Monday, May 3, 2010

കഥ

ചിരുതേ .... മാപ്പു തരൂ..... !

മനുഷ്യാവകാശ കമ്മീഷനിലിലെ ഒരംഗം എന്ന നിലയില്‍ നിരവധി യാത്രകള്‍ വേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും ആ യാത്ര- അതേ ജീവിതയാത്ര തുടരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരമായ സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ നിസ്സംശയം പറയും - അത് വയനാട് തന്നെയാണ്. ആ നീലച്ഛവിയാര്‍ന്ന കുന്നുകളും പഞ്ഞിക്കെട്ടുകള്‍ പറന്നു നടക്കും പോലുള്ള മേഘങ്ങളും നീര്‍ചോലകളും ഹൃദയഹാരികളാണ്.
കമ്മീഷന്റെ ജൂണ്‍ ഒന്നാം തീയതിയിലെ സിറ്റിങിന് ഞാനുമുണ്ടായിരുന്നു. ഇത്തവണ, ആവലാതികളും ദുരിതങ്ങളും കീറഭാണ്ഡങ്ങളായി മുതുകിലേന്തി തളര്‍ന്നവര്‍, കൂനിക്കൂടിയവര്‍, അനേകം വന്നു. വയനാട്ടിലെ ഊരുകളില്‍ വാറ്റിന്റെ മണമുയരുമ്പോള്‍, കുന്നുകളില്‍ കഞ്ചാവ് പൂത്തുലയുമ്പോള്‍ പിടയുന്നത് പെണ്‍മനമാണ്, അമ്മമാരുടെ ഉള്ളിലെ പേടമാനുകളാണ്. പണ്ടൊക്കെ പെണ്‍മക്കളുടെ അമ്മമാര്‍ക്ക് വേപഥുപൂണ്ടാല്‍ മതിയായിരുന്നു. എന്നാലിപ്പോള്‍ കാലപ്രവാഹത്തില്‍ ആണ്‍ - പെണ്‍ ഭേദമില്ല, അമ്മയ്കുപോലും മോചനമില്ല.
കാട്ടിലെ മൃഗങ്ങളുടെ എണ്ണം വല്ലാതെ കുറഞ്ഞിരിക്കുന്നു. വേട്ടയാടുവാന്‍ ക്ഷാമം നേരിടുകയാണ്. നഗരവാസികള്‍ക്ക് ആദിവാസികളുടെ ചോരയും നീരും അവകാശമാണ്., അമൃതാണ്. അതിന് ഭംഗം വരുത്തുന്ന ഒരു പ്രതിബന്ധങ്ങളും അവര്‍ക്ക് പ്രശ്നമല്ല.
സുഗതകുമാരി ടീച്ചറും അവരുടെ സ്വര്‍ഗഗേഹമായ 'അഭയയും' സമൂഹത്തിന് ഒരു വലിയ സാന്ത്വനം തന്നെയാണ്. എന്റെ അമ്മയോടൊപ്പം ബി.എഡിന് പഠിച്ച അവര്‍ ഒരു വലിയ മനുഷ്യ സ്നേഹിയും മാതൃതുല്യയുമാ​ണ്. അവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന സിറ്റിങിലാണ് വയനാട്ടിലെ ചിയമ്പൂരില്‍ നിന്നുള്ള ആ അമ്മ, ചിരുത കോപം കൊണ്ട് പൊട്ടിത്തെറിച്ചത്. എത്ര കാര്യവിവരമുള്ളവരെപ്പോലെ അവര്‍ പരാതി പറയുന്നു. അധികൃതരുടെ കെടുകാര്യസ്ഥതയും അനാസ്ഥയും കമ്മീഷന്റെ മുമ്പാകെ ഒരു വാങ്മയചിത്രമായി കാട്ടുന്നു.
'പേടിയാണെനിക്ക് .... വലിയ പേടി. പേടിച്ച് പനി പിടിച്ച് ഞങ്ങള്‍ വിറയ്ക്കുമ്പോള്‍ നിങ്ങള്‍ എവിടെയാണ്?' - അവള്‍ തന്റെ കണ്ണുകള്‍ വിടര്‍ത്തി, നെറ്റിയിലേക്കൂര്‍ന്നുവീണ കുറുനിരകള്‍ മാടിയൊതുക്കിപ്പറഞ്ഞു.
