Wednesday, April 28, 2010

ലേഖനം

നോഹായുടെ പെട്ടകം
ടര്‍ക്കിയിലെ പ്രശാന്ത സുന്ദരമായ ഒരു പര്‍വതമുകളില്‍ അവര്‍ അവസാനം അത് കണ്ടെത്തുക തന്നെ ചെയ്തു. അവര്‍ എന്നു പറഞ്ഞാല്‍ ഒരു സംഘം ചൈന - ടര്‍ക്കി ഇവാന്‍ജലിസ്റ്റിക് പര്യവശേഷകര്‍. അവര്‍ കണ്ടെത്തിയതോ, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നോഹയുടെ പേടകം.....പ്രപഞ്ചത്തിന്റെ ഒരു ചെറു ചിമിഴ്.
കിഴക്കന്‍ ടര്‍ക്കിയിലെ മൗണ്ട് അറാററ്റിലാണ് തടി കൊണ്ട് നിര്‍മ്മിതമായ പുരാതന വസ്തു കണ്ടെത്തിയത്. കാര്‍ബണ്‍ പരീക്ഷണത്തില്‍ അതിന്റെ കാലഗണന 4800 വര്‍ഷങ്ങളോളം പിന്നോട്ട് നയിക്കുന്നു. അതായത് നോഹയുടെ പേടകം മഹാപ്രളയത്തില്‍ ഒഴുകി നടന്നു എന്നു പറഞ്ഞിരിക്കുന്ന അതേ കാലങ്ങളിലേക്ക്......
"പക്ഷ 100% ശരിയായി ഞങ്ങളിതിനെ നോഹയുടെ പേടകമായി കരുതുന്നില്ല, 99.9% കരുതുന്നുണ്ട് താനും." - പര്വശേഷകനും ഹോങ് കോങ് അടിസ്ഥാനമാക്കിയ ഡോക്കുമെന്ററി ഫിലിം നിര്‍മ്മാതാവുമായ യൂങ് വിങ് ച്യൂങ് , പറഞ്ഞു.കൂടാതെ പര്വശേഷക സംഘത്തിലെ മറ്റ് 15 കൂട്ടാളികള്‍ക്കും ഇതു തന്നെയാണ് അഭിപ്രായം.
"ആ വസ്തുവിന് ധാരാളം അറകളുണ്ട്. ചിലത് വലിയ തടി കൊണ്ടുള്ള ബീമുകളാല്‍ ബലിഷ്ഠമാണ്. അവ മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതാം.അതുപോലെ ഇത് കണ്ടെടുത്ത പര്‍വത നിരയുടെ 3500 മീറ്റര്‍ ചുറ്റളവില്‍ മനുഷ്യവാസത്തിന്റെ അടയാളമൊന്നുമില്ല താനും. ഇത് പ്രളയത്തില്‍ ഒഴുകി വന്നടിഞ്ഞു എന്ന് കരുതുന്നതില്‍ തെറ്റില്ല." അവര്‍ കൂട്ടിച്ചേര്‍ത്തു.
ലേഖകന്റെ കുറിപ്പ് :-
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന പലതും പിന്നീട് ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സത്യങ്ങളെ കാലത്തിന്റെ പ്രവാഹത്തില്‍ പൊടിപ്പും തൊങ്ങലും അത്വശ്യത്തിന് മതവും ചേര്‍ത്ത് നിറം പിടിപ്പിച്ച് അവതരിപ്പിക്കുക എന്നത് എല്ലാ കാലത്തും എവിടെയും സംഭവ്യമാണ്. മനുഷ്യന്‍ ഭാവനാശാലിയാണ്. അവന് ചില മിത്തുകള്‍ കൂടിയേ തീരു. പലപ്പോഴും സംഭവങ്ങള്‍ക്ക് യാഥാര്‍ത്ഥവുമായി വലിയ ബന്ധമൊട്ടില്ല എന്ന് പില്‍ക്കാലത്ത് കണ്ടെത്തിയ ചരിത്രവുമുണ്ട്.
ഇവിടെ പലരും നോഹയുടെ പേടകത്തിനായി തിരച്ചില്‍ നടത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥമൂലം മടങ്ങിപ്പോയിട്ടുമുണ്ട്. ചിലരുടെ വിശ്വാസം ദൈവം ഈ പേടകത്തെ ചിരമായി സംരക്ഷിക്കുകയാണെന്നാണ്. പക്ഷെ ഒരു കാലത്ത് തന്റെ അടയാളമായി ഇതിനെ വെളിപ്പെടുത്തുമെന്നും ഇക്കൂട്ടര്‍ കരുതുന്നു.
നോഹയുടെ പേടകം കണ്ടെടുത്തു എന്ന് പറയുന്ന ഇവാന്‍ജലിസ്റ്റിക് പര്വശേഷകര്‍ അതിന്റെ അളവിനെക്കുറിച്ച് ( 100 മീറ്റര്‍ വിസ്തൃതം) കൊടുത്തിരിക്കുന്നത് ശരിയല്ല. കാരണം ബൈബിളില്‍ തന്നെ അതിന്റെ വിസ്തൃതി 137 മീറ്ററിനു തുല്യമാണെന്ന് പറയുന്നുണ്ട്. അതു പോലെ ദൈവാഞ്ജയാല്‍ നിര്‍മ്മിതമായ പേടകം പ്രളയകാലം കഴിഞ്ഞപ്പോള്‍ നോഹ തന്നെ പൊളിച്ചടുക്കി, പുതിയ കുടിയേറ്റക്കാര്‍ക്ക് വിറകായി ഉപയോഗിച്ചു എന്നും പറയുന്നുണ്ട്. രസകരമെന്നു പറയട്ടെ, ബൈബിളിലൊരിടത്തും ദൈവം ഈ പേടകത്തെ പവിത്രവും ചിരവുമായി സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്നുമില്ല.
ഈ പുതിയ പേടക വാര്‍ത്ത് ലോകത്തോട് വിളിച്ചു പറയുന്നത് ഒരു ബൈബിള്‍ സിനിമാ നിര്‍മ്മാതാവാണ്. നാളെ മറ്റൊരു "ടൈറ്റാനിക് " പോലെ ഈ പര്വശേഷക ചരിത്രം സിനിമയായി ലോകത്തിനു മുന്നില്‍ അവതരിച്ച് ഓസ്കാറുകള്‍ വാരിക്കൂട്ടി നമ്മുടെ പണം പോക്കറ്റടിക്കും എന്ന് പ്രവചിക്കാന്‍ "പാഴൂര്‍ പടിപ്പുര" വരെ പോകേണ്ട കാര്യവുമില്ല.
അതു കൊണ്ട് ഇത് നിങ്ങളുടെ വിശ്വാസ്യതയ്കു വിടുന്നു.
- ആര്‍.പ്രസന്നകുമാര്‍ - 29/04/2010

