാണും. തൂക്കവില്ലുയര്‍ത്തി ക്ഷേത്രത്തെ വലം വെയ്കുമ്പോള്‍ തൂക്കവില്ലില്‍ കിടന്ന് തൂക്കക്കാര്‍ ആശാന്റെ വായ്ത്താരിക്കും താളമേളങ്ങള്‍ക്കും കാതോര്‍ത്ത്, ആശാന്റെ കരചലനങ്ങള്‍ക്ക് കണ്‍പായിച്ച് ഇടതുകൈയില്‍ വില്ലും വലതു കൈയില്‍ വാളമ്പുമായി ആകാശത്ത് അഭ്യസിച്ച പയറ്റുമുറകള്‍ കാട്ടും. ക്ഷേത്രത്തിന് ഒരു വലം പൂര്‍ത്തിയാകുമ്പോള്‍ ഒരു വഴിപാട് തൂക്കം കഴിയും....ഒരു വളയം പൂര്‍ത്തിയാകും. ഇനി അടുത്ത തൂക്കക്കാരുടെ ഊഴമാണ്.
ചില തൂക്കങ്ങളുടെ അവസാനം കുട്ടിയെ എടുത്തുള്ള തൂക്കം കാണും. അതായത് ക്ഷേത്രത്തെ ഒരു വലം വെച്ച് തൂക്കവില്ല് എത്തുമ്പോള്‍ തട്ട് താഴ്തി അതാത് വഴിപാട് തൂക്കക്കാരുടെ വശം നേര്‍ന്ന കുട്ടിയെ നല്കും. വീണ്ടും വില്ല് ഉയരുമ്പോള്‍ ഭക്തജനങ്ങളുടെ ആര്‍പ്പുവിളി ഉയരും, കുട്ടിയുടെ ബന്ധുക്കളുടെ പ്രാര്‍ത്ഥന ദേവീമന്ത്രങ്ങളായി മുഖരിതമാകും. ഈ ദിവ്യാന്തരീക്ഷത്തില്‍ കുട്ടിയേയും കൈയിലേന്തി തൂക്കക്കാര്‍ പയറ്റുമുറകള്‍ കാട്ടും. അതേ സന്താനലബ്ദിക്കും ഉദിഷ്ടകാര്യസിദ്ധിക്കുമാണല്ലോ ഭക്തര്‍ തൂക്കവഴിപാട് നടത്തുന്നത്....?കന്നിത്തൂക്കക്കാര്‍ മകര ഭരണി മുതലും മറ്റുള്ളവര്‍ ശിവരാത്രിക്കും ദേവീവൃതം നോറ്റു തുടങ്ങും. മണ്ണടി ക്ഷേത്രത്തില്‍ ചെന്ന് രേവതി നാളില്‍ ഭഗവതിയെ വണങ്ങും. ഈ ഐതീഹ്യത്തിനു പിന്നില്‍ തൂക്കം സര്‍വമംഗളമാക്കാന്‍ 'ആനയടവി' എന്ന ശക്തി സ്വരൂപത്തെ ക്ഷണിച്ച് ഗുരുത്വം നേടുക എന്നതാണ് ലക്ഷ്യം.
കണ്ണിന് കുളിരു പകരുന്ന കെട്ടുകാഴ്ച ഭരണിദിവസം വൈകീട്ട് കാഴ്ചക്കണ്ടത്തില്‍ അരങ്ങേറും. ഇതില്‍ പത്തുകരകളിലെയും കുതിരകളോ കാളകളോ കാണും. തുടര്‍ന്ന് ഓരോ കരക്കാരും ക്ഷേത്രമുറ്റത്ത് നാളീകേരമുടച്ച് കരപറഞ്ഞ് കെട്ടുരുപ്പടികളുടെ അടുത്തെത്തും. തുടര്‍ന്ന് ദേവി ജീവതയില്‍ എഴുന്നള്ളി ഓരോ കെട്ടുകാഴ്ചകളുടെയും അടുത്തെത്തി അനുഗ്രഹം ചൊരിയും. ദേവിയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ആര്‍പ്പുവിളികളോടെ, ആവേശത്തിമര്‍പോടെ കരക്കാര്‍ ഭീമാകാരങ്ങളായ ഉരുപ്പടികളെ എടുത്ത് അമ്മാനമാടുമ്പോള്‍ അത്ഭുതവും അതിലേറെ സഹകരണപ്പെരുമയും അവിടെ വിളങ്ങുന്നു.
കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ വലം വെച്ച ശേഷം സന്ധ്യയോടെ ക്ഷേത്രത്തിനു മുന്നില്‍ അണിനിരക്കും. അസ്തമനക്കതിരൊളിയില്‍ കുളിച്ച കെട്ടുരുപ്പടികളുടെ ദര്‍ശനം നയനമനോഹരം എന്ന വാക്കിലൊതുങ്ങുന്നില്ല എന്നതാണ് പരമ സത്യം. കണ്ണു കൊണ്ട് കാണേണ്ട കാഴ്ച കാണുക തന്നെ വേണം. കെട്ടുകാഴ്ചയുടെ സമാപനമായി. അമ്പലത്തില്‍ ദീപാരാധനയ്കുള്ള ശംഖൊലി മുഴങ്ങുന്നു. ദീപാരാധനയ്കുശേഷം കളമെഴുതിപ്പാട്ടും പുലരിയില്‍ എഴുന്നെള്ളത്തും നടക്കും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഇരുള്‍ പരന്ന അന്തരീക്ഷത്തില്‍ വലിയ ആലുവിളക്ക് കത്തിക്കും....ഭക്തര്‍ അത് ചുമലിലേന്തി ക്ഷേത്രത്തിനു വലം വെയ്കും.
