മാമ്പഴക്കാലം
മാര്‍ച്ച് മാസം മാമ്പഴക്കാലം പോലെ പരീക്ഷാക്കാലം കൂടിയാണ്. സ്കൂള്‍ തല പരീക്ഷകള്‍ തലങ്ങനെയും വിലങ്ങനെയും പിഞ്ചുഹൃദയങ്ങളെ വല്ലാതെ മഥിക്കുന്ന വേള. എത്ര ആത്മവിശ്വാസമുള്ള കുട്ടിയാണെങ്കിലും ഒന്ന് ഭ്രംശനത്തിനു വിധേയമാകുന്ന സമയം.
ബീ പോസിറ്റീവ് എന്നു കേട്ടിട്ടില്ലേ...?
ഒരു റോസാ പുഷ്പം കാണുമ്പോള്‍ നിങ്ങളുടെ ഹൃദയം തുടിക്കാറുണ്ടോ, ഒന്നടുത്തു ചെല്ലാന്‍, ഒന്നുമ്മ വെയ്കാന്‍ തോന്നാറുണ്ടോ...? നിങ്ങള്‍ പോസിറ്റീവ് തന്നെ.
എന്നാല്‍ അതിറുക്കാന്‍, ആരും കാണാതെ സ്വന്തമാക്കാന്‍, പറ്റുമെങ്കില്‍ ആ ചെടി സമൂലം അപഹരിക്കാന്‍ കൈ തരിക്കാറുണ്ടോ...?
ചിലരാകട്ടെ, ഇത്ര കടുത്ത ചിന്തകള്‍ പേറാറില്ല, മറിച്ച് അതിനെ നിരീക്ഷിച്ചു കൊണ്ട് ചില നിഗമനങ്ങളില്‍ എത്തിച്ചേരും -
'കണ്ടോ... എന്തു മുള്ളാണ് അപ്പാടെ. കൈമുറിയും. ഇലക്കിടയില്‍ പുഴു കാണും. ചോട്ടിലപ്പാടെ ചീഞ്ഞളിഞ്ഞ വസ്തുക്കളാണ്.... വേണ്ട.'
നിങ്ങള്‍ ഇതിലേതാണെന്ന് തീരുമാനിച്ചോളു, ഏതാണ് നല്ല സ്വഭാവമെന്നും.
എല്ലാം തികഞ്ഞവന്‍ ഇനി ജനിക്കാനിരിക്കുന്നതേ ഉള്ളു. അതുപോലെ എല്ലാം പഠിക്കുന്ന കുട്ടിയും പഠിച്ച കുട്ടിയും.
എനിക്കൊന്നുമറിയില്ലല്ലോ എന്ന ചിന്ത കളയുക, മറിച്ച് നിങ്ങള്‍ക്ക് എത്ര അറിയാമെന്നു കണ്ടെത്തുക, സാവധാനം ശേഷവും ആര്‍ജ്ജിക്കാനുള്ള ശ്രമം തുടരുക. ജീവിതമൊരു പരീക്ഷയാണ്, അത് ജീവനുള്ളിടത്തോളം തുടരുക തന്നെ ചെയ്യും. അവിടെ നാം നിസ്സഹായരല്ല, ആ തോന്നല്‍ തീര്‍ച്ചയായും കളയുക തന്നെ വേണം. പരിശ്രമത്തിലൂടെ എന്താണ് കരഗതമാക്കാന്‍ സാധ്യമല്ലാത്തത്....?
അനാവശ്യമായ കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ അവനവനില്‍ കേന്ദ്രീകരിക്കുക. ചങ്ങാതിയുടെ ജീവിതവും ചര്യകളും നമ്മില്‍ പ്രതിഫലിക്കാന്‍ അവസരമുണ്ടാക്കാതെ, അവന്റെ പഠനവുമായി താരതമ്യം ചെയ്യാതെ നമുക്ക് എത്രമാത്രം പണിപ്പെടാമെന്നുമാത്രം ചിന്തിക്കുക.
കൃത്യമായ ആസൂത്രണം, വിനയം, ദൈവചിന്ത, വിനോദം, വ്യായാമം, പ്രയത്നം എന്നിവ കൊണ്ട് ഏതു പ്രശ്നവും പരിഹരിക്കാം. ഒന്നു ശ്രമിച്ചു നോക്കിക്കോളു....
നിങ്ങളില്‍ ആത്മവിശ്വാസവും ശ്രദ്ധയും ശാന്തതയും നിറഞ്ഞ് നിങ്ങള്‍ ഒരു പുതിയ വ്യക്തിയായി മാറുന്നതു കാണാം.
ഒന്നോര്‍ക്കുക വിജയവും പരാജയവും തീര്‍ത്തും ആപേക്ഷികമാണ്. പരാജയത്തേക്കൂടി വിജയമാക്കാന്‍ കഴിയണം. എന്നാലെ നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും വിജയിച്ചതായി കരുതാനാകൂ...
സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ നിന്ന് കണ്ടെടുത്ത് അമൃതവാണിയായി മനുഷ്യരാശിക്ക് പകര്‍ന്ന ആ മുദ്രാവാക്യം കേട്ടിട്ടില്ലേ....?
ഉത്തിഷ്ഠത.....ജാഗ്രത.....പ്രാപ്യ വരാന്‍ നിബോധത (എഴുന്നേല്‍ക്കുക... ഉണരുക...ലക്ഷ്യം നേടാനായി ശ്രമം തുടരുക)
എല്ലാ പരീക്ഷാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍.......
Subscribe to:
Post Comments (Atom)
No comments:
Post a Comment