Tuesday, April 27, 2010

കവിത

ഭൂചലനത്തിന്റെ ശേഷിപ്പുകള്‍
മൃത്യുവിന്റെ ഗന്ധമലിയുമീ അഭിശപ്തമണ്ണില്‍
നിത്യ ഹരിതം സ്വപ്നമായൊരീ വസുന്ധരയില്‍
ഭൂമി തന്നന്തര്‍നിരകളിലെങ്ങോ വീണ്ടും ചലനം
രമ്യകേദാര, ഗേഹങ്ങള്‍ തകരും ഭീമപതനം.
നിലവിളികള്‍, ഉറ്റവര്‍ ഉടയവര്‍ പരസ്പരം
കലപില മുറവിളി കൂട്ടും ജീവസംഗ്രാമ രംഗം.
സമൃദ്ധി നിറകതിരൊളി ചിന്നും ഗ്രാമങ്ങള്‍
കമ്ര ബാല്യ മൊഴി മുത്തു ചിതറും പൈതങ്ങള്‍
അമ്മമാര്‍ അച്ഛനപ്പൂപ്പന്മാര്‍, മുത്തശിമാര്‍
ചെമ്മണ്ണു കൂനകളിലുറങ്ങി - അവസാനമായി.
അവശേഷിച്ചവര്‍ - അവരാണിന്നു പ്രശ്നം
ജീവിതമവര്‍ക്ക് മുന്നില്‍ ഉത്തരമില്ലാ ചോദ്യം.
ലോക മനസ്സാക്ഷി ഉണരട്ടെ- സമൂഹത്തില്‍
ഐക്യ കാഹളധ്വനി ഉയരട്ടെ- ദുര്‍ഭഗര്‍ക്കായി.
കാരുണ്യ പ്രവാഹമൊഴുകിടട്ടെ-മൃതഭൂവിലാകെ
തരുലതകള്‍ വീണ്ടും തളിരടട്ടെ മന്ദ മന്ദം
അസ്ത്രപ്രജ്ഞനായി മാനവന്‍ നില്കെ -സത്യമോതി
ശാസ്ത്ര 'പിന്‍ബലമൊന്നുമല്ല' -'പ്രകൃതി അജയ്യം'.

