Saturday, May 1, 2010

നാടകം

ഒരു സൂര്യന്റെ മരണം
[കറുത്ത തിരശീല പിന്നില്‍ കെട്ടിയിരിക്കുന്നു. ജയില്‍ പരിസരം. ]
(കര്‍ട്ടണ്‍ ഉയരുന്നതിനു മുമ്പ് പിന്നണിയില്‍}
ജനശബ്ദം :- 'നാലഞ്ചു പേര്‍ ചേര്‍ന്ന് വിധി കര്‍ത്താക്കളെവിടെ.....? എവിടെ അനിറ്റസ്...? എവിടെ മെലിറ്റസ്....? നിങ്ങള്‍ വേഗം വിധിക്കൂ. അവനെ ശിക്ഷിക്കൂ....! സോക്രട്ടീസിനെ ശിക്ഷിക്കൂ...!!'
വിധികര്‍ത്താക്കള്‍ :- 'മേശപ്പുറത്ത് കൊട്ടുവടി കൊണ്ട് രണ്ടു തവണ പ്രഹരിച്ചു കൊണ്ട് ശാന്തമാകൂ... ശാന്തമാകൂ...'
[ഒരു നിമിഷത്തെ ശാന്തത]
വിധികര്‍ത്താക്കള്‍ :- (രണ്ടു പേരും ചേര്‍ന്ന് ഘനഗാംഭീര്യത്തോടെ) 'വിധികര്‍ത്താക്കളായ അനിറ്റസും മെലിറ്റസും വിധിക്കുന്നതെന്തെന്നാല്‍ ... സോക്രട്ടീസ് മരിക്കണം....വാദപ്രതിവാദത്തിന്റെ ലഹരി യുവജനങ്ങളില്‍ കടത്തി വിടുന്ന ഈ ദാര്‍ശനികന്‍ മരിക്കണം.'
[വീണ്ടും ഒരു നിമിഷത്തെ നിശബ്ദത]
വിധികര്‍ത്താക്കള്‍ :- 'സോക്രട്ടീസ്, അങ്ങയ്ക് വേണമെങ്കില്‍ ഈ ജനസമൂഹത്തിനോട് അപ്പീല്‍ ബോധിപ്പിക്കാം. ചെയ്തത് തെറ്റാണെന്ന് ഏറ്റു പറയൂ....'
സോക്രട്ടീസ് :- (ശാന്തമായി) 'വേണ്ട... എന്റെ കാലുകള്‍ ഇതുവരെ ഇടറിയില്ലല്ലോ...? എന്റെ ശബ്ദം ഇതുവരെ പതറിയില്ലല്ലോ....? പിന്നെന്തിനു പ്രഭോ മാപ്പ്...? വേണ്ട....വേണ്ട...'
വിധികര്‍ത്താക്കള്‍ :- 'ജനത്തിനു മനസ്സിലാക്കാനും ഉള്‍കൊള്ളാനും കഴിയാത്ത വേഗത്തില്‍ വിജ്ഞാനം പകരാന്‍ മുതിരുന്ന ഗുരുഭൂതന്മാരേ നിങ്ങള്‍ക്കു നാശം.....നിങ്ങളുടെ ഭവനം ഇരുമ്പഴിയിട്ട ജയിലാണ്.'
ജനശബ്ദം :- (ആഹ്ളാദത്തോടെ) 'സോക്രട്ടീസിനു ജയില്‍.... സോക്രട്ടീസിനു മരണം'
{ശബ്ദം തുടരെ മുഴങ്ങവെ കര്‍ട്ടന്‍ മെല്ലെ ഉയരുന്നു.}
[ജയില്‍ മുറി. രംഗത്ത് ഒരു പഴയ കട്ടില്‍ മാത്രം. മൂലയില്‍ ഒരു പഴയ മണ്കലം. ഒരു കൂജ...പിത്തള കൊണ്ടുണ്ടാക്കിയ ഗ്ലാസ്]
{സോക്രട്ടീസ് തന്റെ നരച്ച താടിയും തടവി ചിന്താമൂകനായി മുകളിലേക്കു നോക്കി, കട്ടിലില്‍ ഇരിക്കുകയാണ്.}
(പ്ലേറ്റോയും ക്രിറ്റോയും കടന്നു വരുന്നു)
പ്ലേറ്റോ :- 'സോക്രട്ടീസ് ...ഇതാ ഞങ്ങള്‍ വന്നു...അങ്ങയ്കു രക്ഷയുടെ ചിറകുമായി....'
