Monday, May 3, 2010

കഥ

കൂട്ടം തെറ്റിയ കുഞ്ഞാട്

അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
അയല്‍പക്കത്തെ ജോഷ്വാച്ചായന്റെ മകന്‍ എബിന്‍, പിറവിയില്‍ തന്നെ രോഗപീഢയുമായാണ് കടന്നു വന്നത്. കാലുകള്‍ ശോഷിച്ച് വലിയ തലയുമായി, ഉടലുകള്‍ ചലിപ്പിക്കാതെ, മഞ്ഞ നിറം പൂണ്ട പല്ലുകള്‍ എപ്പോഴും കാട്ടി, വെറുതെ മച്ചും നോക്കി, ഇടയ്ക്കിടെ കിടക്കയില്‍ തന്നെ മലമൂത്രവിസര്‍ജ്ജനം ചെയ്ത് .... ഹോ ! ഒരേസമയം വ്യസനവും വെറുപ്പും ജനിപ്പിക്കുന്ന വൈകൃതം. ചെയ്യാത്ത ചികിത്സകളില്ല, കാണിക്കാത്ത വൈദ്യന്മാരുമില്ല....പക്ഷേ എബിന്‍ വാശിപ്പുറത്തെന്നപോലെ പഴയനില തുടര്‍ന്നു.
ഇടവകയിലെ ബെനഡിക് അച്ചന്റെ പ്രത്യേക താല്പര്യപ്രകാരം വെല്ലൂര്‍ മെഡിക്കല്‍ മിഷനില്‍ കൊണ്ടുപോയിരുന്നു. വണ്ടിക്കൂലി ചിലവായതു മിച്ചം ....! ആയിടയ്ക്കുവന്ന ചില ലാടന്മാരുടെ മൈലെണ്ണ - ഭസ്മ ചികിത്സ നടത്തി. അതിനെ തുടര്‍ന്ന് എബിനെ നിറുത്താത്ത ശര്‍ദ്ദിലിനും വയറിളക്കത്തിനുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
അങ്ങനെ എബിനൊരു പ്രശ്നമായി. അനുദിനം വളരുന്ന അവന്റെ തലപോലെ.
അങ്ങനെയിരിക്കെയാണ് അവര്‍ വന്നത്,
അതേ .... അവര്‍ ഏഴു പേരുണ്ടായിരുന്നു, ബര്‍ണാട് ഉപദേശിയും ആറ് സഹോദരിമാരും.
ചുറ്റുവട്ടത്തെ നാലഞ്ചുവീടുകളില്‍ മുറ്റമടിക്കാന്‍ വരുന്ന ചിരുതയാണ് അവരെ കൊണ്ടുവന്നത്. അയ്യോ! പറയാന്‍ വിട്ടുപോയി, ചിരുത എന്ന പേര് മാറ്റി ഇസബല്ല എന്നാക്കിയിട്ടുണ്ട്. അവളല്ല, പുതുതായി നാട്ടില്‍ വന്ന ബര്‍ണാട് ഉപദേശി. അയാള്‍ കാടുപിടിച്ചു കിടന്ന കല്ലടിക്കുന്ന് വിലയ്ക്കുവാങ്ങി ജെ.സി.ബി. കൊണ്ട് നിരപ്പാക്കി അവിടെ പ്രാര്‍ത്ഥനാകൂടാരം കെട്ടി. മിക്ക നേരങ്ങളിലും പറത്തോല്‍ കൊണ്ടുള്ള വലിയ തമ്പേറില്‍ മുട്ടി ശബ്ദമുഖരിതമാക്കും.
ജയം ജയം ഹല്ലേലുയ്യ
ജയം ജയം എപ്പോഴും
യേശുനാഥ നാമത്തിന്
ജയം ജയം എപ്പോഴും
വിശ്വാസികള്‍ക്കുള്ള വിളികേട്ട് ചിലരൊക്കെ കുന്ന് കയറാന്‍ തുടങ്ങി. ഇന്നതൊരു ഘോഷയാത്ര പോലെ വളര്‍ന്നിരിക്കുന്നു.
'മേരിക്കുട്ടിയേ ... നീ ഇന്നും പള്ളീലേക്കില്ലേ?'