Saturday, April 17, 2010

കവിത

ശവകുടീരങ്ങള്‍ക്കരികില്‍...
വിജനമേകാന്ത ശോകാന്ത ഭൂവിലൊരുദിവസം
സ്വജനങ്ങള്‍ നിതാന്തനിദ്ര പൂകുമീ കുടീരത്തില്‍-
വന്നെത്തി ഞാന്‍, ദീര്‍ഘയാത്രാക്ഷീണമകറ്റാന്‍ മെല്ലവെ
കന്നിമണ്ണിന്‍ മാറത്തു മലര്‍ന്നു മിഴി പൂട്ടിക്കിടക്കവെ
ശുഷ്കപത്രങ്ങള്‍ കാലടികള്‍ക്കിടയില്‍ ഞെരിയും
വിഷാദ മൃദുലനിനദം കേട്ടു ഞാനെഴുന്നേറ്റു...
മെഴുകുതിരി വിളക്കും കൈയ്യിലേന്തി വരുന്നിതാ
അഴലിന്റെ മണ്ഡപത്തില്‍- ഇവര്‍ മുഗ്ദമാലാഖമാരോ..?
എന്നെ കണ്ടു കാണും - പക്ഷെ ദു:ഖത്തിനശ്രുച്ചില്ലിലീ-
മിന്നാമിനുങ്ങിന്‍ വിളറിയ കന്ദളം കെട്ടതാകാം.
വന്നവരോരുത്തരായി തന്‍ പ്രിയകുടീരങ്ങളില്‍
പൊന്നിന്‍തിരി കൊളുത്തി സഗദ്ഗതം പ്രാര്‍ത്ഥിക്കുന്നു.
പ്രാര്‍ത്ഥിച്ചു തളര്‍ന്നവര്‍, കേണുവീണവര്‍, മിഴിനീരിന്‍-
തീര്‍ത്ഥജലത്തിലീ മൃതാത്മാക്കള്‍ സ്വര്‍ഗ്ഗം പൂകിയേക്കാം.
ജനിമൃതിപോലെ, വന്നവര്‍ വന്നവര്‍ മടങ്ങവെ-
കുനിഞ്ഞിരുന്നൊരു കുടീരം പുല്കിക്കൊണ്ടൊരാള്‍ മാത്രം
പൊട്ടിക്കരയുന്നു, ജീവിതഭാരമറിയിക്കുന്നു-
മുട്ടി മുട്ടി പ്രാര്‍ത്ഥിക്കുന്നു - ദേവനിതു കണ്ടിരിക്കാം.
ഇളം തെന്നലിലാ മെഴുകുതിരി നാളം കെടുമ്പോള്‍
കൊളുത്തിയും, ഇടയ്കിടെ മാറത്തടിച്ചവള്‍ തന്‍-
കൊച്ചുസങ്കടങ്ങള്‍ ഏറ്റു പറയുകയാവാം- മെല്ലെ
വേച്ചു വേച്ചാ ശുഭ്രരൂപവും നമ്രയായകലവെ...
സജലനേത്രനായ് കുടീരത്തിനരികില്‍ നിന്നും
മുജ്ജന്മ രഹസ്യവും തേടി ഞാനീ ഭാണ്ഡവുമെടുത്തു

