Saturday, May 1, 2010

ലേഖനം

ഓമല്ലൂര്‍ വയല്‍ വാണിഭം
ഏതാണ്ട് മൂന്നു നൂറ്റാണ്ടോളം പഴമയുടെ പദവി കല്പിക്കപ്പെട്ടിരിക്കുന്നു ഓമല്ലൂര്‍ വയല്‍ വാണിഭത്തിനും അതിന്റെ പെരുമയ്കും. നാലും കൂട്ടി വിശാലമായി ഒന്നു മുറുക്കി കളപ്പുരയിലിരുന്നു വെടിവട്ടം പറയുന്ന കാര്‍ന്നോന്മാരുടെ മനസ്സില്‍ ഓമല്ലൂര്‍ വാണിഭപ്പെരുമ പെരുമ്പറ മുഴക്കുകയാണ്. തുള്ളിക്കൊരു കുടം പോലെ അവര്‍ ആയിരം നാവുകളുമായി ആ ഗതകാല സ്മരണകള്‍ അനായാസം നിരത്തുന്നു.
മീനമാസത്തിലെ കത്തിപ്പടരുന്ന സൂര്യനകമ്പടിയായുള്ള ഒന്നാം തീയതി വാണിഭത്തിന്റെ തുടക്കമാണ്. കാലില്‍ ചിലമ്പും കെട്ടി, കൊമ്പില്‍ കിലുക്കും കെട്ടി മേടമാസത്തിലെ വിഷുവിന്റെ തലേന്നുവരെ നാടായ നാട്ടിലെ വഴികളൊക്കെ പ്രകമ്പിതമാക്കി കന്നുകാലികളുടെ ഘോഷയാത്രയാണ്.... ഓമല്ലൂര്‍ വാണിഭമരങ്ങേറുന്ന വിശാലമായ വയലേലകളാണ് ലക്ഷ്യം. കൈപ്പട്ടൂര്‍ കടവു മുതല്‍ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള വിസ്തൃതമായ വയല്‍നിരയാണ് ഈ രംഗവേദി. പഴമയുടെ പൊന്‍പ്രഭയില്‍ ഈ വിസ്തൃതമായ വയലേല എന്നൊക്കെ കേള്‍ക്കാന്‍ എന്തു രസം...? പക്ഷെ ഈ നാട്ടില്‍ ഇന്നു ജീവിക്കുന്ന പുതുതലമുറയ്കറിയാം അവിടെ വിസ്തൃതം പോയിട്ട് മരുന്നിനു പോലും വയല്‍ കിട്ടാന്‍ പ്രയാസമാണെന്ന്. എല്ലാം ദുര മൂത്ത മനുഷ്ന്‍ നികത്തി വീടുകളും കടകളും മള്‍ട്ടി സ്റ്റോറീട് ബില്‍ഡിങ്ങുകളും (ബഹുനില കെട്ടിടങ്ങള്‍ എന്ന് ഒരു വിധം മലയാളത്തില്‍ പറയാമെന്നു തോന്നുന്നു....) തീര്‍ത്തിരിക്കുന്നു. പക്ഷെ ഒരു കാര്യം ശരിയാണ്, കൈപ്പട്ടൂര്‍ കടവു മുതല്‍ ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം വരെയുള്ള റോഡ് നേര്‍വരപോലെയാണ്, വളവോ തിരിവോ ഇല്ല. അപ്പോള്‍ വളരെ പണ്ട് വിശാലമായ ആ വയല്‍നിരയൊന്ന് മനസ്സില്‍ കണ്ടു നോക്കൂ... വിദൂരതയില്‍ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കൊടിമരം തിളങ്ങുന്ന മനോഹരമായ കാഴ്ച ഇങ്ങ് കൈപ്പട്ടൂര്‍ കടവിലിരുന്ന്, തെളനീരൊഴുകുന്ന ആറ്റിലെ ഓളങ്ങളില്‍ കാലിട്ടിളക്കി കാണാന്‍ കഴിഞ്ഞിരുന്ന പഴമക്കാരുടെ ഭാഗ്യകാലമൊന്ന് ചിന്തിക്കൂ.... അസൂയ തോന്നുന്നില്ലേ....?
