Monday, May 3, 2010

ലേഖനം

ചന്ദനപ്പള്ളി വലിയ പള്ളി
തെക്കന്‍ കേരളത്തിലെ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി വലിയ പള്ളി ചരിത്രത്താളുകളില്‍ ഇടം കണ്ടെത്തിയ പുണ്യകുടീരമാണ്. മതമൈത്രിയുടെ പ്രതീകമായ ഇവിടുത്തെ വലിയ പെരുന്നാളും ചെമ്പെടുപ്പു് മഹോത്സവും ജാതിമതഭേദമെന്യേ കൊടുമണ്‍ നിവാസികളുടെ വലിയ പെരുന്നാള്‍ തന്നെയാണ്.
കൊടുമണില്‍ നിന്നും ഒരു വിളിപ്പാടകലെയാണ് (കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ്), ചന്ദനപ്പള്ളി. പൗരാണികമായി വളരെ പ്രാധാന്യമുള്ള ഒരു ഭൂപ്രദേശം കൂടിയാണിത്. ശക്തിഭദ്രന്റെ തട്ടകമായ ചെന്നീര്‍ക്കര രാജസ്വരൂപത്തിന്റെ കോട്ട ഇവിടെ ആയിരുന്നു എന്നാണ് അഭിജ്ഞമതം. പഴയ കോട്ടയുടെ ജീര്‍ണിച്ച അവശേഷിപ്പുകള്‍ (മണ്‍ഭിത്തികള്‍) ഇപ്പോഴും ഇവിടെ കാണാം. കൂടാതെ കരിങ്കല്‍ പാത്രങ്ങളും മറ്റ് ചരിത്ര പ്രാധാന്യമുള്ള വസ്തുക്കളും കണ്ടു കിട്ടിയിട്ടുണ്ട്. ശ്രീബുദ്ധന്റെ ഇരുപതാമത്തെ ശിഷ്യനായ ചന്ദ്രന്റെ നാമവുമായി ചന്ദനപ്പള്ളി എന്ന സ്ഥലനാമം ശൃഖലിതമാണ്.
ചന്ദനപ്പള്ളി ഠൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കുമാറി പരിശുദ്ധിയുടെ ധവളാഭ ചൂടി ചന്ദനപ്പള്ളി വലിയ പള്ളി സ്ഥിതി ചെയ്യുന്നു. ഗോഥിക് ശൈലിയിലെ ഇതിന്റെ കുംഭഗോപുരങ്ങള്‍, മകുടങ്ങള്‍ വിശുദ്ധ റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മാതൃകയിലാണ്. പുതിയ പള്ളിയുടെ നീളം 164 അടിയും വീതി 64 അടിയും ഉയരം 152 അടിയുമാണ്. മദ്ബഹയുടെ ഉയരമാകട്ടെ 96 അടിയും. ആരാധനയ്കായി ഒരേ സമയം 3000 പേര്‍ക്ക് പങ്കെടുക്കാം.
ചന്ദനപ്പള്ളി പെരുനാള്‍ വളരെ പ്രസിദ്ധമാണ്. ജാതി മത ഭേദമെന്യേ ഏവരും സോദരത്വേന സംഗമിക്കുന്ന പുണ്യസങ്കേതമാണ്. മെയ് 7, 8 തീയതികളിലാണ് പെരുന്നാള്‍. തീര്‍ത്ഥാടന പാതയിലെ പഥിക ശരണം കൂടിയാണ് ഇന്ന് ചന്ദനപ്പള്ളി വലിയ പള്ളി.
തമിഴകത്തെ ചെങ്കോട്ടയില്‍ നിന്നാരംഭിച്ച് പുനലൂര്‍, പത്തനാപുരം, കൊടുമണ്‍ അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, ആനന്ദപ്പള്ളി വഴി ആലപ്പുഴ തുറമുഖത്ത് അവസാനിക്കുന്ന പ്രചീന നടപ്പാതയിലെ ഇടത്താവളങ്ങളിലൊന്നായിരുന്നു ചന്ദനപ്പള്ളി. ചന്ദനപ്പള്ളി, ആനന്ദപ്പള്ളി എന്ന സ്ഥലനാമം തന്നെ ബുദ്ധമതസങ്കേതത്തെ സൂചിപ്പിക്കുന്നു. തീര്‍ച്ചയായും വളരെ പുരാതനമായ ഈ പവിത്ര പ്രദേശം നിരവധി പഥികര്‍ക്ക് പാഥേയവും അഭയവും ചൊരിഞ്ഞിട്ടുണ്ടാകണം. അതില്‍ നിന്ന് ചന്ദനപ്പള്ളി വലിയ പള്ളിയുടെ മഹിമ മനസ്സിലാക്കാം.
