Saturday, May 1, 2010

കുറിപ്പുകള്‍

റിട്ടയര്‍മെന്റ് കാലം
പണ്ട് പണ്ട് കാട്ടിലൊരു സിംഹമുണ്ടായിരുന്നു. കാട്ടിലെ പ്രതാപകേസരിയായി സര്‍വവിധ അധികാരമധുവും നുണഞ്ഞ് നീതി നിര്‍വഹണത്തിന്റെ മറവില്‍ സ്വാര്‍ത്ഥമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു. വര്‍ഷങ്ങളുടെ പ്രവാഹത്തില്‍ താനും പെട്ടുപോകുമെന്ന് തെല്ലും കരുതാത്ത ഭരണകാലം. ഏവരിലും ഭയം സൃഷ്ടിച്ച് അങ്ങനെ വാഴവെ വാര്‍ദ്ധക്യം വന്നു. ജടകളൊക്കെ കൊഴിഞ്ഞു, ദേഹത്ത് അവിടവിടെയായി രോമങ്ങള്‍ വട്ടത്തില്‍ പറിഞ്ഞുപോയി, സഹജീവികളെ കടിച്ചു കീറാന്‍ യഥേഷ്ടം ഉപയോഗിച്ചിരുന്ന ദന്തനിരകളൊക്കെ ഒന്നൊന്നായി വിട ചൊല്ലി. പോരാത്തതിന് ഒരു ഇരയെ തേടിയിറങ്ങിയ വേളയില്‍ തന്നെ ബഹുമാനിച്ചിരുന്ന മറ്റു ജീവികള്‍ തിരിഞ്ഞ് തനിക്കെതിരെ ഒരുമിക്കുകയും മാരകമായി പരുക്കേല്പിക്കുകയും ചെയ്തു. ഒരു കണ്ണിന്റെ കാഴ്ച ശക്തി പോയി, വലതു കാലില്‍ വലിയ വൃണം വന്ന് മുടന്തുമായി.
ഇനി ഇര തേടുവതെങ്ങനെ.... ഒരെത്തും പിടിയും കിട്ടുന്നില്ല.
ഇപ്പോള്‍ ശരണം, മറ്റ് ജീവികള്‍ വയറു നിറയെ തിന്നിട്ട് ഉപേക്ഷിച്ചിട്ടു പോകുന്ന അവശിഷ്ടങ്ങളാണ്. അതിനു തന്നെ ഹയനകളോടും കഴുകനോടും എന്തിന് കാക്കയോടു വരെ മല്ലിടണം. ജീവിതം ദുസ്സഹവും വേദനാനിര്‍ഭരവുമായി മാറിക്കഴിഞ്ഞിരിക്കുന്നു. ശരിക്കും അവഗണനയുടെ നൊമ്പരം അറിഞ്ഞു തുടങ്ങിയിരിക്കന്നു.
ഇനി എത്ര നാള്‍.....? ഹൃദയം ഹൃദയത്തോടു തന്നെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇത് നമ്മുടെ ജീവിതത്തിന്റെ നേര്‍പകര്‍പ്പാണ്. നാം ജോലി ചെയ്തിരുന്ന സ്ഥാപനത്തെ ഒന്ന് ഭാവനയില്‍ കാണാന്‍ നോക്കുക. പലവിധ മൃഗങ്ങളെയും അവിടെ കാണാന്‍ കഴിയും. ചെന്നായ മുതല്‍ ആട്ടിന്‍ തോലിട്ട ചെന്നായ വരെ. സുന്ദരമായ മാന്‍പേട മുതല്‍ വശ്യമനോഹരമായ പുള്ളിപ്പുലി വരെ. ആനകളും കടുവകളും വരയാടുകളും വാനരക്കൂട്ടങ്ങളും വരെ. സര്‍വ്വവും എന്റെ ചുറ്റുമാണ് . എന്റെ നിയന്ത്രണത്തിലാണ് എനിക്കു വിധേയമാണ് എന്നു ഭാവിക്കുന്ന സിംഹവും ഉണ്ട്.
കാട്ടിലെ നീതിയും നാട്ടിലെ നീതിയും രണ്ടാണ്. തികച്ചും വിഭിന്നമാണ്. കാട്ടിലെ ക്രൂരത കേവലം ആവശ്യകതയില്‍ ഊന്നിയുള്ളതാണ്. പലപ്പോഴും അത് ഇണയ്കു വേണ്ടിയോ തീറ്റയ്കു വേണ്ടിയോ സ്വന്തം മേഖലയിലേക്കുള്ള കടന്നു കയറ്റത്തിലുള്ള ചെറുത്തു നില്പോ ആണ്. അവരുടെ മോഹങ്ങളുടെ വാനം അത്ര ചെറുതാണ്. കേവലം അതിനല്ലാതെ അവര്‍ തമ്മിലടിക്കില്ല.