ഭര്‍ത്താവിന്റെ അമ്മച്ചിയാണ്, പള്ളിപ്പെരുന്നാളായിട്ടും പോകുന്നില്ലേ എന്നാണ് ധ്വനി. ശരിയാണ് ഈയിടെയായി പള്ളിയും ബെനഡിക് അച്ചന്റെ സ്ഥിരം വചനങ്ങളും അങ്ങനങ്ങോട്ട് പിടിക്കുന്നില്ല.
'ഇല്ലമ്മച്ചീ... ഞാന്‍ എബിന്റെ വീട്ടിലെ കൂട്ട പ്രാര്‍ത്ഥനയ്കു പോകുകയാ' വളരെ പെട്ടെന്ന് മറുപടി പറഞ്ഞു. അല്ലെങ്കില്‍ പള്ളിയില്‍ കൂടാത്തതിന് വഴക്കും വക്കാണവുമായി വരും. അമ്മച്ചി ഗേറ്റു തുറന്ന് പുറത്തിറങ്ങിയിട്ട് അത് ശബ്ദത്തോടെ വലിച്ചടച്ചു. കൂടെ ചെല്ലാത്തതിന്റെ ദ്വേഷ്യമാണ്.
എബിന് പറയത്തക്ക സൗഖ്യമൊന്നും കൂട്ടപ്രാര്‍ത്ഥന കൊണ്ടുണ്ടായില്ല, പക്ഷേ ഒരു ആത്മീയസൗഖ്യമണ്ടായതായി ബര്‍ണാട് ഉപദേശി പറഞ്ഞു. വിശ്വസിക്കുന്നവര്‍ കരങ്ങള്‍ അടിച്ച് പ്രാര്‍ത്ഥിക്കാന്‍ ഉപദേശി പറഞ്ഞു.
കരഘോഷം മുഴങ്ങുമ്പോള്‍ അറിയാതെ കൂടി. പിന്നതൊരു പതിവു ലഹരിയായി. പതുക്കെ പതുക്കെ പള്ളിയും പട്ടക്കാരും അവിടുത്തെ ചിട്ടവട്ടങ്ങളും തന്റെ ഉള്ളില്‍ നിന്നും പുറത്തായി. കമ്മലും മാലയും ധരിക്കുന്നതൊഴിവാക്കി. അമ്മച്ചിയെ പേടിച്ച് കനം കുറഞ്ഞ സ്വര്‍ണ്ണനൂലില്‍ പേരിനൊരു മിന്നുമാത്രം കെട്ടി.
'എല്ലാം ജഢവസ്തുവാണ്. ജീവിക്കുന്ന നമ്മുടെ പൊന്നു തമ്പുരാന്‍ ഇന്നു നമ്മേ സൗഖ്യമാക്കുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം'
ബര്‍ണാട് ഉപദേശി തൊണ്ടകീറി, കരഘോഷം മുഴക്കി, ഇരു കൈകളും മുകളിലേക്കുയര്‍ത്തി അത്യുന്നതങ്ങളിലേക്ക് കണ്ണും നട്ട് പ്രാര്‍ത്ഥന തുടങ്ങി. കൂടാരമാകെ ഇളകി മറിഞ്ഞു. ഭ്രാന്തമായ ചേഷ്ടകളോടെ അവിടെ കൂടിയ മക്കള്‍ തുള്ളി ഉറയുന്ന ഉപദേശിയിലേക്ക് ചേക്കാറാനെന്നവണ്ണം മുന്നോട്ടാഞ്ഞു..... കരങ്ങള്‍ ഉയര്‍ത്തി.... കരഘോഷം മുഴക്കി. ഭക്തി അതിന്റെ പാരമ്യത പൂകി. പിശാചിന്റെ സന്തതികള്‍ കെട്ടുപാടുകള്‍ അറുത്ത് കൂടാരത്തിലാകെ ഗതി കിട്ടാതലഞ്ഞു. അവസാനം പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പുറത്തേക്കു പാഞ്ഞു.
അലറിത്തുള്ളിയ മക്കള്‍ എങ്ങും തളര്‍ന്നു വീണു കിടക്കുന്നു, യുദ്ധക്കളം പോലെ. ഒരാള്‍ മാത്രം തല ഉയര്‍ത്തി എന്തൊക്കെയോ പിറുപിറുക്കുന്നു. അത് ബര്‍ണാട് ഉപദേശിയായിരുന്നു. താന്‍ അവിശ്വാസത്തോടെ, തെല്ലു പകച്ച് നോക്കവെ ബര്‍ണാട് ഉപദേശി ആംഗ്യഭാഷയില്‍ അടുത്തേക്കു വിളിച്ചു. യാന്ത്രികമായി കാലുകള്‍ ചലിച്ചു.... അങ്ങോട്ടേക്കു തന്നെ.