ഭക്തി.... സൗന്ദര്യം .... സൗമ്യത സമ്മേളിക്കുന്ന വേദിയില്‍ അഗ്നിപ്രഭയില്‍ മുങ്ങിയ ദേവീസന്നിധി അവാച്യമായ അനുഭൂതി പകരുന്നു. പരിഷ്കാരത്തിലും മനുഷ്യന്‍ പാരമ്പര്യ ഖനികളെ കൈയ്യൊഴിയാത്തതിന്റെ പിന്നിലെ രഹസ്യവും ഇതു തന്നെ.
ആഘോഷങ്ങള്‍ മനുഷ്യന്റെ ദൗര്‍ബല്യമാണ്. ആധുനിക കാലഘട്ടത്തില്‍ അതിന് യാതൊരു കുറവും വന്നിട്ടില്ലെന്നു മാത്രമല്ല ഏറുകയും ചെയ്തിരിക്കുന്നു. ആരാധനാലയങ്ങളിലെ ആഘോഷമാണ് ഉത്സവങ്ങള്‍.
ഉത്സവങ്ങള്‍ മത്സരങ്ങളല്ല, മദമാത്സര്യങ്ങള്‍ മഞ്ഞുപോലെ ഉരുകുന്ന വേദിയാണ്. അത് ആരും മറക്കരുത്.....?

Sunday, May 2, 2010

നുറുങ്ങുകഥ

തലവര കൈ കഴുകിക്കളഞ്ഞ നിമിഷം
പുഴയോരത്ത്, പുല്ലാഞ്ഞിക്കാടുകള്‍ക്കുമിപ്പുറത്ത് നല്ല നിരപ്പായ പ്രദേശമാണ് തെറ്റിപ്പുറം. അടുത്തു കൂടി കുണുങ്ങിയൊഴുകുന്നത് തെച്ചിയാറ്. അവിടെ പേരുകേട്ട തെറ്റിപ്പുറം പോറ്റിമാരുടെ ഹൈസ്കൂളുണ്ട്. സംഗതി കുടുംബവകയാണെങ്കിലും കൈകാര്യം ചെയ്യുന്നത് സാക്ഷാല്‍ ശങ്കരനാരായണന്‍ പോറ്റി. പഴയ, ശ്രീമൂലം പ്രജാ സഭയിലെ സിംഹം. ജനാധിപത്യം വന്നപ്പോള്‍ നിയമസഭാ സ്പീക്കറായി.
പോറ്റിയദ്ദേഹത്തിന്റെ സ്കൂളില്‍ ഒരു സയന്‍സ് അദ്ധ്യാപകന്റെ പോസ്റ്റ് ഉണ്ടെന്നറിഞ്ഞു ചെന്നതാണ്.
ഭാഗ്യം .... പോറ്റിയദ്ദേഹം വീട്ടിലുണ്ടായിരുന്നു. ഊഷ്മളമായ സ്വീകരണത്തിനു പിന്നാലെ ആഗമനോദ്ദേശം ഉന്നയിച്ചു. എതിര്‍പ്പൊന്നുമില്ലാതെ ഒരു തുകയ്ക് ഏര്‍പ്പാടാക്കുകയും ചെയ്തു.
'ഇന്ന് ശനിയാഴ്ച, ഹേയ്.... ഒന്നിനും കൊള്ളില്ല....ഒരു കാര്യം ചെയ്യൂ....ബുധനാഴ്ച പറഞ്ഞ തുകയുമായി വന്നോളൂ... തരപ്പെടുത്തിത്തരാം....' പോറ്റിയദ്ദേഹത്തിന്റെ വാക്കുകള്‍ കാതുകള്‍ക്ക് അമൃതം പകര്‍ന്നു... മനസ്സിന് മധുരവും.
മടക്കയാത്ര വീട്ടിലേക്കാണെങ്കിലും ഏതോ സ്വര്‍ഗ്ഗത്തിലേക്കാണെന്നു തോന്നി. ഞാനങ്ങനെ ചിന്തകളില്‍ നിമഗ്നനായി ഇരിക്കവെ ബസ്സ് എന്റെ നാട്ടിനടുത്തുള്ള ഒരു ചെറിയ മലയോര ഗ്രാമത്തില്‍ ആര്‍​ക്കോ ഇറങ്ങുവാന്‍ വേണ്ടി നിര്‍ത്തിയിട്ടു. ഞാന്‍ അലക്ഷ്യമായി ചുറ്റുപാടുകള്‍ നിരീക്ഷിക്കവെ എന്റെ കൂടെ പഠിച്ചിരുന്ന മലയന്‍ ജോസിനെ റോഡിനു താഴെ കണ്ടു. അവന്‍ കണ്ട പാടെ, എന്നേ ഇറങ്ങിച്ചെല്ലുവാന്‍ വിളിച്ചു. അവന്‍ വലിയ സ്ലോട്ടര്‍ ബിസ്സിനസ്സുകാരനാണ്. റബ്ബര്‍ മരങ്ങള്‍ കടും വെട്ടിനെടുത്ത് പെരുമ്പാവൂരില്‍ വന്‍ തുകയ്ക് വില്കലാണ് പണി. എന്റെ ഹൃദയം തുടി കൊട്ടി. വലിയ പഠിപ്പില്ലാത്ത അവന് എന്നേ പണിയായി... ലക്ഷങ്ങള്‍ പന്തു പോലെ അമ്മാനമാടുന്ന ബിസ്സിനസ്സുകാരനായി. അവനോട് എനിക്ക് ജോലി ശരിയായ കാര്യം പറയാതിരിക്കുന്നതെങ്ങനെ...? ഞാന്‍ വളരെ പെട്ടെന്ന് ബസ്സില്‍ നിന്നും ഇറങ്ങി, അവന്റെ അരികിലേക്ക് ചെന്നു.