വയല്‍ വാണിഭത്തിന് കാളവാണിഭം ഒരാഴ്ചയോളം കാണും, എന്നാല്‍ ഇതിന്റെ ഭാഗമായുള്ള കാര്‍ഷികോല്പന്ന വിപണനമേള ഒരു മാസത്തോളം നീളും. പേര്‍ഷ്യിലെ സാക്ഷാല്‍ ഈന്തപ്പഴം യഥേഷ്ടം ഈ മേളയില്‍ ലഭ്യമായിരുന്നു. കാളവാണിഭത്തിന് സമീപജില്ലകളായ ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രാതിനിധ്യം ഉണ്ടായിരുന്നു. കാളവണ്ടികള്‍, വണ്ടിക്കാളക്കൂറ്റന്മാര്‍, ബലിഷ്ഠപേശികളുള്ള ഉഴവു കാളകള്‍ പോത്ത്, എരുമ, ആട് തുടങ്ങിയ മറ്റ് മൃഗജാലം എന്നിവ ഗ്രാമാന്തരങ്ങളില്‍ നിന്നും വാണിഭത്തിനെത്തുമായിരുന്നു. കര്‍ഷകര്‍ക്ക് ഉരുപ്പടികള്‍ വെച്ചുമാറാനും കാര്‍ഷിക രംഗത്തെ പുതിയ ട്രെന്‍ഡുകള്‍ (രീതികള്‍...?)പരസ്പര പങ്കിടലിലൂടെ തിരിച്ചറിയാനും ഒരു വലിയ പരിധി വരെ ഈ വാണിഭം ഉപകരിച്ചിരുന്നു. ശ്രദ്ധിക്കേണ്ട കാര്യം ഈ വാണിഭം അരങ്ങേറുന്നത് കേരളത്തിന്റെ നെല്ലറയായ കുട്ടനാടന്‍ പാടശേഖരങ്ങളിലെ കാറ്റിന് പുഞ്ചക്കൃഷിക്കുള്ള മാദകഗന്ധം പകരുമ്പോളാണ്, ഊഷരമണ്ണില്‍ വിത്തെറിയാന്‍ കൃഷീവലന്മാര്‍ ദാഹാര്‍ത്തനായി ഉണരുമ്പോളാണ്,... വയല്‍ വാണിഭം അതിനനുയോജ്യമായ ഭൂമിക തീര്‍ക്കുന്നുവെന്നുമാത്രം.
തോര്‍ത്തുകൊണ്ട് മറച്ച വിരലുകളില്‍ പരസ്പരം കാണാതെ പിടിച്ച് വില പറയുന്ന രീതിയാണ് പൊതുവെ എവിടെയും കന്നുകാലി കച്ചവടക്കാര്‍ സ്വീകരിക്കുന്നത്. കന്നുകാലി കച്ചവടം കാണാന്‍ വന്നു നില്കുന്ന വഴപോക്കര്‍ വിലയറിയണ്ട എന്നതിലുപരി ഏതെങ്കിലും കാരണവശാല്‍ കച്ചവടം അല്ലെങ്കില്‍ 'ഡീല്‍' നടന്നില്ലെങ്കില്‍ തൊട്ടടുത്ത് തയ്യാറായി നില്‍ക്കുന്ന മറ്റൊരുവനോട് പുതിയ രീതിയില്‍ വിലപേശാനും ഉപകരിക്കും എന്നതാണ്. വിരലിന്റെ പകുതിയില്‍ പിടിച്ചാല്‍ അര എന്നും, മുഴുവനും പിടിച്ചാല്‍ ഒന്ന് എന്നുമാണര്‍ത്ഥം. ഈ അര, ഒന്ന് എന്നത് കാലികളെ ആശ്രയിച്ചിരിക്കും. അവയുടെ വലിപ്പം, ചെറുപ്പം, പേശീബലം, കൊമ്പ് -കുളമ്പിന്റെ പ്രത്യേകത, ജോലിയിലെ മികവിനെക്കുറിച്ചുള്ള കേട്ടറിവ് എന്നിവയെ അടിസ്ഥാനമാക്കി അമ്പത്, നൂറ്, അഞ്ഞൂറ്, ആയിരം എന്നിങ്ങനെ മാറുന്നു.