ക്രിറ്റോ :- 'അതേ സോക്രട്ടീസ്, ഞങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥന്മാര്‍കെല്ലാം കൈക്കൂലി നല്കിക്കഴിഞ്ഞു. അവരുടെ കണ്ണുകള്‍, കാതുകള്‍, കൈകള്‍...അവയൊന്നും ഇനി അങ്ങയ്ക് എതിരല്ല.'
പ്ലേറ്റോ :- 'പ്രിയപ്പെട്ട സോക്രട്ടീസ് .... വരൂ...അങ്ങയുടെയും സ്വാതന്ത്ര്യത്തിന്റെയും മദ്ധ്യേ ഇപ്പോള്‍ യൂണിഫോമുകളും അവയണിഞ്ഞ ഭടന്മാരുമില്ല.'
{സോക്രട്ടീസ് ചിന്തയില്‍ നിന്നുണരുന്നു. ഇരുവശങ്ങളിലും നില്കുന്നവരെ നോക്കിയിട്ട് യാന്ത്രികമായി മുന്നോട്ടു നടക്കുന്നു. മറ്റുള്ളവര്‍ പിന്നാലെയും.രംഗത്തിനു മുന്നിലെത്തി, പെട്ടെന്നു നിന്നിട്ട്....}
സോക്രട്ടീസ് :- (നിശ്ചയദാര്‍ഢ്യത്തോടെ) 'വേണ്ട... ഞാന്‍ വരുന്നില്ല'
പ്ലേറ്റോയും ക്രിറ്റോയും :- {ഗദ്ഗതത്തോടെ) 'സോക്രട്ടീസ്.....!'
സോക്രട്ടീസ് :- (മെല്ലെ തിരിഞ്ഞിട്ട്, ഒന്നു പുഞ്ചിരിച്ചിട്ട്, രണ്ടു പേരെയും ചേര്‍ത്തു പിടിക്കുന്നു) 'എനിക്ക് എഴുപതു വയസ്സു തികഞ്ഞു.... നോക്കൂ... എന്റെ കാലുകള്‍ നടന്നു നടന്നു വീണ്ടു കീറി... കൈകള്‍ക്ക് പഴയ ശക്തിയില്ല... നാവ് കൂടെ കൂടെ തളരുന്നു. കാലത്തിന്റെ വേഷപ്പകര്‍ച്ചയും നാടകീയതയും നോക്കി രസിച്ച എന്റെ ഈ കണ്ണുകളിലെ തിളക്കം .... എന്നേ അസ്തമിച്ചു...'
{രണ്ടു പേരെയും ഒന്നു നോക്കിയിട്ട് മുന്നോട്ടു നോക്കി} 'എനിക്കു മരിക്കാന്‍ കാലമായില്ലേ....?'
പ്ലേറ്റോ :- (ഉത്കണ്ഠയോടെ) 'സോക്രട്ടീസ് മനുഷ്യ ഹൃദയഗതി കണ്ട അങ്ങ് വികാരങ്ങള്‍ക്കടിമയാകുന്നു.'
ക്രിറ്റോ :- 'പ്രിയപ്പെട്ട സോക്രട്ടീസ്, അങ്ങയുടെ വീണയിലും അപശ്രുതിയോ...?'
സോക്രട്ടീസ് :- 'ഇല്ല സുഹൃത്തുക്കളെ... ഇല്ല. യാഥാര്‍ത്ഥ്യം ഞാന്‍ പറഞ്ഞു... അത്രമാത്രം. ഈ സന്ദര്‍ഭത്തില്‍ മരിക്കുന്നതിനേക്കാള്‍ പ്രയോജനകരമായി എന്നെങ്കിലും മരിക്കാനാകുമോ...?'