മലയന്‍ ജോസിന്റെ ബിസ്സിനസ്സ് കാര്യങ്ങളും കൂട്ടത്തില്‍ എന്റെ ചെറിയ കാര്യവും പറഞ്ഞിരിക്കെ സമയം ഉച്ചയ്ക് രണ്ടു മണിയായി. ഇനി ഉണ്ണാതെങ്ങനെ വീട്ടില്‍ പോകും. ആകെയുള്ളത് ഒരു കള്ളു ഷാപ്പാണ്. അവിടെയാണ് ജോസിന്റെ തൊഴിലാളിപ്പടയുടെ വിശ്രമവും ഭക്ഷണവും. തല്കാലം അതിനേത്തന്നെ ആശ്രയിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. സത്യം പറയാമല്ലോ, അന്നും ഇന്നും ഇത്തരം ദുശീലങ്ങള്‍ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, വെറുപ്പുമാണ്.
നല്ല മീന്‍ കറിയും കക്കയിറച്ചിയും ഒക്കെ കൂട്ടി സമൃദ്ധമായി ഉണ്ടിട്ട് ഞങ്ങള്‍ പുറത്തിറങ്ങി. കൈ കഴുകാനുള്ള വെള്ളം വെച്ചിരിക്കുന്നത് റോഡിനോട് ചേര്‍ന്നുള്ള ഓടയ്കരികിലാണ്. അവിടെ നിന്ന് കൈ കഴുകവെ, തെറ്റിപ്പുറത്തു നിന്നും വരുന്ന ഒരു ബസ്സ്, .... അതിന്റെ പേരു പോലും ഞാനിപ്പോഴും ഓര്‍ക്കുന്നു, മാരുതി, ....ഷാപ്പിനരികിലെ സ്റ്റോപ്പില്‍ വന്നു നിന്നു. അത് എന്റെ നാടു വഴി പോകുന്നതാണ്. ഞാന്‍ ജോസിനോട് യാത്ര പറഞ്ഞ് അതില്‍ ഓടിക്കയറി.
വീട്ടിലും നാട്ടിലും സന്തോഷവര്‍ത്തമാനം അറിയിച്ച് , പണവും സംഘടിപ്പിച്ച് ഞാന്‍ ബുധനാഴ്ചയുടെ വരവും കാത്തിരുന്നു. അവസാനം ആ ദിവസം വന്നു. വളരെ ആത്മവിശ്വാസത്തോടെ ഞാന്‍ പോറ്റിയദ്ദേഹത്തിനെ കണ്ടു. അദ്ദേഹത്തിന്റെ മറുപടി ഏതാണ്ട് ഇങ്ങനെയായിരുന്നു.
'....ഞാന്‍ ഒന്ന് കുടുംബയോഗത്തില്‍ നിങ്ങളുടെ ജോലിക്കാര്യം ചര്‍ച്ച ചെയ്യട്ടെ... ധൃതി വേണ്ട... സ്കൂള്‍ തുറക്കാന്‍ ഇനിയും ഏറെ സമയമുണ്ടല്ലോ... ഒക്കെ പിന്നെ അറിയിക്കാം.... എന്നാല്‍ നടന്നോളൂ... എനിക്ക് ലേശം തിരക്കുണ്ട്...'
അദ്ദേഹം അകത്തേക്കും.... ഞാന്‍ പുറത്തേക്കും നടന്നു.
ആ ജോലി എനിക്ക് കിട്ടിയില്ല. ഞാന്‍ ഗൗരവമായി തന്നെ അന്വേഷിച്ചു. പിന്നീടല്ലേ കാര്യത്തിന്റെ നിജസ്ഥിതി ബോധ്യമായത്....?
ജോലി നഷ്ടപ്പെടുത്തിയത് ആ ഷാപ്പിലെ കൈ കഴുകലാണ്. ഞാന്‍ കൈയും കഴുകി, മുണ്ടിന്റെ കോന്തല കൊണ്ട് മുഖവും തുടച്ച് ഓടിക്കയറിയ ആ ബസ്സില്‍ പോറ്റിയദ്ദേഹത്തിന്റെ സ്കൂളിലെ ഹെഡ്മാസ്റ്റരുണ്ടായിരുന്നു. (പോറ്റിയുടെ വീട്ടില്‍ ചുറ്റിപ്പറ്റി നിന്ന അയാളെ ഞാന്‍ കണ്ടിരുന്നു, പക്ഷെ ഏതോ ആശ്രിതനാണെന്നു മാത്രമേ കരുതിയുള്ളു). അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല വിവരണം തിങ്കളാഴ്ച തന്നെ മാനേജര്‍ക്കു കൊടുത്തിരുന്നു. ആ ശുപാര്‍ശ ഹൃദയത്തില്‍ കോറിയിട്ടിരിക്കുന്നതിനാല്‍ കാണാപ്പാഠമാണ്.
'...പോറ്റിയദ്ദേഹം... നല്ല ആളെയാണ് നിയമിക്കാന്‍ പോകുന്നത്. കക്ഷി ഇവിടെ നിന്നും നേരെ പോയത് നമ്മുടെ പോളക്കുളം ഷാപ്പിലേക്കാണ്. ഞാന്‍ ട്രഷറിയിലേക്കിറങ്ങിയത് അങ്ങയുടെ ഭാഗ്യം...ശിവ...ശിവ...'
*******************
ശേഷം...ചിന്ത്യം.... ശിവ...ശിവ....
കഥാശേഷം
എനിക്ക് സര്‍ക്കാര്‍ ജോലി കിട്ടി. പോറ്റിയദ്ദേഹത്തിന്റെ സ്കൂള്‍ ഏതോ മിഷന്‍കാര്‍ വാങ്ങി അതിന്റെ അലകും പിടിയും മാറ്റി. പോറ്റിയദ്ദേഹം മരിച്ചു. എനിക്കിട്ടു പാരപണിഞ്ഞ ഹെഡ്മാസ്റ്റര്‍ പിന്നെ ഷാപ്പിലെ സ്ഥിരം അന്തേവാസിയായി , എല്ലാം തകര്‍ന്ന് , കുടുംബം ച്ഛിദ്രമായി , ഞാന്‍ കൈ കഴുകിയ കടച്ചാലില്‍ വീണു കിടക്കുകയും ഏതോ പാണ്ടി ലോറി ഇടിച്ച് കഥാവശേഷകനാകുകയും ചെയ്തു.