വയല്‍ വാണിഭത്തിന്റെ കോഡും ഡീകോഡും :-
കാലി ഉടമകളും കച്ചവടക്കാരും തമ്മില്‍ നടക്കുന്ന വിലപേശലില്‍ ഉപയോഗിച്ചിരുന്ന രഹസ്യ ഭഷയുടെ ചില സാമ്പിളുകള്‍ ഇതാ.....
ഒന്നു മുതല്‍ പത്തുവരെയുള്ള അക്കങ്ങള്‍ക്കു പകരം പ്രത്യേകപദങ്ങള്‍ ഉപയോഗിച്ച് ഓമല്ലൂര്‍ കാളവാണിഭത്തിന് ഒരു പ്രത്യേക ഭാഷ തന്നെ ഉണ്ടായിരുന്നു..... ഒരു സ്ഥലസൂചിക അല്ലെങ്കില്‍ ലാന്റ് മാര്‍ക്ക് പോലെ. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഈ രഹസ്യ ഭാഷ ഇന്ന് പൂര്‍ണമായും ആര്‍ക്കും അറിയില്ല, കുറെയൊക്കെ കാലാന്തരത്തില്‍ അന്യം നിന്നിരിക്കുന്നു.
പഴമക്കാരുടെ ഓര്‍മ്മച്ചെപ്പില്‍ നിന്നും കിട്ടിയത് ദാ ഇതൊക്കെയാണ്.....ഇങ്ങനെയാണ്.... കാളക്കച്ചവടക്കാരുടെ ഭാഷയാണ്, അല്പം അശ്ലീലച്ചുവ കാണും.... ക്ഷമിക്കുമല്ലോ.....?
ചവ് = ഒന്ന്
തോവ് = രണ്ട്
തിലവു = മൂന്ന്
പാത്ത് = നാല്
തട്ടല് = അഞ്ച്
തടവല് = ആറ്
നൊളയ്ക്കല് = ഏഴ്
വലു = എട്ട്
തായം = ഒന്‍പത്
പുലു = പത്ത്
പത്തിനു ശേഷം മേല്പറഞ്ഞ പ്രതീകങ്ങളെ അനുയോജ്യമായി ചേര്‍ത്തു പറഞ്ഞാല്‍ മതി.
ഉധാഹരണമായി -
പുലു ചാവ് = പതിനൊന്ന്
പുലു തോവ് = പന്ത്രണ്ട്
തോ പുലു = ഇരുപത്
തി പുലു = മുപ്പത്
പുലു പുലു = നൂറ് ..... എന്നിങ്ങനെ. നോക്കൂ, എത്ര അനായാസമായി ഇന്നാട്ടുകാര്‍ സംഖ്യകളെ എടുത്ത് അമ്മാനമാടുന്നു. പരിഷ്കാരത്തിന്റെ വേരുകളില്‍ തട്ടി ഒരു വലിയ ജനതയുടെ ആത്മാവിഷ്കാരങ്ങളാണ് തകര്‍ന്നടിഞ്ഞില്ലാതായത്.