{രണ്ടു പേരും പരസ്പരം നോക്കി നില്കുന്നു. സോക്രട്ടീസ് ശാന്തമായി മന്ദഹസിച്ചിട്ട് രണ്ടു പേരുടെയും തോളില്‍ കൈയിട്ടിട്ട് അല്പം നടക്കുന്നു. പെട്ടെന്ന് നിന്നിട്ട് ...}
സോക്രട്ടീസ് :- 'ഉന്മേഷവാനായിരിക്കുക. അടക്കപ്പെടുന്നത് എന്റെ ശരീരം മാത്രമാണെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടെ....?'
പ്ലേറ്റോ :- (ശ്രദ്ധിച്ചിട്ട്) 'ആരോ വരുന്നു'
ക്രിറ്റോ :- 'ശരിയാണ്.... കാലൊച്ച കേള്‍ക്കുന്നുണ്ട്'
സോക്രട്ടീസ് :- 'ശാന്ത ഗംഭീരനായി അത് എനിക്കു വേണ്ടി വരുന്ന ജയിലറാണ്. എന്റെ മറ്റൊരു സുഹൃത്ത്...' (മന്ദഹസിക്കുന്നു)
{ജയിലര്‍ കടന്നു വരുന്നു. പ്ലേറ്റോയും ക്രിറ്റോയും അല്പം നീരസത്തോടെ മാറി നില്കുന്നു. പക്ഷെ സോക്രട്ടീസ് ഹൃദയം തുറന്ന് മന്ദഹസിച്ചു കൊണ്ട് അയാള്‍ക്ക് സ്വാഗതം അരുളുന്നു }
സോക്രട്ടീസ് :- 'വരൂ...വരൂ...എന്റെ പ്രിയങ്കരനായ സുഹൃത്തേ... പക്ഷെ താങ്കളുടെ കൈകള്‍ ഇപ്പോഴും ശൂന്യമാണല്ലോ....?'
ജയിലര്‍ :- (വികാരാധീനനായി) 'ഇവിടെ വന്നിട്ടുള്ള ആരേക്കാളും സമുന്നതനും സമാരാധ്യനുമാണ് അങ്ങ്. വധശിക്ഷയ്ക് വിധേയരാകാന്‍ മുമ്പിവിടെ വന്നിട്ടുള്ളവരെല്ലാം എന്നോട് കോപിക്കുക പതിവാണ്.'
സോക്രട്ടീസ് :- (നിഷ്കളങ്കമായി ചിരിച്ചു കൊണ്ട്) 'എന്തിന് ഞാന്‍ കയര്‍ക്കണം സുഹൃത്തേ...? അധികാരികള്‍ നിര്‍ദ്ദേശിക്കുന്നു... താങ്കളത് അനുസരിക്കുന്നു. അതായത് കേവലം ആജ്ഞാനുവര്‍ത്തിയായ താങ്കളില്‍ പാപം കുടി കൊള്ളുന്നില്ല.'
ജയിലര്‍ :- (കണ്ണു നിറഞ്ഞ് ) 'അങ്ങെന്നോട് കയര്‍ക്കുകയില്ലെന്ന് എനിക്കറിയാം. അങ്ങയ്ക് നന്മ വരട്ടെ. നടക്കേണ്ടത് നടക്കുമ്പോള്‍ വേദന സഹിക്കാന്‍ അങ്ങയ്ക് ശക്തിയുണ്ടാകട്ടെ....' (തേങ്ങിക്കരയുന്നു)
സോക്രട്ടീസ് :- (അടുത്തു ചെന്ന് സമാശ്വസിപ്പിച്ചു കൊണ്ട്) 'എന്റെ സുഹൃത്തേ... അല്പം കൂടി ധൈര്യവാനാകൂ...ഉം പോയി വിഷം കൊണ്ടു വരൂ...'
{ജയിലര്‍ മടിച്ച്, തിരിഞ്ഞുനോക്കി പോകുന്നു. സോക്രട്ടീസ് അക്ഷോഭ്യനായി, താടി തടവിക്കൊണ്ട് മുന്നോട്ട് നടക്കുന്നു }
ക്രിറ്റോ :- (ഉത്കണ്ഠയോടെ) 'സോക്രട്ടീസ്, തിരക്കു കൂട്ടാതിരിക്കൂ... ഇനിയും സമയമുണ്ട്.'