നുറുങ്ങു കഥ

അദ്ധ്യാപക അവാര്‍ഡ്
മാത്തുക്കുട്ടി സാറിന് അവാര്‍ഡ് കിട്ടി. പൊതുകാര്യ പ്രസക്തനും നാട്ടിലെ യു.പി. സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തിയതിനു പിന്നിലെ ചാലക ശക്തിയും സര്‍വോപരി സമുദായ സ്നേഹിയുമായ സാറിന് അത് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു എന്ന് ഒരു വിഭാഗം ജനങ്ങള്‍ പറയുമ്പോള്‍ മറു വിഭാഗം അതിനേ ശക്തിയായി എതിര്‍ക്കുന്നു. ദോഷം പറയരുതല്ലോ, ഈ രണ്ടാമത്തെ കൂട്ടര്‍ തെളിവു സഹിതമാണ് വാദഗതി നിരത്തുന്നത്. അവരുടെ വീറും വാശിയും കണ്ടാല്‍ തന്നെ സംഗതി സത്യമാണെന്ന് ആര്‍ക്കും ബോധ്യമാകും. അവാര്‍ഡ് കിട്ടിയതിന്റെ പിറ്റേ ദിവസം തന്നെ, തെളിവുകള്‍ അക്കമിട്ട് ചുമര്‍ പരസ്യമായി കവലയിലെങ്ങും പ്രത്യക്ഷപ്പെട്ടു. ഒന്നു രണ്ടു സാമ്പിളുകളിതാ...
1.ആയകാലത്ത് കുട്ടികളെ പഠിപ്പിക്കുന്നതിനേക്കാള്‍ ചിട്ടി നടത്തലായിരുന്നു മെയിന്‍ പണി. സ്കൂള്‍ സമയത്തു പോലും ചിട്ടിപ്പിരിവിനായി കറങ്ങി നടക്കും. പഠിപ്പിക്കുന്നതിന്റെ രീതി ഒരു 'വഹ'യായിരുന്നു എന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഹെഡ്മാസ്റ്റരായതില്‍ പിന്നെ പറയാനുമില്ല.
2.U.P.സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തതിനു പിന്നില്‍ സാറിന് വലിയ പങ്കൊന്നുമില്ല താനും. പക്ഷെ ആ കാലഘട്ടത്തിലെ ഹെഡ്മാസ്റ്റരെന്ന നിലയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത വേദിയില്‍ പരിഗണന കിട്ടിയെന്നു മാത്രം. യഥാര്‍ത്ഥത്തില്‍ അതിനു വേണ്ടിയിറങ്ങിയത് പേര് വെളിപ്പെടുത്താന്‍ താല്പര്യമില്ലാത്ത് നാലഞ്ചു പേരാണ്. അവരെ നാട്ടുകാര്‍ക്ക് നന്നായി അറിയാവുന്നതുമാണ്.
3. സ്വാഗത പ്രാസംഗികന്‍ കള്ളു കുട്ടന്‍ പിള്ള സാറിനെ കൈയ്യിലെടുത്ത് , നേരത്തേ ചില വാചകങ്ങള്‍ പഠിപ്പിച്ചെടുത്ത് മാത്തുകുട്ടി സാറാണ് ഇതിന്റെ പിന്നിലെന്ന് വേദിയില്‍ കൊട്ടി ഘോഷിച്ചു. മന്ത്രി അത് പ്രസംഗമദ്ധ്യേ സൂചിപ്പിക്കുക കൂടി ചെയ്തപ്പോള്‍ സംഗതി ശുഭം.
4.ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുമായുള്ള വഴി വിട്ട ബന്ധവും സ്വാധീനവും പണമിറക്കലുമായപ്പോള്‍ അവരുടെ അവാര്‍ഡ് നോമിനി സാറു തന്നെയാകുകയായിരുന്നു. ഇതിനേക്കുറിച്ചുള്ള ആഫീസുകളുടെ പിന്നാമ്പുറ കഥകള്‍ ചീഞ്ഞു നാറുന്നതാണ്.
ഇനിയുള്ള ആരോപണങ്ങള്‍ അവിഹിത സ്പര്‍ശമുള്ളതിനാല്‍ ഒഴിവാക്കുകയാണ്. പക്ഷെ ഏകദേശം സംഗതിയുടെ ഗുട്ടന്‍സ് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ...?
ഒരു കാര്യം ഉറപ്പാണ്. അവാര്‍ഡ് അര്‍ഹതയുള്ളവര്‍ക്ക് കിട്ടണം. അത് ഉയര്‍ന്ന ആഫീസിറുടെ വീട്ടുപടിക്കലും ആഫീസിന്റെ തിണ്ണയിലും നിരങ്ങുന്നവര്‍ക്ക് നല്കുന്ന പാരിതോക്ഷികമായി അധ:പതിക്കരുത്. ഒരാള്‍ക്ക് അവാര്‍ഡ് കൊടുക്കണം എന്ന് പറയേണ്ടത് അയാളല്ല, മറിച്ച് മറ്റുള്ളവരാണ്...കുട്ടികളാണ്...രക്ഷകര്‍ത്താക്കളാണ്...സമൂഹമാണ്. വേറെ ഏതു പരിഗണനയും തെറ്റു തന്നെയാണ്. പക്ഷെ ആ തെറ്റ് തന്നെയാണ് മാത്തുക്കുട്ടി സാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
കഥാശേഷം
മാത്തുക്കുട്ടി സാറ് റിട്ടയര്‍ ആയി. ഇപ്പോള്‍ പെന്‍ഷന്‍കാരുടെ ജില്ലാ പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. മക്കളെല്ലാം വിദേശത്താണ്. ഭാര്യ മരിച്ചു. ഒരു രണ്ടാം ഭാര്യ ഉണ്ടെന്നു പറയുന്നു. പള്ളിക്കമ്മറ്റിയിലും, മെത്രാനെ തിരഞ്ഞെടുക്കുന്ന സമിതിയിലും അംഗമാണ്. അടുത്തിടെ ഒരു രാഷ്ട്രീയ മേല്‍വിലാസത്തില്‍ പഞ്ചായത്ത് മെംബറുമായി. ഇനി വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നോമിനിയാണ്.