കവിത

ഒരിക്കല്‍.......
കാതോര്‍ത്തു നില്കും സാത്ഭുതം കാലമൊരിക്കലെന്റെ ശബ്ദം
കതിര്‍ ചൂടി എതിരേല്കും എന്നെ സാദരം ശതാബ്ദം
പിച്ചവെച്ചും പലകുറി നിപതിച്ചുമാണൂഴിയില്‍
'ഇച്ചിരി' വളര്‍ന്ന് 'ഒത്തിരിയായി' അനശ്വരനാകു...
കുഡ്മളമൊരിക്കല്‍ വിരിയും സുഗന്ധം ചൊരിയും
ചൂഢാമണിയായെന്‍ കാവ്യാംഗന വേണിയിലണിയും
ആ വര്‍ണ്ണ നിമിഷമാണെന്റെ സ്വപ്നം - മിഴി നീട്ടും സൂനം
പ്രവാചകനല്ല ഞാന്‍ - കേവലം പ്രണവാരാധകന്‍.
പ്രപഞ്ചമാണെന്റെ മനോദര്‍പ്പണം - കാണുന്നു ഞാന്‍ നിത്യം
കപോലം തുടുക്കും പ്രഭാത പ്രദോഷ യാമങ്ങളും
നീരദാംശുകം ചൂടി വ്രീളായോടൊളികണ്ണെറിയും
താരാസമൂഹവും മൃഗാങ്കബിംബവും മന്ദമന്ദം.
കാല്‍ത്തള കിലുക്കിയൊഴുകും നദീകല്ലോലിനികള്‍
മുത്തണിപ്പൂംനുര ചിതറും പാരാവാരഭംഗികള്‍
ചക്രവാള ചുംബിത ഗിരിശൃംഗങ്ങള്‍ -താഴ്വാര-
മകരന്ദ സൗഭഗങ്ങള്‍ -വര്‍ണ്ണകുസുമനിരകള്‍.
ചരാചരങ്ങളെ കാണുമ്പോള്‍ ഹൃത്തടം തുടികൊട്ടി
ചിരംജീവപഥങ്ങളില്‍ കുതൂഹലങ്ങള്‍ ചാര്‍ത്തുന്നു.
മാനമയൂഖമാലയില്‍ മുങ്ങി ചഞ്ചലപത്രികള്‍
ഇനിയ കാന്തിപൂരം മിഴികള്‍ക്കെന്നും ചുരത്തുന്നു.
മന്ദം ചിരിക്കാന്‍ പഠിച്ചു ഞാനമ്പിളിക്കീറില്‍ നിന്നും
മന്ദം ചരിക്കാന്‍ പഠിച്ചു ഞാനീ പൂഞ്ചോലയില്‍ നിന്നും
സ്നേഹിക്കാന്‍ പഠിച്ചു ഞാനംബരവലാഹത്തില്‍ നിന്നും
സഹിക്കാന്‍ പഠിച്ചു ഞാനിന്നു വസുന്ധരയില്‍ നിന്നും.
സ്നേഹമാണെന്റെ ദൗര്‍ബ്ബല്യം - സതീസ്വൈരിണീഭേദമില്ല
ദാഹമതിന്‍ മുന്നില്‍ - കേവലം മനോവിശുദ്ധി മാത്രം
ദോഹദം കൊണ്ടു ഞാനീ മേദിനിയാകെ തേടീടവെ-
വാഹിനി കണ്ടു - പ്രകൃത്യംബതന്‍ ദിവ്യ സന്നിധാനം.
പ്രകൃത്യുപാസനയാണെന്റെ കുലധര്‍മ്മം, അനുഷ്ഠിപ്പൂ-
അകൃത്രിമ വിനയ ഭക്തിപൂര്‍വ്വം, നിത്യമീ ഭക്തന്‍.
പൂവിടരുന്നതും അന്തിക്കു കൊഴിയുന്നതും കണ്ടു
കവിഹൃദയം ആലേഖനം ചെയ്യുന്നു, സൃഷ്ടി സത്യം.
കവിയെന്നു വിളിപ്പിക്കും സുനിശ്ചയം - വിളിച്ചീടും
നാവുകള്‍ -'കപിയല്ല -കവി-മഹാകവി' -നാളെ ഞാന്‍
വല്മീകമുണ്ടെനിക്കൊരു വല്മീകം -സാമൂഹ്യരംഗം
വാല്മീകി വ്യാസ ദാസ വംശസ്ഥന്‍ ഞാന്‍ ലോകമേ...