പ്ലേറ്റോ :- (അകലെ ചൂണ്ടി) 'അതാ നോക്കൂ,....മലമുകളില്‍ ....മരങ്ങളുടെ ശിരസ്സില്‍ ഇപ്പോഴും സൂര്യപ്രകാശമുണ്ട്.'
സോക്രട്ടീസ് :- (പ്രശാന്തതയോടെ) 'അല്പം വൈകി വിഷം കുടിച്ചാല്‍ ഞാന്‍ കൂടുതലായി എന്തു നേടാനാണ്.'
{ജയിലര്‍ കപ്പുമായി അറച്ചറച്ച് കടന്നു വരുന്നു. മുഖം ദു:ഖം കൊണ്ട് ഘനീഭവിച്ചിരിക്കുന്നു}
സോക്രട്ടീസ് :- 'വരൂ സുഹൃത്തേ...വരൂ... കാത്തിരിപ്പിന്റെ വേദന ദുസ്സഹം തന്നെ ....അല്ലേ...?'
{ജയിലര്‍ സമീപ്പിക്കുന്നു. സോക്രട്ടീസ് കൈ നീട്ടുന്നു. ജയിലര്‍ കപ്പ് നല്കാനായി സോക്രട്ടീസിനു നേരെ കൈ നീട്ടുന്നു. പെട്ടെന്ന് സോക്രട്ടീസിന്റെ മുഖത്തു നോക്കിയിട്ട് , വേദനയോടെ കൈ തിരിച്ചെടുത്തിട്ട് , മുഖം തിരിച്ചു കൊണ്ട് }
ജയിലര്‍ :- 'വേണ്ട.... ദൈവമേ... വേണ്ട. എനിക്കിത് അങ്ങയ്ക് തരാന്‍ കഴിയുന്നില്ല... എന്റെ ജീവിതത്തിലെ ആദ്യാനുഭവം. ഈ പാപി ഇതു കുടിക്കാം...'
{ജയിലര്‍ വിഷം കുടിക്കാന്‍ കപ്പ് ചുണ്ടോടടുപ്പിക്കുമ്പോള്‍, സോക്രട്ടീസ് ബലമായി അത് പിടിച്ചു വാങ്ങുന്നു}
സോക്രട്ടീസ് ;- 'സുഹൃത്തേ... ധൈര്യവാനാകൂ... അനുഭവങ്ങളുടെ സമ്പത്തുള്ള എന്റെ സുഹൃത്തേ... ഞാനിനി എന്തു ചെയ്യണം...?'
ജയിലര്‍ :- 'വിങ്ങലോടെ വിഷം കുടിച്ച ശേഷം ചുറ്റി ചുറ്റി നടക്കുക. കാലുകള്‍ വേദനിച്ചു തുടങ്ങുമ്പോള്‍ വിഷം അതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.'
സോക്രട്ടീസ് :- 'നന്ദി സുഹൃത്തേ... നന്ദി.' (വിഷക്കപ്പ് ചുണ്ടോട് ചേര്‍ത്ത് മെല്ലെ കുടിക്കുന്നു. പ്ലേറ്റോയും ക്രിറ്റോയും ദു:ഖത്തോടെ , മുഖം തിരിച്ച് കേഴുന്നു. കണ്ടു നില്കാനാവാതെ, മുഖം പൊത്തി, ജയിലര്‍ രംഗത്തു നിന്നും നിഷ്ക്രമിക്കുന്നു,)
സോക്രട്ടീസ് :- (വിഷക്കപ്പ് താഴെ വെച്ചു കൊണ്ട്) 'നിങ്ങളെന്തിനു കരയുന്നു..? ഒരു മനുഷ്യന്‍ സമാധാനപൂര്‍വ്വം മരിക്കണമെന്നല്ലേ നാം പറയാറ് പതിവ്....? അതുകൊണ്ട് നിശബ്ദനായിരിക്കൂ....'
{സോക്രട്ടീസ് ചുറ്റി ചുറ്റി നടക്കുന്നു... മറ്റുള്ളവര്‍ പിന്നാലെ, ദു:ഖത്തോടെ, വേദന കടിച്ചമര്‍ത്തിയും. ..... പെട്ടെന്ന് സോക്രട്ടീസ് മുന്നോട്ടു നോക്കി , ആരോടെന്നില്ലാതെ....}
സോക്രട്ടീസ് :- 'ഹൃദയത്തില്‍ വിഷം കടക്കുമ്പോള്‍ അന്ത്യമുണ്ടാകും. ....അതുവരെ... അതുവരെ, ഇങ്ങനെ നടക്കാം.... അല്ലേ സുഹൃത്തുക്കളേ...?'