M.L.A. മാത്തുക്കുട്ടി സാറിന് ഇപ്പോഴെ അഭിവാദ്യങ്ങള്‍....
അദ്ധ്യാപക അവാര്‍ഡാണ് എല്ലാറ്റിനും ആധാരം. സംശയിക്കണ്ട, സാറ് തന്നെ എല്ലാ യോഗത്തിലും അവാര്‍ഡിനെക്കുറിച്ച് രണ്ടു വാക്കു പറയും.
..... എന്താ ഒരു കൈ നോക്കുന്നോ....?

Saturday, May 1, 2010

ലേഖനം

വിഷു വന്നു, കൈക്കുടന്നയില്‍ കൊന്നപ്പൂവും കൈനീട്ടവുമായി.
ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ കേരളത്തിന്റെ സവിശേഷമായ ഉത്സവദിനമാണ് വിഷു. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ പലയിടത്തും ഇതേ ദിനം പുതുവര്‍ഷമായി കൊണ്ടാടുന്നു. പഞ്ചാബുകാര്‍ക്ക് ബൈശാഖോത്സവമായും ആസ്സാംകാര്‍ക്ക് ഗോരുബിഹുവായും കര്‍ണാടകയിലെ തുളുനാട്ടുകാര്‍ക്കും തമിഴ് നാട്ടുകാര്‍ക്കും ബിസുവായും ദിനം അറിയപ്പെടുന്നു. പേരിനെല്ലാം വിഷുവിനോട് വളരെ സാദൃശമുണ്ട്. ആചാരങ്ങളും അനുഷ്ഠാനരീതികളും ചെറുതായി വ്യത്യസ്ഥമാണുതാനും. ബിഹു കര്‍ഷകരുടെ ആഘോഷമാണ്. അന്ന് അവര്‍ തങ്ങളുടെ കാലികളെ കുളിപ്പിച്ച് മഞ്ഞള്‍ പൂശി അവയ്ക് ശര്‍ക്കരയും വഴുതിനങ്ങയും കൊടുക്കും. ഇതവരുടെ പ്രധാന ചടങ്ങാണെങ്കില്‍ നമ്മുടേത് കണികാണലാണ്. ഇതിന് സമാനമായി കാശ്മീരികള്‍ക്കും ഒരു ചടങ്ങുണ്ട്. അവരുടെ പുതുവര്‍ഷദിനമായതിനാല്‍ അന്ന് രാവിലെ വീട്ടമ്മമാര്‍ കുളിച്ചൊരുങ്ങി ഒരു തളികയില്‍ (ഇവിടെ ഓട്ടുരുളി)നെയ്യ്, പഞ്ചസാര, തൈര്, പഴം, നാണയം, കണ്ണാടി എന്നിവ കമനീയമായി നിരത്തി വീട്ടിലെ മറ്റ് അന്തേവാസികളെ കൊണ്ടുനടന്ന് കാണിക്കുന്നു.
ബൈശാഖോത്സവം വളരെ പ്രസിദ്ധമാണ്. ബംഗാളികള്‍ക്കിത് നബബര്‍ഷയാണ്. ആന്ധ്ര, തമിഴ് നാട് എന്നിവിടങ്ങളില്‍ ഇത് ചിത്തിരൈ മാസാരംഭമാണ്. എല്ലായിടത്തും ഇത് പുതുവര്‍ഷാരംഭമാണ്. അതുകൊണ്ട് ആട്ടവും പാട്ടും ആഘോഷത്തിമര്‍പ്പും ഘോഷയാത്രയും ഇതിന്റെ ഭാഗമായി അരങ്ങേറുന്നു.
ജ്യോതിഷകലണ്ടര്‍ പ്രകാരം മേടം ഒന്ന് വിഷുദിനം പുതുവര്‍ഷമാണ് കേരളത്തിലും. പക്ഷെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ചിങ്ങം ഒന്നാണ്. രസകരമെന്നു പറയട്ടെ, ചിങ്ങം ഒന്നിന് ജ്യോതിഷപരമായും ജോതിശാസ്ത്രപ്രകാരമായും യാതൊരുവിധ പ്രാധാന്യവുമില്ല. മറിച്ച് കേരളത്തിലും കര്‍ണാടകത്തിലെ തെക്കന്‍ തീരപ്രദേശങ്ങളിലും ഇത് കേവലം ഒരു കൊയ്തുകാലമാണ്. ....ഒരു കൊയ്തുത്സവത്തിന്റെ തുടക്കം മാത്രമാണ്.
കഴിഞ്ഞാല്‍ കൊന്നപ്പൂവും പൂരം കഴിഞ്ഞാല്‍ പണിക്കരും പടിക്കു പുറത്ത് എന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് തുമ്പ പൂത്താല്‍ ഓണം, കൊന്ന പൂത്താല്‍ കണി എന്ന ചൊല്ലും. രണ്ടിലും കേരളത്തിന്റെ മറ്റൊരു ദേശീയ ഉത്സവമായ വിഷുവിനെക്കുറിച്ച് പരാമര്‍ശമുള്ളതിനാല്‍ വിഷുവിന്റെ പ്രസക്തി എന്തെന്ന് മനസ്സിലാക്കാം. ശരിക്കും മലയാളിയുടെ പുതുവത്സരദിനമാണ് വിഷു. ഭാസ്കര രവിയുടെ തൃക്കൊടിത്താനം ശാസനത്തിന്റെ ഏടുകളില്‍ വിഷുവിനെക്കുറിച്ചുള്ള പ്രഥമ പരാമര്‍ശമുണ്ട്.