മുട്ടുകുത്താന്‍ ഒരുങ്ങവെ തന്നെ പിടിച്ചുയര്‍ത്തി ചേര്‍ത്തു നിര്‍ത്തി. തമ്പേറു കൊട്ടി തഴമ്പുവീണ കരങ്ങള്‍ തലയില്‍ വച്ച് ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു.
'.... പുതിയ വെളിച്ചം തേടിയെത്തിയ ചിത്രശലഭം പോലെ, മകളെ നിന്നെ തമ്പുരാന്‍ കാണുന്നു. നിന്റെ പേര്‍ ചൊല്ലി സ്വര്‍ഗം വാതില്‍ തുറക്കുന്നു. അവനോ ഒന്നും കൊണ്ടു വന്നില്ല, അപ്രകാരം നീയും. എന്നാല്‍ വിശ്വാസത്താലത്രെ നാം പണിഞ്ഞത്. എത്രയും പെട്ടെന്ന് നീ തമ്പുരാനെ കൈക്കൊള്ളുക, സ്നാനപ്പെടുക ... മശ്റക്കം... മശ്റക്കം... ഹല്ലല ...ഹല്ലല ..മകടം ....മകടം ... മടാടമകടം ...മകടം ....മകടം ... മടാടമകടം ...'
'ഹല്ലേലൂയ്യ..... ഹല്ലേലൂയ്യ....സ്തോത്രം.... സ്തോത്രം....'
'സോത്രം സോത്രം '
അന്യഭാഷയുടെ ലാവയില്‍ കുത്തിയൊലിച്ചിറങ്ങിയത് അനുതാപത്തിന്റെ ചുടുകണ്ണീരായിരുന്നു. അനുഭവത്തിന്റെ ദൃഢചരിതവുമായി ദൈവമക്കളുടെ നിര നീണ്ടു.
കാലം എത്ര പെട്ടെന്നാണ് മനുഷ്യനെ മാറ്റി മറിക്കുന്നത്....? തികഞ്ഞ ദൈവ വിശ്വാസം പള്ളിയില്‍ കാണാനാകാതെ കൂരിരുളില്‍ മുങ്ങവെ, എത്ര വേഗമാണ് നാഥന്‍ ഹൃദയത്തോട് തന്നെ ചേര്‍ത്തടുപ്പിച്ചത്....! ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുത പരമ്പരകള്‍ തന്നെ തീര്‍ക്കുന്നു.
കാന്‍സര്‍ പിടിച്ച് വഷളായി മെഡിക്കല്‍ കോളേജില്‍ നിന്നും വീട്ടിലേക്ക് മരണത്തിനായി നടതള്ളിയ ചോലപ്പറമ്പിലെ ഓനാച്ചയന്‍ സൗഖ്യം പ്രാപിച്ചത് തമ്പുരാന്റെ കൃപയാല്‍ ബര്‍ണാട് ഉപദേശിയിലൂടെയാണ്. അഞ്ചു ദിവസത്തെ കൂട്ടപ്രാര്‍ത്ഥന, പിന്നൊരു ദിവസത്തെ ഉപവാസം, മൗനവൃതം. ഓനാച്ചായന്‍ തനിയെ വടിയും കുത്തി നിരത്തിലിറങ്ങാന്‍ തുടങ്ങി.
ആലിത്തോട്ടത്തിലെ മറിയാമ്മ വെല്ലൂരൊക്കെ പോയി ചികിത്സിച്ചതല്ലിയോ....? അവര്‍ക്ക് തലയില്‍ ചക്ക പോലത്തെ മുഴ വന്നു. ആദ്യമൊക്കെ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്ക് വരുമ്പോള്‍ തലയിലൂടെ കട്ടിയുള്ള നേര്യതു പുതച്ച് മുഴ മറയ്ക്കും. പിന്നെ പിന്നെ അത് മറയ്ക്കാനാവാത്ത വിധം വലുതായി... അവര്‍ പുറത്തിറങ്ങാതായി. അച്ചന്‍ മുന്‍കൈയെടുത്താണ് അവരെ വെല്ലൂര്‍ക്ക് അയച്ചത്. പോയതു മാത്രം മിച്ചം. റേഡിയേഷന്‍ മൂലം മുടിയൊക്കെ കൊഴിഞ്ഞ് വികൃതമായാണ് തിരിച്ചെത്തിയത്. ഏതാണ്ട് വലിയ ഓപ്പറേഷനും നടത്തിയത്രെ.