ഫ്ളാഷ് ബായ്ക് :-
സ്ഥലം ഓമല്ലൂര്‍ വേലന്‍ തറ.- സീനില്‍ വിശാലമായ വയല്‍പ്പരപ്പ് - കൊയ്തു് കഴിഞ്ഞ സമയം - എവിടെയും ആള്‍കൂട്ടം - കന്നുകാലിക്കൂട്ടങ്ങളും അവയുടെ പാലകരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു - അവര്‍ ഉരുപ്പടികളെ ക്രയവിക്രയം ചെയ്യുന്നതിന്റെ ക്ലോസ് ഷോട്ട് --
തലയില്‍ നീല തലക്കെട്ട് അണിഞ്ഞ ഒരാള്‍ കട്ടി മീശയും വെള്ളിത്തലപ്പാവുമണിഞ്ഞ മറ്റൊരാളിനോട് -
അവരുടെ കൈകള്‍ രണ്ടും വായുവില്‍ സംസാരമനുസരിച്ച് ചലിക്കുന്നുണ്ട് - ക്ലോസ് ഷോട്ട് --
ആദ്യത്തെ ആള്‍ മറ്റേയാളിനോട് -
തിലുപുലു
പുലുവട്ടം - മറ്റേയാളിന്റെ പ്രതികരണം
ചാവട്ടുകൂടി - ആദ്യം പറഞ്ഞയാളിന്റെ മറുപടി
ഇവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ പൊരുള്‍ ഇപ്രകാരമാണ് -
തിലുപുലു = മൂന്നു പത്ത് (3000)
പുലുവട്ടം = ആയിരം (1000)
ചാവട്ടുകൂടി = നൂറു രൂപ കൂടി (100)
1000 വരെയുള്ള രൂപയ്ക് ഒരക്ക കോഡുകളോട് വട്ടം എന്നു ചേര്‍ത്ത് പറയുന്നു. 2000 മുതലുള്ള രൂപയ്ക് രണ്ടക്ക കോഡ് ഉപയോഗിക്കുന്നു. ഭാഷാവിദഗ്ദരുടെ മേല്‍കോയ്മ അടക്കി വാണിരുന്ന പ്രബുദ്ധമായ കാളച്ചന്തയായിരുന്നു ഓമല്ലൂര്‍ വേലന്‍ തറ എന്ന് ഇതില്‍ നിന്ന് അനുമാനിക്കാം. ഇന്ന് വേലന്‍ തറ 'ഓമല്ലൂര്‍ തറ' എന്നു മാത്രമായി ലോപിച്ചിരിക്കുന്നു.
കാളച്ചന്തയുടെ അവിഭാജ്യഘടകമാണ് ഇടനിലക്കാര്‍. ഇന്ന് വസ്തു കച്ചവടമായാലും വിവാഹക്കാര്യമായാലും ഇടനിലക്കാര്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു. അതുപോലെ പണ്ട് കന്നുകച്ചവടത്തിലും സര്‍വ്വാധിപത്യം പുലര്‍ത്തിയിരുന്ന വര്‍ഗ്ഗമാണ് ഇവര്‍. ഇവരുടെ വേഷഭൂഷകളും ചേഷ്ടകളും രസാവഹവും കൂടുതല്‍ ദുര്‍ഗ്രഹവുമാണെന്നാണ് പഴമക്കാര്‍ പങ്കുവെയ്കുന്നത്. കോഡുകളുടെ തമ്പുരാക്കന്മാരാണിവര്‍. അത് ചിലപ്പോള്‍ ഒരു പ്രത്യേക തരം മൂളലാവാം, ആംഗ്യമാവാം, ഒഴിവാക്കാനാവില്ലെങ്കില്‍ സംഭാഷണവുമാവാം. ദൂരെ നിന്ന് വീക്ഷിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അവര്‍ പരസ്പരം സംഭാഷണം ചെയ്യുന്നതായേ തോന്നില്ല, മറിച്ച് കണ്ണില്‍ കണ്ണില്‍ നോക്കി നില്കുകയും ഇടയ്ക് അങ്ങോട്ടുമിങ്ങോട്ടും തട്ടി പൊട്ടിച്ചിരിച്ച് നില്‍ക്കുന്നതായുമേ തോന്നുകയുള്ളു. ഒന്നു രണ്ടു സാമ്പിള്‍ വെടിക്കെട്ടുകളിതാ........
ചുണ്ടുവട്ടം
കാളക്കൊമ്പ്
തേങ്ങാമുറി .....
ഇവ പഴമക്കാരുടെ പിന്‍ബലത്തോടെ ഡീക്കോടിങ്ങിനു വിധേയമാക്കിയാല്‍...