ഐതീഹ്യപ്പഴമയില് വിഷു വളരെ സമ്പന്നമായ ഒരു ചിത്രം പകരുന്നു. മര്യാദ പുരുഷോത്തമനായ സാക്ഷാല്‍ ശ്രീരാമന്‍, പത്തു തലകളിലായി അഹങ്കാരഭാവം കാട്ടി സീതാപഹരണമെന്ന കൊടുംപാതകം ചെയ്ത രാവണനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണെന്നതാണ് ഒരു മതം. ലോകമെങ്ങും ഭീതിയുടെ മിന്നല്‍പ്പിണരുകള്‍ വര്‍ഷിച്ച നരകാസുരന്റെ വധം നടത്തിയ വിഷ്ണു ദേവനുള്ള അപദാനഘോഷമാണെന്നതാണ് മറ്റൊരു കൂട്ടരുടെ വാദം. ഇതൊന്നുമല്ല കലിയുഗത്തിന്റെ തുടക്കമാണെന്നും പറയുന്നു. ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, വിഷു മലയാളിയുടെ ഗൃഹാതുര സ്മരണകളുടെ ഭാഗമാണ്. വിഷുക്കണിയും വിഷുക്കൈനീട്ടവും ഏതു മലയാളിയാണ് ആജീവനാന്തം ഓര്‍ക്കാത്തത്.......? നല്ല നാളുകളുടെ മധുരിമയില്‍ സ്വയമലിഞ്ഞ് ഊര്‍ജ്ജം നുകരാത്തത്.......?
വിഷു
വിഷുവം എന്നൊരു വാക്കുണ്ട്. അര്‍ത്ഥമിതാണ് - പകലിന്റെയും രാത്രിയുടെയും ദൈര്‍ഘ്യം ഒരുപോലെയാകുന്ന ദിനം. അതിനാല്‍ വിഷുവിന് തുല്യഭാഗം, ഒരുപോലെ എന്നൊക്കെ അര്‍ത്ഥം കല്‍പ്പിക്കാം. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം രാവും പകലും തുല്യമായി വരുന്നുണ്ട്, മേടമാസത്തിലും തുലാമാസത്തിലും. ഇതില്‍ മേടമാസത്തിലെ തുല്യദിവസം നമ്മുടെ വിഷുവായി ആഘോഷിക്കുന്നു.
വിഷുക്കണി
വിഷുവിന്റെ പ്രതീകമാണ് കണിക്കൊന്നകള്‍. നിറയെ സ്വര്‍ണവര്‍ണ്ണത്തില്‍ പൂത്തുലഞ്ഞ് , ഇലകളുടെ ഹരിതാഭ മറച്ച് ഐശ്വര്യത്തിന്റെ കൊടിക്കൂറയുമായി നാടെങ്ങും പീതവര്‍ണ്ണത്തില്‍ കൊന്നകള്‍ തലയുയര്‍ത്തി നില്കുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍ തുടങ്ങിയ രാജ്യങ്ങളില്‍ മരം കാണപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിന്റെ നാമം 'ഇന്ത്യന്‍ ലാബര്‍നം' എന്നാണ്. സംസ്കൃതത്തില്‍ 'സുവര്‍ണതരു, രാജതരു, ഗിരിമാല, സുന്ദലി' എന്നിങ്ങനെ പല പേരുകളുണ്ട്. ഹിന്ദിയില്‍ 'അമല്‍ടാസ് 'എന്നും തമിഴില്‍ 'കൊന്നൈ' എന്നും കന്നട ഭാഷയില്‍ 'കക്കെ' എന്നും തെലുങ്കില്‍ 'റെലെ' എന്നും ഉറുദുവില്‍ 'സുനാരി' എന്നും അറിയപ്പെടുന്നു.
വരാന്‍ പോകുന്ന വര്‍ഷം സന്തോഷനിര്‍ഭരവും ഐശ്വര്യപൂര്‍ണവും ആകുവാന്‍ കണി കാണുന്നു. അഗാധ നിദ്രയിലാണ്ടു പോകുന്ന വെളുപ്പാന്‍ കാലത്ത് കുടുംബത്തിലൊരാള്‍ ആദ്യമുണര്‍ന്ന് തലേന്ന് തയ്യാറാക്കി വെച്ചിരിക്കുന്ന കണിവിഭവത്തിനരികില്‍ നിലവിളക്കു തെളിയിക്കും. ഭഗവാനെ തൊഴുതു മടങ്ങുന്ന വ്യക്തി പിന്നീട് കുടുബാംഗങ്ങളെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണുപൊത്തി കണിമണ്ഡപത്തിനരികിലേക്ക് നയിച്ച് ദീപാലംകൃതമായ കണി കാണിക്കുന്നു.
കണിയൊരുക്കിന്റെ വിഭവങ്ങള്‍ എന്തെന്ന് അറിയണ്ടെ.....? നല്ല പോലെ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ ഉണക്കലരി, അലക്കിയ വസ്ത്രം, പൊന്ന്, വാല്‍ക്കണ്ണാടി, കണിക്കൊന്നപ്പൂവ്, കണിവെള്ളരി, നാളികേരമുറി, ചക്ക, മാങ്ങ, പാരായണ ഗ്രന്ഥം എന്നിവ കമനീയമായി അലങ്കൃതമാക്കി ശ്രീകൃഷ്ണ വിഗ്രഹത്തിനരികില്‍ തലേന്നു തന്നെ തയ്യറാക്കി വെയ്കും. ഒരു നിലവിളക്ക് തൊട്ടടുത്തായി കത്തിക്കാന്‍ ഒരുക്കി വെയ്കും. മിക്കയിടങ്ങളിലും പൂജാമുറിയായിരിക്കും ഇതിനായി തിരഞ്ഞെടുക്കുന്നത്. പൂജാമുറിയുടെ അഭാവത്തില്‍ വിളക്കു കൊളുത്തുന്ന സ്ഥലത്ത് അനുയോജ്യമാക്കും.