പക്ഷേ മനുഷ്യന്‍ എന്ന വൃത്തികെട്ട മൃഗം ചിരിച്ചുകൊണ്ട് കഴുത്തറക്കും, ഉള്ളില്‍ ശപിച്ചുകൊണ്ട് ആശിര്‍വദിക്കും, വെറുത്തു കൊണ്ട് സ്നേഹം നടിക്കും.
മൃഗങ്ങളുടെ ചേഷ്ടകളില്‍ നിന്നും അവ എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നത് എന്ന് മനസ്സിലാക്കാം. വീട്ടില്‍ വളര്‍ത്തുന്ന നായ തന്നെ നല്ല ഉദാഹരണമാണ്. യജമാനനോട് അവ സ്നേഹം കാട്ടുന്നത് വാലാട്ടിയും തൊട്ടുരുമ്മിയുമാണ്. ശത്രുവിനെ കാണുമ്പോള്‍ അവ വാലാട്ടം നിര്‍ത്തി ഉച്ചത്തില്‍ കുരയ്കുന്നു, മുന്നോട്ട് ആയുന്നു, ചിലപ്പോള്‍ കടിയ്കുകയും ചെയ്യുന്നു. അതുപോലെ ആഹാരത്തിനായി പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കുന്നു. നിരീക്ഷിച്ചാല്‍ സര്‍വമൃഗചേഷ്ടകളും സംവേദ ഭാഷയാണ്.
ഉപകരിച്ചവനെ രഹസ്യമായോ പരസ്യമായോ ഉപദ്രവിക്കുക, മറ്റുള്ളവനോട് സ്നേഹശൂന്യമായി പെരുമാറുക, സ്വന്തം വീഴ്ചകള്‍ മറച്ചു വെയ്കാന്‍ അത് അന്യന്റെ മുകളില്‍ ചാര്‍ത്തുക, ജനങ്ങളെ സേവിക്കുവാന്‍ കിട്ടിയ പുണ്യകാലം പരമാവധി ഉഴപ്പി ധനസമ്പാദനത്തിനു പ്രാധാന്യം നല്കി ജോലി ചെയ്യുക, പരഗമനം (സ്ത്രീ - പുരുഷ) നടത്തുക, കിട്ടിയ ജോലിയോ ധനമോ കളഞ്ഞു കുളിക്കുക, കുടംബജീവിതം ദുരാചാരങ്ങളിലും ദുഷ്പ്രവര്‍ത്തികളിലും താഴ്തി നശിപ്പിക്കുക - ഇത് ഏതു മൃഗത്തിന്റെ സ്വഭാവമഹിമയാണ്.....?
ഒരു സിനിമയില്‍ നടന്‍ സുരേഷ് ഗോപി ചോദിക്കുന്നതു പോലെ മാറ്റിപ്പറഞ്ഞാല്‍ -
'ഓര്‍മ്മയുണ്ടോ ഈ മൃഗത്തിന്റെ മുഖം ? ..... എങ്ങനെ ഓര്‍ക്കാനാണ് ? ....ഒരുപാട് തരം മുഖങ്ങള്‍ ദിവസവും കാണുന്നതല്ലേ......?'
റിട്ടയര്‍മെന്റ് കാലം നാം ഏതു തരം മൃഗമാണെന്ന് തിരിച്ചറിയാനുള്ള ദശാസന്ധി കൂടിയാണ്. മറ്റുള്ളവരുടെ പെരുമാറ്റത്തിലൂടെ നമുക്കത് നല്ലവണ്ണം ബോധ്യമാവും. ഇന്നലത്തെ ബഹുമാനവും പരിഗണനയും തുടര്‍ന്നും ലഭിക്കുമെന്ന് കരുതേണ്ടതില്ല. അത് സ്വാഭാവികമാണ്. എന്നാല്‍ സൗഹൃദത്തില്‍ ചാലിച്ച ഒരു പുഞ്ചിരി, ഒരു വാക്ക് കിട്ടുമെങ്കില്‍ നാം ധന്യരാണ്. .... നാം ഒരു പരാജയമായിരുന്നില്ല എന്നു കരുതാം....ജോലിയിലും ജീവിതത്തിലും.

No comments:

Post a Comment