ചുണ്ടുവട്ടം = ഒന്ന്
കാളക്കൊമ്പ് = രണ്ട്
തേങ്ങാമുറി = മൂന്നര { തേങ്ങയുടെ മൂന്നു കണ്ണുകളും മുറിയുടെ അരയും ചേര്‍ക്കുമ്പോള്‍ മൂന്നരയെന്ന ധ്വനി }
ഇത് തീര്‍ത്തും ഊഹക്കച്ചവടമാണ്. പരസ്പരം നിഗൂഢതയുടെ പരിവേഷം ആംഗ്യ ചേഷ്ടകളിലും സംഭാഷണത്തിലും നിറച്ച് പരമാവധി കച്ചവടം കൊഴുപ്പിക്കുക എന്നതാണ് പരമമായ സത്യം. നിഗൂഢപരിവേഷം അവസാനംവരെയും നിലനിര്‍ത്തുന്ന ആള്‍ ഈ കച്ചവടത്തില്‍ എപ്പോഴും വിജയിക്കും. സാധാരണ കൃഷിക്കാരന് ഇവിടെ അടുക്കാന്‍ പറ്റില്ല. ഇടനിലക്കാരന്റെ സഹായമില്ലാതെ കന്നുകച്ചവടം തീര്‍ത്തും അസാദ്ധ്യമാവുന്നത് ഇവിടെയാണ്. വാങ്ങുകയും വില്കുകയും ചെയ്യുന്ന കൃഷിക്കാരന്‍ തന്റെ ഉരുവിന്റെ യഥാര്‍ത്ഥവില ഒരുകാലത്തും അറിയാനെ പോവുന്നില്ല, അത്ര രഹസ്യമാണ് എല്ലാം.
ഓമല്ലൂരിലെ പ്രസിദ്ധമായ രക്തകണ്ഠസ്വാമി ക്ഷേത്രം :-
ഓമല്ലൂര്‍ വയല്‍ വാണിഭത്തിന് രക്തകണ്ഠസ്വാമി ക്ഷേത്രവുമായി അഭേദ്മായ ബന്ധമുണ്ട്. തെക്കന്‍ തിരുവിതാംകൂറിലെ പഴയ ഇളയിടത്തു സ്വരൂപത്തിനടുത്തുള്ള ( ഇന്നത്തെ കൊട്ടാരക്കര) വെളിയനല്ലൂര്‍ എന്ന പ്രസിദ്ധമായ കാളച്ചന്തയില്‍ നിന്നും ഒരു വലിയ കാള, കെട്ടുപാടുകള്‍ പൊട്ടിച്ച്, പിടിച്ചു നിര്‍ത്താന്‍ തുനിഞ്ഞ കന്നുകര്‍ഷകനെ കുത്തിയെറിഞ്ഞ്, വയലേലകള്‍ തണ്ടി, കയ്യാലയുള്ള പുരയിടങ്ങള്‍ ചാടിക്കടന്ന്, കല്ലടയാറും (ഏനാറ്) പിന്നീട് അച്ചന്‍കോവിലാറും (കൈപ്പട്ടൂരാറ്) നീന്തിക്കടന്ന് ഓമല്ലൂര്‍ വേലന്‍ തറയില്‍ എത്തിച്ചേര്‍ന്നു. ധൈര്യപൂര്‍വം ഓമല്ലൂരിന്റെ ഒരു കര്‍ഷകപുത്രന്‍ അതിസാഹസികമായി ആ കാളക്കൂറ്റനെ വയലിന്റെ ഒത്തനടുക്കുള്ള പാലമരത്തില്‍ കെട്ടിയിട്ടു. പഴമക്കാരുടെ നാവ് കടമെടുത്താല്‍ ഈ കാള രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷന്‍ തന്നെയാണെന്നും ഭഗവാന് ഓമല്ലൂര്‍ വയല്‍ വാണിഭം കാണുവാനുള്ള ജിജ്ഞാസയുടെ ബഹുര്‍സ്ഫുരണമാണ് ഈ കാളക്കൂറ്റനായുള്ള വരവെന്നും പ്രശ്നത്തില്‍ തെളിഞ്ഞുവത്രെ.
ഐതീഹ്യങ്ങള്‍ എന്തുമാകട്ടെ, ഇന്നും ആ ചരിത്രപുരുഷനായ പാലമരം അവശേഷിക്കുന്ന ഒരു തുണ്ട് വയലിന്റെ ഒത്ത നടുക്ക് പച്ചിലക്കുടയേന്തി, പഥികര്‍ക്കും വാണിഭപ്പെരുമയ്കും കുളരായി, തണലായി, തറയില്‍ നിഴല്‍ കളങ്ങള്‍ തീര്‍ത്ത് നില്‍ക്കുന്നു.