കണി കണ്ട ശേഷം ഓട്ടുരുളി അതേപടി വീട്ടിനുള്ളിലെല്ലായിടത്തും ദര്‍ശനത്തിനായി കൊണ്ടു നടക്കും. അതിനു ശേഷം വീട്ടിനു പുറത്തേക്ക് എഴുന്നള്ളിച്ച് ഫലവൃക്ഷങ്ങളെയും വലര്‍ത്തുമൃഗങ്ങളെയും കണി കാണിക്കും. പണ്ട് ജന്മി - കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ തറവാട്ടില്‍ കണി കാണാന്‍ മറ്റൊരു കൂട്ടര്‍ കൂടിയുണ്ടായിരുന്നു. കുടിയാന്മാര്‍... തീണ്ടാപ്പാടകലെ, അവര്‍ അക്ഷമരായി കാത്തു നില്കും, വിഷുക്കൈനീട്ടത്തിനായി.....
വിഷുക്കൈനീട്ടം
കുടുംബത്തിലെ കാരണവര്‍ വിഷുക്കണിക്കു ശേഷം നല്‍കുന്നതാണ് വിഷുക്കൈനീട്ടം. ഇത് കണി കണ്ടവര്‍കെല്ലാം അവകാശപ്പെട്ടതാണ്. കാരണവര്‍ക്കു ശേഷം മറ്റ് മുതിര്‍ന്നവര്‍ ഇളയവര്‍ക്ക് കൈനീട്ടം നല്‍കാറുണ്ട്. ജന്മി - കുടിയാന്‍ സമ്പ്രദായം നില നിന്നിരുന്നപ്പോള്‍ പൊന്‍ നാണയം തന്നെയായിരുന്നു കൈനീട്ടം. ഒരു വിധത്തില്‍ പറഞ്ഞാല്‍ വിഷു ആഘോഷത്തോടൊപ്പം അല്പം ധന സമ്പാദന മാര്‍ഗം കൂടിയാണ്. കുടുംബത്തിലെ കൈനീട്ടം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ബന്ധുജനങ്ങളുടെ വീട്ടിലേക്കാണ് ട്രഷര്‍ ഹണ്ട്. അവിടെ അവരുടെ വരുമാനമനുസരിച്ച് കൈനീട്ടം പ്രതീക്ഷിക്കാം. വിഷു വരുന്ന ആഴ്ചയിലെ വിരുന്നുകാരില്‍ നിന്നും ചിലപ്പോള്‍ കൈനീട്ടം പ്രതീക്ഷിക്കാം.
പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്, കുടിയാന്മാര്‍ അന്ന് വരി വരിയായി നിന്ന് തമ്പുരാന്റെ മുന്നിലെത്തി , വായ് പൊത്തി , തോര്‍ത്ത് അരയില്‍ കെട്ടി, താണു വീണ് പറയണം - 'ഇന്ന് വിഷുവാണേ....'. ഇങ്ങനെ മൂന്നു തവണ പറഞ്ഞു കഴിയുമ്പോള്‍ തമ്പുരാന്‍ തന്റെ വെള്ളിച്ചെല്ലത്തില്‍ നിന്നും കുടിയാന്റെ അവസ്ഥയും നിലയുമനുസരിച്ച് നാണയങ്ങള്‍ (ചെമ്പ്, വെള്ളി, പൊന്ന്) കാര്യസ്ഥന്‍ മുഖാന്തിരം നല്‍കുന്നു. പഴയ ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കിപത്രമായി പല ആചാരങ്ങളും ഇന്ന് ആധുനികതയുടെ മുഖംമൂടിയണിഞ്ഞ് നില നില്‍കുന്നു.
കൈക്കോട്ട് കാലും വിഷുച്ചാലും
കൃഷിയുമായി നമ്മുടെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അഭേദ്യമായ ബന്ധമുണ്ട്. വിഷുവും അങ്ങനെ തന്നെയാണ്. തിരുമുറ്റം അലങ്കരിച്ച് ഒരു ഭാഗത്ത് കൈക്കോട്ടും (തൂമ്പ, കൂന്താലി....)മറുഭാഗത്ത് ഒരു കല്ലും വെക്കും. പ്രത്യേക പൂജാദി കര്‍മ്മങ്ങള്‍ക്കു ശേഷം അവിടെ വിളക്കിനെ സാക്ഷിയാക്കി പായസവും മധുരവും നിവേദിക്കും.
തൂമ്പ കൊണ്ട് കുഴിയെടുത്ത് , ചുറ്റും പ്ലാവിലയില്‍ തിരി വെച്ചു കൊളുത്തി ധാന്യങ്ങള്‍ കുഴിയിലിടുന്ന ചടങ്ങും വിഷു അനുബന്ധിച്ച് ചിലയിടങ്ങളില്‍ ഉണ്ട്. ഇതാണ് വിഷുച്ചാലിടല്‍ എന്നു പറയുന്നത്.
പണിയായുധങ്ങളെ മൂര്‍ച്ച കൂട്ടി പരിശോധിക്കാനും ഭൂമിയെ തിരിച്ചറിയാനും അവയുമായുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കാനും വിഷു ഒരു നിമിത്തമായി മാറുകയാണിവിടെ. കാര്‍ഷിക സംസ്കാരത്തിന്റെ മകുടോദാഹരണമായി ഇത്തരം അനുഷ്ഠാനങ്ങളെ കരുതാം.