വ്യസനിച്ച് മുറിയടച്ചിരുന്ന മറിയാമ്മ ചേടത്തിയെ കൂട്ട പ്രാര്‍ത്ഥനയിലൂടെ വീണ്ടെടുത്തത് ബര്‍ണാട് ഉപദേശിയാണ്. ഇന്ന് എവിടെ പ്രാര്‍ത്ഥനയുണ്ടെങ്കിലും ആദ്യമോടിയെത്തുന്നത് അവരാണ്. സദസ്സിനോട് സാക്ഷ്യം പറയുമ്പോളുള്ള അവരുടെ ചൈതന്യം ഒന്നു കാണേണ്ടതു തന്നെ.
യെശയ്യ പ്രവചനം നാല്പത്തിമൂന്നാം വാക്യം ചൊല്ലി അവര്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കും -
'യഹോവാ ഇപ്രകാരം അരുളി ചെയ്തിരിക്കുന്നു -'
'ഭയപ്പെടേണ്ടാ'
'ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു'
'നീ എനിക്കുള്ളവന്‍ തന്നെ'
'നീ വെള്ളത്തില്‍കൂടി നടക്കുമ്പോള്‍'
'അവ നിന്റെ മീതെ കവിയുകയില്ല'
'നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല'
'അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയില്ല'
'നിന്റെ ദൈവവും യിസ്രയിലിന്റെ പരിശുദ്ധനുമായ'
'യഹോവ എന്ന ഞാന്‍ നിന്റെ രക്ഷകന്‍'
'....ഹലേലൂയ്യ സോത്രം'
'സോത്രം സോത്രം സോത്രം '
നിരന്തര പ്രാര്‍ത്ഥനയിലൂടെ നിരവധി ആത്മാക്കള്‍ രക്ഷപ്രാപിക്കവെ താനറിയാതെ തമ്പുരാനോട് കൂടുതല്‍ അടുത്തു. ബര്‍ണാട് ഉപദേശിയിലൂടെ തമ്പുരാന്‍ അത്ഭുതങ്ങള്‍ തുടരുകയാണ്. നാട്ടിലും പുറംനാട്ടിലും പെരുമ പടരവെ എല്ലാ വെള്ളിയാഴ്ചകളും കൂട്ടപ്രാര്‍ത്ഥനക്കായി നീക്കി വെച്ചു. ജന്തുശാസ്ത്രം പഠിപ്പിക്കുമ്പോഴും അതിലെ പല ശാസ്ത്രതത്വങ്ങളും ദഹിക്കാതെ വന്നു. പ്രത്യേകിച്ച് സൃഷ്ടിയുടെ കാര്യത്തില്‍...! പാരമ്പര്യ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മെന്‍ഡലീഫിനെ എന്നേ പടിയടച്ചു പിണ്ഡം വെച്ചു... പകരം ഉടയതമ്പുരാന്‍ അരുളിയ സ്ത്രോത്രങ്ങള്‍ പഠനത്തിനിടയില്‍ തിരുകി ആത്മസൗഖ്യം നേടി.
പ്രബോധനങ്ങളിലൂടെ, പ്രസംഗങ്ങളിലൂടെ, നിരവധി സാക്ഷ്യങ്ങളിലൂടെ ഞാന്‍ അപരയായി മാറി... തമ്പുരാന്റെ തിരുസന്നിധിയിലെ നിത്യ സന്ദര്‍ശകയായി. ബര്‍ണാട് ഉപദേശി ഒരിക്കല്‍ റാന്നിയിലെ കൂട്ടപ്രാര്‍ത്ഥനക്കിടയില്‍ പറഞ്ഞതിപ്പോഴും മുഴങ്ങുന്നു.