കവിത

കാല്‍നഖേന്ദു പതിഞ്ഞ ജന്മഭൂവിലൂടെ...........
[ ജനിച്ചു വളര്‍ന്ന നാട്ടില്‍ വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം കവി ചെല്ലുകയാണ്. എങ്ങും മാറ്റത്തിന്റെ കൊടിക്കൂറകള്‍ മാത്രം. പണ്ട് കണ്ടവര്‍ പലരും പരസ്പരം തിരിച്ചറിയാതെ കടന്നു പോകുന്നു, കാലമെന്ന മഹാവേഷക്കാരന്‍ വരുത്തിയ വേഷപ്പകര്‍ച്ചയുടെ ഇന്ദ്രജാലം....! ]
പോയ വര്‍ഷങ്ങള്‍ കൊഴിയുമിലച്ചാര്‍ത്തു പോലെ
മായാ യവനികയില്‍ മൂടിയെന്‍ മാനസതലമാകെ....
ഒരു കാറ്റു വന്നെന്‍ മറവിയില്‍ മറയുമാക്കാഴ്ചയേകുവാന്‍
തെരു തെരെ വീശുക, യാത്ര തുടരുക പഥിക നീ....
പത്രങ്ങള്‍ വാനില്‍ പറന്നകലട്ടെ, വീണ്ടും ഹരിതാഭ-
നേത്രകുതൂഹലമായി വസുന്ധരക്കേഴകേകട്ടെ...
ജനിച്ച മണ്ണിന്‍ മാറിലൂടെന്‍ പദവിന്യാസമുണരും
മാനസയാത്ര തുടരട്ടെ, വൃഥാ സ്വപ്നമാണെങ്കിലും.
മണ്ണുവാരിക്കളിച്ചതും അപ്പമടകളവിയലുമുപ്പലിട്ടതും
പെണ്ണുകെട്ടി പാവക്കുഞ്ഞിനെ താരാട്ടിയുറക്കിയതും
മച്ചിങ്ങ ചെത്തിയൊരുക്കി ഒരു കമ്പിലതു നാട്ടി-
ഉച്ചത്തിലലറി 'മൈക്കു' കളിച്ചതും തൊണ്ടയടച്ചതും
വേദി കെട്ടി, പഴയ സാരി കര്‍ട്ടനായി ചമച്ചതും
മോദമോടെ നാടകങ്ങളാടി തിമര്‍ത്തതും തളര്‍ന്നതും
മഴയുടെ നൃത്തക്കളരിയില്‍ ഒരു പിണ്ടിച്ചങ്ങാടമായി
ഒഴുകി നടന്നതും കൂടെയാടി അജീര്‍ണക്കോമരമായതും
അപ്പോത്തിക്കിരി വന്നപ്പോളേകിയ സൂചിക്കുന്തങ്ങളും
കുപ്പിക്കുള്ളിലെ ചുവന്ന കയ്പന്‍ മരുന്നും രൂക്ഷഗന്ധവും
അമ്മന്‍കോവിലില്‍ പിന്നെ അയ്യപ്പന്‍ നടയില്‍ -
ചെമ്മേ വന്‍മരം നിഴല്‍ക്കളമിട്ട ജഡയന്‍ കാവില്‍
ചിറപ്പുകള്‍ നീളെ നിരത്തിയ കടലയും പഴവുമവിലും
ചീറിയുയരും കുഴിപ്പുവും കാതടപ്പിക്കും മാലപ്പടക്കവും
കുഴിയനിലയില്‍ പകര്‍ന്നേകും പായസമധുരസാമൃതം
കഴിയില്ല മറവിക്കുണ്ടിലേക്കെറിയുവന്‍ -നാവു സാക്ഷി...
ഉത്സവങ്ങള്‍ , പട്ടുടയാട ചുറ്റിയ ഗ്രാമപ്പെണ്ണായുള്ളില്‍
മത്സരമേളമൊരുക്കിയ യൗവനപ്പെരുങ്കളിയാട്ടകാലം.
ഇന്നു വേണ്ടതു നാളെവേണ്ട, പുതുമക്കായ്, മനം ചഞ്ചലം
കിന്നാരത്തുമ്പിയായി നീളെ പാറുന്നു, പൂവുകള്‍ തോറും.....
ആരു തടുക്കും, തൊടുക്കും, കാമവിശിഖങ്ങള്‍ മാറി മാറി
ആരൂഢങ്ങള്‍ തകര്‍ക്കും - ഹൃദയശലാകയതിലോലം.