വിഷുപ്പടക്കം
കുട്ടികളുടെ ആവേശകരമായ മുഖം വിഷുപ്പടക്ക വേളയില്‍ സാര്‍വ്വദേശീയമായി കാണാം. അടക്കിപ്പിടിച്ചിരുന്ന വികാരങ്ങളുടെ ബഹുര്‍സ്ഫുരണമാണ് ശബ്ദപ്രപഞ്ചം..... ദൃശ്യപ്പൊലിമ. വിഷുക്കണി ദര്‍ശനം കഴിഞ്ഞാല്‍ തൊട്ട് രാത്രി വളരെ വൈകുവോളം ഇത് നീണ്ടു നില്കും. കണി കഴിഞ്ഞ്, ഉച്ചഭക്ഷണം കഴിഞ്ഞ്, അത്താഴസദ്യ കഴിഞ്ഞ് .... ഏതു വേളയും പടക്കം പൊട്ടിച്ച് തിമര്‍ക്കാനുള്ളതാണ്. സാമ്പത്തികശേഷി അനുസരിച്ച് വളരെ നേരത്തെ തന്നെ പടക്ക സമാഹരണം നടത്തിയിരിക്കും. ചിലരാകട്ടെ വിഷുക്കൈനീട്ടമായിരിക്കും മൂലധനമായി എടുക്കുക. പണവും സ്വാതന്ത്രവുമൊത്തു വരുന്ന വേള കുട്ടികള്‍ക്ക് ഉല്ലാസനാളുകളാണ്.
വൈവിധ്യമാര്‍ന്ന പടക്കങ്ങള്‍ കടകളില്‍ നിരന്നിരിപ്പുണ്ട്....കുട്ടികള്‍ ആര്‍ത്തി പൂണ്ട് പരസ്പരം പടക്കങ്ങള്‍ വാരിയെടുക്കുന്നു. മാലപ്പടക്കം, ഓലപ്പടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പൂ, റോക്കറ്റ്... തുടങ്ങിയ വമ്പന്‍ ശ്രേണി തന്നെയുണ്ട്. കൂട്ടത്തില്‍ ചൈനീസ് പടക്കങ്ങളും കാണും. അവര്‍ ശബ്ദത്തേക്കാള്‍ ദൃശ്യത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്. പടക്കങ്ങളുടെ പ്രകടനത്തിന് തീര്‍ച്ചയായും മുതിര്‍ന്നവരും ആവേശത്തോടെ പങ്കുചേരും.
വിഷുക്കഞ്ഞി
വിഷുദിവസം വൈകീട്ട് ചിലയിടങ്ങളില്‍ കഞ്ഞി വെയ്കാറുണ്ട്. അതില്‍ തേങ്ങ ചുരണ്ടിയിട്ടിരിക്കും. ഇതാണ് വിഷുക്കഞ്ഞി. കഞ്ഞിക്ക് കൂട്ടാനായി പുഴുക്കും കാണും. മരച്ചീനി, ചേമ്പ്, വാഴയ്ക, കാച്ചില്‍ തുടങ്ങിയ നാടന്‍ കാര്‍ഷിക ഇനങ്ങള്‍ കൊണ്ടാണ് പുഴുക്കുണ്ടാക്കുന്നത്.
വിഷുവിനെന്താണ് കഞ്ഞി....? ഓണസദ്യ പോലെ കേമത്തരത്തിലാവത്തതെന്താണ്....? ന്യായമായും ചോദ്യമുയരാം. ഇതിന് കാരണമുണ്ട്. ഓണം ചിങ്ങക്കൊയ്ത് കഴിഞ്ഞ് വരുന്ന നിറപ്പത്തായ കാലത്താണ്. സമൃദ്ധിയുടെ പച്ചപ്പിലാണ് ഓണം. പക്ഷെ വിഷു, മേടമാസത്തിനു ശേഷം ഇടവം, മിഥുനം, കര്‍ക്കടകം എന്നിവ ചേര്‍ന്ന പഞ്ഞമാസങ്ങളിലാണ് കടന്നു വരുന്നത്. ദാരിദ്രം രൗദ്രഭാവം പൂണ്ടു് ദംഷ്ടകളും കാട്ടി അട്ടഹസിച്ചു നില്കെ എന്ത് സദ്യ... എന്ത് ആഘോഷം....?
ഇത് പഴയ ചിന്താഗതിയാണ്. ആചാരങ്ങള്‍ അനുഷ്ഠാനങ്ങള്‍ ഒക്കെ പഴയ ദൃഷ്ടിയില്‍ കാണുന്നതാണ് സുഖം. ഇന്ന് അന്യ സംസ്ഥാനക്കാരന്റെ വിയര്‍പ്പുമണികള്‍ അരിമണിയാക്കി നമ്മള്‍ പായ്ക്കറ്റുകളില്‍ വാങ്ങി, നിലം എന്തെന്നറിയാത്ത തലമുറയോട് പഴയ കഥയും പറഞ്ഞിരിക്കുന്നു. അവര്‍ക്കിത് മനസ്സിലാവത്തതില്‍ അത്ഭുതം തെല്ലുമില്ല. അവര്‍ക്ക് എല്ലാം ഒരാഘോഷമാണ്....അല്ലേ?
വിഷുദിനസദ്യക്ക് വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉപ്പും മധുരവും എരിയും കവര്‍പ്പും ഇടകലര്‍ത്തിയാണ്. വേപ്പംപൂരസം (കയ്പേറിയ വേപ്പടങ്ങിയ കറി), മാമ്പഴപ്പച്ചടി (കടുത്ത പുളിയുള്ള മാങ്ങാക്കറി, മധുരവും തോന്നിപ്പിക്കും)എന്നിവ ഏതാനും വിഭവങ്ങളാണ്. അതായത് ജീവിതത്തിലെ സുഖദു:ഖങ്ങളെ ഓര്‍മ്മിപ്പിക്കുവാന്‍ , എല്ലാം ഇടകലര്‍ന്നതാണെന്ന പരമസത്യം ഉണര്‍ത്തുവാന്‍ വിഷു വിഭവങ്ങളിലൂടെ പഴമക്കാര്‍ അവസരമൊരുക്കുന്നു.