ചന്ദനപ്പള്ളിയും കല്‍ക്കുരിശും സ്ഥിതി ചെയ്യുന്ന സ്ഥലം തെരുവ് എന്നാണ് അറിയപ്പെട്ടിരുന്നത്. ജാതി മത ഭേദമെന്യേ ജനതതി കല്ക്കുരിശിങ്കലെത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. അവരുടെ വിളിച്ചാല്‍ വിളിപ്പുറമെത്തുന്ന മദ്ധ്യസ്ഥന്റെ സാന്നിദ്ധ്യവും കൃപയും യഥേഷ്ടം നുകര്‍ന്നിരുന്നു.
വിശുദ്ധന്മാരുടെ പാദസ്പര്‍ശം കെണ്ട് പവിത്രമായ ഈ സന്നിധി ഇന്ന് വിശുദ്ധ കബറിടവും ആത്മീയതേജസ്സും കൊണ്ട് പൂര്‍വാധികം വിളങ്ങുന്നു.
വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ സ്ഥാപിതമായ ഈ ദേവാലയം ഇന്ന് അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായി വളര്‍ന്നിരിക്കുന്നു.
പുതുപ്പള്ളി പെരുന്നാളിനു പോയിരുന്ന ചന്ദനപ്പള്ളിയിലെ ഏതാനും വിശ്വാസികള്‍ അവിടുത്തെ ദിവ്യമായ കുരിശടി വണങ്ങി, ഉള്ളുരുകി പ്രാര്‍ത്ഥിച്ച് കൊണ്ടുവന്ന മണ്ണില്‍ പടുത്തുയര്‍ത്തിയതാണ് ഇവിടുത്തെ പുരാതന കല്‍ക്കുരിശ്. ഈ സംഭവം ഏതാണ്ട് 1700 കളുടെ ആദ്യപാദത്തിലായിരുന്നു.
ചന്ദനപ്പള്ളിയില്‍ ആദ്യമായി ദേവാലയമുയര്‍ന്നത് 1750 കളിലാണ്. പെരുന്നാളിന്റെ തുടക്കവും അക്കൊല്ലമാണ്. പെരുന്നാള്‍ റാസയില്‍ ചന്ദനപ്പള്ളിയിലെ ആബാലവവൃദ്ധര്‍ക്കു പുറമെ പരിസര പ്രദേശങ്ങളില്‍ നിന്നു കൂടി ജനങ്ങള്‍ വന്നു ചേരുമായിരുന്നു. കൂടാതെ കൊടുമണ്‍ ചെന്നീര്‍ക്കര സ്വരൂപത്തിലെ ശക്തിഭദ്ര നാടുവാഴിയുടെ പ്രതിനിധി ഭക്ത്യാദരപൂര്‍വം സന്നിഹിതനാകുമായിരുന്നു.
മുളന്തുരുത്തി സുന്നഹദോസില്‍ ചന്ദനപ്പള്ളി പള്ളിയുടെ പ്രതിനിധിയായി വികാരി കരിങ്ങാട്ടില്‍ സ്കറിയ തോമസ് പങ്കെടുത്തതായി സുന്നഹദോസിന്റെ ഹാജര്‍ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇടവകയിലെ ആവശ്യകതയും കാലഘട്ടത്തിന്റെ മുറവിളിയും 1875 ലും 1987 ലും ദേവാലയം പുതുക്കിപ്പണിയുന്നതിലേക്ക് നയിച്ചു. ശില്പവൈദഗ്ദ്യം കൊണ്ടും ആകാരം കൊണ്ടും വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ പേരിലുള്ള ഏഷ്യയിലെ ഒരു പ്രധാന പള്ളിയായി വളര്‍ന്നിരിക്കുന്നു.
2010 ഫെബ്രുവരി 26 ന് ചന്ദനപ്പള്ളി വലിയ പള്ളിയെ ആഗോള തീര്‍തഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നു. തീര്‍ച്ചയായും വിശ്വാസികളുടെ ഉള്ളം തദവസരത്തില്‍ ഭക്തിനിര്‍ഭരമായി തുടിക്കുകയാവാം.

No comments:

Post a Comment