കൂടെപ്പഠിച്ചവര്‍, തല്ലിത്തിമര്‍ത്തവര്‍ പിന്നെ കണ്ടാല്‍-
നടാടെയെന്നോതി നീങ്ങുമപരിചിത വേഷങ്ങള്‍, കഷ്ടം.
പിന്നൊരു കൂട്ടര്‍, ബന്ധത്തിന്‍ സുഗന്ധം പൂശുന്നവര്‍
പിന്നാലെ നടന്നെന്നും ഊഷ്മള വികാരഗീതമേകുന്നു.
നാണം കുണുങ്ങികള്‍ നാവില്‍ പൊന്നിന്‍ പൂട്ടിട്ടവര്‍
ഈണത്തില്‍ മൊഴിത്തേന്‍ കുഴമ്പു പുരട്ടുന്നു മന്ദം.
ലോകഗതി കണ്ടു പകച്ചു നീങ്ങവെ മാറിയ ഭൂമിക-
പകലിരവിന്‍ നിതാന്ത നിര്‍വികല്പ സമാധി പൂകി.
പണ്ടു കല്ലെറിഞ്ഞു വീഴ്ത്തി നുകര്‍ന്നലസമെറിഞ്ഞ-
അണ്ടിയിന്നൊരു മാവായിത്തളിര്‍ത്തു നില്പൂ...
മാമ്പഴമേകിയ മാവിന്‍ ചുവടു കണ്ടു, മധുരം കണ്ടു-
തുമ്പച്ചോറിന്‍ പച്ചപ്പാടത്തരിശുകള്‍ നീളെ കണ്ടു,
കണ്ടം നികത്തിയതു കണ്ടു, റബ്ബര്‍ മരങ്ങള്‍ കണ്ടു
തുണ്ടം തുണ്ടായി വെട്ടി നുറുക്കിയ വിപ്ലവം കണ്ടു...
കൊടികള്‍ കണ്ടു, കൊലപാതകികളെ കണ്ടു
കൊടിയ ഭാരം പേറും പാവങ്ങളെയും കണ്ടു...
കാണാതെ കണ്ടതു പാഠം, ഇനി വരാനുള്ളതിന്‍
കാണിക്ക മാത്രം, തുടരുക രാഷ്ട്രനിര്‍മ്മാണം.
മൊബൈല്‍ ഗോപുരങ്ങള്‍ ചേക്കേറും മന്ദിരങ്ങള്‍
സിംബലായി പരിലസിക്കും പരിഷ്കാരപ്പണ്ടാരങ്ങള്‍
അര്‍ബുദവിത്തെറിയും മഹാകാളിയായി തുള്ളുന്നു
നിര്‍ബാധമെങ്ങും നിര്‍ലോഭം നിരന്തരദുരന്തചിത്രം.
അമ്പലഗോപുരം ചെറുതായി ചുരുങ്ങി , ദൈവം പോലും
കമ്പമോടെ തിരയുന്നു 'റേഞ്ചുള്ള ടവര്‍' ശൃംഗോന്നതി...
കാലപ്രവാഹച്ചുഴിയില്‍ കറങ്ങാതെ മാറി നില്പൂ ഞാന്‍
നിലപാടു മാറ്റാതെയെന്‍ തറവാടിടിക്കാതെ കാക്കുന്നു..
ഞാന്‍ നടന്നൊരാ വഴിയിന്നില്ല, നീരാടിയ പുഴമൃതി പൂകി
തേന്‍ നുകര്‍ന്നൊരാ തൊടിയില്ല, കോണ്‍ക്രീറ്റ് വനമുണ്ട്-
ചേക്കേറുവാന്‍ ഇളം ചില്ലയില്ല, നെല്ലിമരവും തറയുമില്ല
കാക്കേണ്ടവന്‍ കഥ പറഞ്ഞിരിക്കുന്നു -'വെടിമുക്കില്‍...'
ഗ്രഹാതുരവ്യഥയുമായി ഞാനലയുന്നു, ഗര്‍ഭാലസ്യചിന്ത-
ഗ്രഹണ വീഥിയില്‍ പുളിയൂറുമേതോ പച്ചമാങ്ങ തേടുന്നു.
തിരിച്ചറിയുന്നില്ല എന്നെയാരുമെങ്കിലും ഉള്ളിലെയഗ്നി
എരിഞ്ഞടങ്ങുന്നുണ്ട് -ഇതു ഞാന്‍ നടന്ന ഇടവഴികള്‍!
ഇതായെന്‍ കാല്‍നഖേന്ദു, മായ്ചാലും മായാതെ നില്കും
ചേതോഹരമതു പതിഞ്ഞതെന്‍ മാനസരഥ്യയില്‍ മാത്രം.