ഓമല്ലൂര്‍ അറിയപ്പെടുന്നത് വയല്‍ വാണിഭത്തിന്റെ പ്രശസ്തിയിലൂടെയാണ്. തമിഴ് നാടുമായുള്ള ഭൂമിശാസ്ത്രപരമായ അടുപ്പത്തേക്കാളുപരി ശബരിമലയിലേക്കുള്ള വഴിയും അയ്യപ്പന്റെ ജന്മനാടായ പന്തളവുമായുള്ള സാമീപ്യവും ഓമല്ലൂര്‍ ചന്തയെ പാണ്ടിനാട്ടിലെ കച്ചവട ശൃംഖലയുമായി വളരെ പണ്ടേ സുദൃഢമായി ബന്ധിക്കുവാന്‍ ഇടയാക്കി. അവരുടെ ട്രേഡ് മാര്‍ക്കായ പാണ്ടിമുളകിന്റെ വലിയ മൊത്ത വ്യാപാരകേന്ദ്രമായി വളരെപ്പെട്ടെന്ന് ഇവിടം വളര്‍ന്നു. ചന്തയുടെ ക്രമാനുഗതമായ ഉയര്‍ച്ച മറ്റ് വിപണന സാധ്യതകള്‍ക്ക് വഴി തുറന്നു. ലോഹനിര്‍മ്മാണ വൈദഗ്ദ്യം തുളുമ്പുന്ന മാന്നാര്‍ വളരെയകലെയല്ലാത്തതിനാല്‍ അവിടുന്നുള്ള ഉരുളി, ചെമ്പ്, വാര്‍പ്പ്, പലതരം നിലവിളക്കുകള്‍, ലോഹപ്പാത്രങ്ങള്‍ എന്നിവയുടെ ഒരു വലിയ വിപണനകേന്ദ്രമായി ഈ വാണിഭവേദി മാറി.
ഇന്നത്തെ ഓമല്ലൂര്‍ :-
പത്തനംതിട്ട ടൗണില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരത്തായി ഗ്രാമാന്തരീക്ഷം പൂര്‍ണമായും ചോര്‍ന്നു പോകാതെ നില നില്‍ക്കുന്നു. ജില്ലാ ആസ്ഥാനമായ പത്തനംതിട്ട പട്ടണത്തിലേക്കുള്ള പ്രവേശനകവാടമായതിനാല്‍ സ്വാഭാവികമായും ഓമല്ലൂര്‍ ധാരാളം വളര്‍ന്നിട്ടുണ്ട്. സ്ഥിരം കച്ചവടം നന്നായി വ്യാപിച്ചു കഴിഞ്ഞു, വയല്‍ വാണിഭം ആചാരമായി ചുരുങ്ങി. ഓമല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രത്യേകതാല്പര്യമെടുത്ത് ഈ വയല്‍ വാണിഭപ്പെരുമ നിലനിര്‍ത്തുവാന്‍ വളരെ അഭിനന്ദനാര്‍ഹമായി ശ്രമിക്കുന്നുണ്ട്.
വെള്ളിയരഞ്ഞാണമിട്ട അച്ചന്‍കോവിലാര്‍ (കൈപ്പട്ടൂരാര്‍) ഓമല്ലൂരിന്റെ ജീവവാഹിനിയായി ഇന്നും ഒഴുകുന്നു. പുഴകള്‍ മരിക്കുകയും ഭൂമി കൈയ്യേറുകയും ചെയ്യുന്ന നാട്ടില്‍ ഒരു അപവാദം പോലെ ഗ്രാമീണതയുടെ തെളിനീരുമായി ഇനിയും പ്രിയവാഹിനി നീ ഒഴുകുക... വയല്‍ വാണിഭത്തിന്റെ വര്‍ണ്ണപ്പെരുമയുമായി...

No comments:

Post a Comment