Wednesday, April 28, 2010

ലേഖനം

നോഹായുടെ പെട്ടകം
ടര്‍ക്കിയിലെ പ്രശാന്ത സുന്ദരമായ ഒരു പര്‍വതമുകളില്‍ അവര്‍ അവസാനം അത് കണ്ടെത്തുക തന്നെ ചെയ്തു. അവര്‍ എന്നു പറഞ്ഞാല്‍ ഒരു സംഘം ചൈന - ടര്‍ക്കി ഇവാന്‍ജലിസ്റ്റിക് പര്യവശേഷകര്‍. അവര്‍ കണ്ടെത്തിയതോ, ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നോഹയുടെ പേടകം.....പ്രപഞ്ചത്തിന്റെ ഒരു ചെറു ചിമിഴ്.
കിഴക്കന്‍ ടര്‍ക്കിയിലെ മൗണ്ട് അറാററ്റിലാണ് തടി കൊണ്ട് നിര്‍മ്മിതമായ പുരാതന വസ്തു കണ്ടെത്തിയത്. കാര്‍ബണ്‍ പരീക്ഷണത്തില്‍ അതിന്റെ കാലഗണന 4800 വര്‍ഷങ്ങളോളം പിന്നോട്ട് നയിക്കുന്നു. അതായത് നോഹയുടെ പേടകം മഹാപ്രളയത്തില്‍ ഒഴുകി നടന്നു എന്നു പറഞ്ഞിരിക്കുന്ന അതേ കാലങ്ങളിലേക്ക്......
"പക്ഷ 100% ശരിയായി ഞങ്ങളിതിനെ നോഹയുടെ പേടകമായി കരുതുന്നില്ല, 99.9% കരുതുന്നുണ്ട് താനും." - പര്വശേഷകനും ഹോങ് കോങ് അടിസ്ഥാനമാക്കിയ ഡോക്കുമെന്ററി ഫിലിം നിര്‍മ്മാതാവുമായ യൂങ് വിങ് ച്യൂങ് , പറഞ്ഞു.കൂടാതെ പര്വശേഷക സംഘത്തിലെ മറ്റ് 15 കൂട്ടാളികള്‍ക്കും ഇതു തന്നെയാണ് അഭിപ്രായം.
"ആ വസ്തുവിന് ധാരാളം അറകളുണ്ട്. ചിലത് വലിയ തടി കൊണ്ടുള്ള ബീമുകളാല്‍ ബലിഷ്ഠമാണ്. അവ മൃഗങ്ങളെ പാര്‍പ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതാം.അതുപോലെ ഇത് കണ്ടെടുത്ത പര്‍വത നിരയുടെ 3500 മീറ്റര്‍ ചുറ്റളവില്‍ മനുഷ്യവാസത്തിന്റെ അടയാളമൊന്നുമില്ല താനും. ഇത് പ്രളയത്തില്‍ ഒഴുകി വന്നടിഞ്ഞു എന്ന് കരുതുന്നതില്‍ തെറ്റില്ല." അവര്‍ കൂട്ടിച്ചേര്‍ത്തു.
ലേഖകന്റെ കുറിപ്പ് :-
പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഐതീഹ്യങ്ങളിലും പരാമര്‍ശിക്കപ്പെടുന്ന പലതും പിന്നീട് ഭാഗികമായി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സത്യങ്ങളെ കാലത്തിന്റെ പ്രവാഹത്തില്‍ പൊടിപ്പും തൊങ്ങലും അത്വശ്യത്തിന് മതവും ചേര്‍ത്ത് നിറം പിടിപ്പിച്ച് അവതരിപ്പിക്കുക എന്നത് എല്ലാ കാലത്തും എവിടെയും സംഭവ്യമാണ്. മനുഷ്യന്‍ ഭാവനാശാലിയാണ്. അവന് ചില മിത്തുകള്‍ കൂടിയേ തീരു. പലപ്പോഴും സംഭവങ്ങള്‍ക്ക് യാഥാര്‍ത്ഥവുമായി വലിയ ബന്ധമൊട്ടില്ല എന്ന് പില്‍ക്കാലത്ത് കണ്ടെത്തിയ ചരിത്രവുമുണ്ട്.
ഇവിടെ പലരും നോഹയുടെ പേടകത്തിനായി തിരച്ചില്‍ നടത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥമൂലം മടങ്ങിപ്പോയിട്ടുമുണ്ട്. ചിലരുടെ വിശ്വാസം ദൈവം ഈ പേടകത്തെ ചിരമായി സംരക്ഷിക്കുകയാണെന്നാണ്. പക്ഷെ ഒരു കാലത്ത് തന്റെ അടയാളമായി ഇതിനെ വെളിപ്പെടുത്തുമെന്നും ഇക്കൂട്ടര്‍ കരുതുന്നു.
നോഹയുടെ പേടകം കണ്ടെടുത്തു എന്ന് പറയുന്ന ഇവാന്‍ജലിസ്റ്റിക് പര്വശേഷകര്‍ അതിന്റെ അളവിനെക്കുറിച്ച് ( 100 മീറ്റര്‍ വിസ്തൃതം) കൊടുത്തിരിക്കുന്നത് ശരിയല്ല. കാരണം ബൈബിളില്‍ തന്നെ അതിന്റെ വിസ്തൃതി 137 മീറ്ററിനു തുല്യമാണെന്ന് പറയുന്നുണ്ട്. അതു പോലെ ദൈവാഞ്ജയാല്‍ നിര്‍മ്മിതമായ പേടകം പ്രളയകാലം കഴിഞ്ഞപ്പോള്‍ നോഹ തന്നെ പൊളിച്ചടുക്കി, പുതിയ കുടിയേറ്റക്കാര്‍ക്ക് വിറകായി ഉപയോഗിച്ചു എന്നും പറയുന്നുണ്ട്. രസകരമെന്നു പറയട്ടെ, ബൈബിളിലൊരിടത്തും ദൈവം ഈ പേടകത്തെ പവിത്രവും ചിരവുമായി സംരക്ഷിച്ചിട്ടുണ്ട് എന്ന് പറയുന്നുമില്ല.
ഈ പുതിയ പേടക വാര്‍ത്ത് ലോകത്തോട് വിളിച്ചു പറയുന്നത് ഒരു ബൈബിള്‍ സിനിമാ നിര്‍മ്മാതാവാണ്. നാളെ മറ്റൊരു "ടൈറ്റാനിക് " പോലെ ഈ പര്വശേഷക ചരിത്രം സിനിമയായി ലോകത്തിനു മുന്നില്‍ അവതരിച്ച് ഓസ്കാറുകള്‍ വാരിക്കൂട്ടി നമ്മുടെ പണം പോക്കറ്റടിക്കും എന്ന് പ്രവചിക്കാന്‍ "പാഴൂര്‍ പടിപ്പുര" വരെ പോകേണ്ട കാര്യവുമില്ല.
അതു കൊണ്ട് ഇത് നിങ്ങളുടെ വിശ്വാസ്യതയ്കു വിടുന്നു.
- ആര്‍.പ്രസന്നകുമാര്‍ - 29/04/2010

No comments:

Post a Comment