കവിത

സതീ തപം
ഗൗരീശങ്കര ശിഖരത്തില്‍ പാദത്തിലേകം നിലം തൊട്ടും
ഗോരോചനാംഗരാഗമായി നീഹാരകണങ്ങള്‍ ചാര്‍ത്തിയും
ചന്ദ്രചൂഢമാനസഭിക്ഷുകിയായി ഘോരം തപം ചെയ്യും
സാന്ദ്രലോലയാം ദേവീ - ഹൈമവതം തവ പര്‍ണ്ണകുടീരം.
കാര്‍വേണിയില്‍ താരാസുമംചൂടി മുഗ്ദവ്രീളാഭാവം പൂശി
നിര്‍വികാര നീരദാംശുകം മാറ്റി ഋതുലേഖപോല്‍ നീ
കൊഴിഞ്ഞുവീഴും മേഘമണിപൂക്കളാം നീര്‍മുത്തുമാല്യം
തഴുകിയൊഴുകി ദേവീമൃദുല തനു ആപാദചൂഢം.
കുറുനിരയിലൂടെ...നീലോല്പല മിഴിപ്പീലിയിലൂടെ...
നിറകുംഭകുചങ്ങളിലൂടെ...രോമാവലികളിലൂടെ...
നാഭീപുളിനത്തില്‍ വെണ്‍തിരയായി മദിച്ചും -രാഗാര്‍ദ്ര-
നഭോമണ്ഡലമേഖലയില്‍ ലയലഹരിപൂകിനിന്നും
ശൈലത്തിന്നന്ത:പുരത്തില്‍ മറ്റൊരു താപസ്സിയായി ലയിക്കവെ
മന്മഥമല്ലീശരം കൊണ്ടു ശിവമനോതാരുണര്‍ന്നതും
ഉന്മാദഭാവം ഫാലനേത്രത്തില്‍ അഗ്നിസ്ഫുലിംഗമായതും
തെല്ലുമറിഞ്ഞില്ല ദേവി - തപോ വല്മീകം തകര്‍ത്തു നാഥ-
വല്ലിയിലൂയലാടി അര്‍ദ്ധനാരീശ്വരപ്രിയയാകവെ...
18/04/2010