'സ്ത്രോത്രം....സ്ത്രോത്രം... ഈ കുഞ്ഞേലിയാമ്മ ടീച്ചറിനെ നോക്കുവിന്‍ ദൈവമക്കളെ... അവന്‍ മണിമന്ദിരങ്ങളില്‍ പാര്‍ക്കുന്നവനല്ല എന്ന് തിരിച്ചറിഞ്ഞ് നമ്മോട് കൂടിയതാണ്. എല്ലാ കൂട്ടപ്രാര്‍ത്ഥനകള്‍ക്കും മുന്നിട്ടിറങ്ങുന്ന ടീച്ചര്‍ സ്കൂളില്‍ പഠിപ്പിക്കുന്നത് ബയോളജിയാണ്. അതായത് മനുഷ്യന്‍ കുരങ്ങീന്ന് ഉണ്ടായതാണെന്ന്.... നിങ്ങള്‍ ചിരിക്കണ്ട.. സ്ത്രോത്രം ചൊല്ലുവിന്‍...'
'സ്ത്രോത്രം....സ്ത്രോത്രം... '
'മനുഷ്യന്‍ കുരങ്ങീന്നാണെങ്കില്‍ എന്റെ ദൈവമക്കളേ... ഞാന്‍ പള്ളിക്കൂടത്തില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം കാഴ്ച ബംഗ്ളാവില്‍ വിനോദയാത്രക്ക് പോയിട്ടുണ്ട്. അവിടുത്തെ കുരങ്ങന്മാരുടെ വികൃതിത്തരങ്ങള്‍ കാണാന്‍ ബഹുകേമമാണ്. നമ്മുടെ കുഞ്ഞേലിയാമ്മ ടീച്ചറിന്റെ ശാസ്ത്രപ്രകാരം അതെല്ലാം ഇപ്പോ മനുഷ്യരായി കാണണമല്ലോ... ഇല്ലിയോ ടീച്ചറേ....?'
താനെന്തു പറയാന്‍... കൂട്ടത്തില്‍ ചേര്‍ന്നു ചിരിച്ചു... സ്ത്രോത്രം ചൊല്ലി...
'സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
'ഹാലേലൂയ്യ പാടി സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ യേശുദേവനെ'
അതിനിടയില്‍ ബര്‍ണാടുപദേശി ഇത്രയും കൂടി പറഞ്ഞു -
'...ടീച്ചര്‍ സ്കൂളിലൊക്കെ പഠിപ്പിക്കുന്നതല്ലിയോ.. സഭാകമ്പം വിട്ട് ഈ ദൈവപൈതലുകള്‍ക്കായി ഒന്ന് പ്രാര്‍ത്ഥിച്ചാട്ടെ...'
അവിടുന്ന് ആരംഭിച്ച പ്രാര്‍ത്ഥനയും പ്രസംഗവും ഇന്നും തമ്പുരാന്റെ കൃപാകടാക്ഷത്താല്‍ തുടരുന്നു. ഒരു ലഹരിയായി തന്നെ.. പക്ഷേ സ്കൂളിലെ അദ്ധ്യയനം താറുമാറായി. രണ്ടു വിശ്വാസങ്ങള്‍ തമ്മിലുള്ള ദ്വന്ദയുദ്ധത്തില്‍ താന്‍ പരീക്ഷീണയായി. വര്‍ഷങ്ങളിലൂടെ നേടിയ ശാസ്ത്രവിജ്ഞാനങ്ങളെ വെറും ജഢവസ്തുവായി ബര്‍ണാട് ഉപദേശി അവതരിപ്പിക്കവെ, താനതിലൊരു തുഴയില്ലാ തോണിയായി ഉലയവെ, മിഥ്യാ ബോധതലങ്ങളില്‍ നീന്തിത്തുടിക്കവെ, എന്റെ പ്രയപ്പെട്ട കുഞ്ഞുങ്ങളെ ക്ലാസില്‍ കാണാനാകുന്നില്ല.... പകരം അവിടൊക്കെ ദൈവമക്കള്‍ ആത്മീയ ദാഹവുമായി നിരന്നിരിക്കുന്നു.....
ശരിയാണ്.... ഞാനിവിടെ കൂട്ടം തെറ്റിയ കുഞ്ഞാടു തന്നെ.....! 14/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

2 comments:

  1. :-) വെറും തമാശ അല്ല...ഇപ്പോ കേരളത്തില്‍ അറിവുള്ളവര്‍ പോലും പെട്ടെന്നു വഴി മാറിപ്പോകുന്നു...

    ReplyDelete
  2. എല്ലാം അങ്ങേ മഹത്വത്തിനായി..
    എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായി..
    തീര്‍ന്നിടണമേ പ്രിയനെ
    തിരുനാമം ഉയര്‍ന്നിടട്ടെ

    ReplyDelete