{രണ്ടുപേരും ഒന്നും മിണ്ടുന്നില്ല. ദു:ഖത്തോടെ തല കുനിച്ചു നില്കുന്നു. സോക്രട്ടീസ് അടുത്തു ചെന്ന് അവരുടെ മുഖമുയര്‍ത്തിയിട്ട്... }
സോക്രട്ടീസ് :- 'എന്റെ സുഹൃത്തുക്കളേ ...ദു:ഖിക്കാതിരിക്കൂ...' (കാലുകളിലേക്ക് നോക്കിയിട്ട് , തല ഉയര്‍ത്തി)'... അല്ലെങ്കില്‍ വേണ്ട... സുഹൃത്തുക്കളേ എന്റെ കാലുകള്‍ തണുത്തു തുടങ്ങി. ഞാനാ കട്ടിലില്‍ കിടക്കാം. നിങ്ങളെന്റെ അടുത്തിരിക്കൂ....'
{രണ്ടുപേരുടെയും തോളില്‍ കൈയിട്ട് , കാലുകളിഴച്ച്, സോക്രട്ടീസ് ഒരു വിധം കിടക്കയില്‍ ചരിഞ്ഞു കിടക്കുന്നു. പ്ലേറ്റോ കാല്‍ക്കലും ക്രിറ്റോ തലയ്കലും ഇരിക്കുന്നു.}
സോക്രട്ടീസ് :- [ഒരു നിമിഷം കണ്ണുകളടച്ചിട്ട് , പെട്ടെന്ന് കണ്ണു തുറന്നു കൊണ്ട്, ഒരു കൈയിലെ ഒരു വിരല്‍ ഉയര്‍ത്തി, 'ഒന്ന് ' എന്ന് കാണിച്ചു കൊണ്ട്...] 'ക്രിറ്റോ, ഞാന്‍ എസ്കലേപ്പിയസിന് ഒരു കോഴിയെ മടക്കിക്കൊടുക്കാനുണ്ട്.... ആ കടം വീട്ടുന്ന കാര്യം നീ ഓര്‍മ്മിക്കുമോ...?'
{കൈ മെല്ലെ താഴുന്നു.... }
ക്രിറ്റോ :- (ശ്രദ്ധിക്കാതെ , മുന്നോട്ടാഞ്ഞ്, നിശ്ചയത്തോടെ) 'ആ കടം വീട്ടപ്പെടും.... മറ്റെന്തെങ്കിലുമുണ്ടോ.....?'
[മറുപടി കേള്‍ക്കാത്തതുകൊണ്ട് സോക്രട്ടീസിനെ കുലുക്കി നോക്കുന്നു... ഇരുവരും ഒരു നിമിഷം സ്തംബ്ധരായിട്ട്...]
പ്ലേറ്റോയും ക്രിറ്റോയും :- 'സോക്രട്ടീസ്.....'
[പ്ലേറ്റോ കാല്‍ക്കല്‍ ചുംബിക്കുന്നു..... ക്രിറ്റോ കണ്ണുകളിലും. ഇരുവരും യാന്ത്രികമായി എഴുന്നേറ്റിട്ട്, മുന്നോട്ടു നടന്ന്, അകലെ നോക്കി.....]
പ്ലേറ്റോ :- (കൈ ചൂണ്ടി) 'അതാ സൂര്യനസ്തമിച്ചു....'
ക്രിറ്റോ :-(കൈ ചൂണ്ടി) ശരിയാണ്... ആ സൂര്യന്‍ അസ്തമിച്ചു...
പ്ലേറ്റോ :- (കൈ പിന്‍വലിച്ചു കൊണ്ട്) 'ഇനി ഒരു ഉദയം.....?'
ക്രിറ്റോ :- (കൈ പിന്‍വലിക്കാതെ) 'അകലെ....! അകലെ....!! വളരെ അകലെ..........!!!'

No comments:

Post a Comment