പുറത്തേക്കുനോക്കി അവിടെ ആരൊക്കെയോ നില്കും പോലെ ഭയന്ന്, എന്നാല്‍ ധൈര്യമായി തന്നെ അവള്‍ പറഞ്ഞു.- 'അവര്‍ വല്ലാത്ത ആളുകളാണ്. എന്നും ഊരില്‍ എവിടുന്നെന്നറിയാത്ത ചിലരൊക്കെ വരും. ചാരായം വാറ്റും, കഞ്ചാവ് കൃഷിയുമാണ് നിറയെ. എന്തിനും പോന്നവര്‍, ഏത് കൃത്യവും ചെയ്യുന്നവര്‍....'
ഭയക്കാതെ ധൈര്യമായിരിക്കാന്‍ ഉപദേശിക്കവെ അവര്‍ ദൈന്യതയോടെ ടീച്ചറിന്റെ മെലിഞ്ഞ നീണ്ട കരങ്ങള്‍ മുറുകെ പിടിച്ച് പുലമ്പി -'അമ്മാ ഭയമായിരുക്ക്, ...രൊമ്പ കഷ്ടമായിരുക്ക്. നീ താന്‍ കാപ്പാത്തണം. ഏന്‍ കുളന്തൈ, ....രാജമാണിക്യവും ശിത്തിരയും..... വരുന്ന ആടിയില്‍ ശിത്തിരയ്ക്ക് വയസ്സ് പന്ത്രണ്ടാവും. അമ്മാ നീ എന്നെ വിട്ടു കൊള്ളു. ഇന്ത കുളന്തകളെ രച്ചിക്കണം. അവര്‍ ചീത്തയായിപ്പോകും...'
ആ അമ്മയുടെ പരിദേവനത്തിനിടയില്‍ ഞാനവരെ ശ്രദ്ധിച്ചു. സുന്ദരിയാണവര്‍. കാട്ടിനുള്ളില്‍ വിടര്‍ന്ന ഒരു നീര്‍മാതളപ്പൂവുപോലെ സുഭഗയാണവള്‍. ആരെങ്കിലും, അതേ നഗരവാസികളില്‍ ആരെങ്കിലും ഒരുക്കിയ ചതിയുടെ ബാക്കിപത്രം. തന്റെ കുഞ്ഞുങ്ങളെ ഈ വന്യമൃഗയാവിനോദത്തില്‍ നിന്നും മുക്തരാക്കുവാന്‍ കേഴുകയാണിവര്‍.
ഉപദേശങ്ങളിലൂടെ അവര്‍ക്ക് സാന്ത്വനാമൃതം പകരാന്‍ ഒരുങ്ങിയ മറ്റൊരു കമ്മീഷനംഗം ജോര്‍ജ്ജിനെ പുച്ഛത്തോടെ നോക്കിയിട്ട് അവര്‍ വീണ്ടും ടീച്ചറിന്റെ കരുണാദ്രമായ മിഴികള്‍ നോക്കി പരിദേവനം ചൊല്ലി. -'തായേ എന്‍ കുളന്തകള്‍ മുടിഞ്ഞുപോവും. നിജമാ അവരെ ചീത്തതാന്‍ ആക്കും. എന്നുടെ രാജമാണിക്യം പള്ളിക്കൂടം കണ്ടിട്ട് ഇരണ്ടു വര്‍ഷമായി. ശിത്തിരയ്ക് ഭയമായിരുക്ക്. അവളെ മൂന്നു തവണ കാട്ടിലേക്കു കൊണ്ടുപോകാന്‍ തെമ്മാടികള്‍ ശ്രമിച്ചമ്മാ.... നിങ്കത്താന്‍ അവരെ പള്ളിക്കൂടത്തിലയക്കണം.... കാപ്പാത്തണം....രച്ചിക്കണം....'
തമിഴും മലയാളവും കൂടിക്കലര്‍ത്തിയ അവരുടെ 'പേച്ച്' ഒരു മാരി തോര്‍ന്നതുപോലെ നിന്നു. ഞാന്‍ ടീച്ചറിനെ ശ്രദ്ധിച്ചു. ആ മിഴികള്‍ സജലങ്ങളായിക്കഴിഞ്ഞിരിക്കുന്നു. നെറ്റിത്തടം വലിഞ്ഞുമുറുകി. മാതൃത്വത്തിന്റെ പൊന്‍ശലാകകള്‍ വേദനയാര്‍ന്ന് വലിഞ്ഞ് പൊട്ടാറായിരിക്കുന്നു.
ഞങ്ങള്‍ ഈ പ്രശ്നം ഏറ്റെടുക്കുവാന്‍ നിശ്ചയിച്ചു. അവര്‍ പഠിച്ചിരുന്ന ശാന്തിഗിരി സ്കൂളില്‍ ഞങ്ങള്‍ പിറ്റേന്നു തന്നെ ആ അമ്മയേയും കുട്ടികളേയും കൂട്ടിച്ചെന്നു...... ടി.സി. വാങ്ങുവാന്‍, ......അനന്തപുരിയിലുള്ള അഭയത്തിന്റെ ചിറകിന്നടിയില്‍ സുരക്ഷിതരാക്കുവാന്‍....
പേരുപോലെ പ്രശാന്തസുന്ദരമായ ഒരു കുന്നിന്‍മുകളിലാണ് സ്കൂള്‍. മിഷണറിമാരുടേതാണ്. സിസ്റ്റര്‍ ഫിലോമിന എന്ന വെളുത്തു തുടുത്ത മദ്ധ്യവയസ്കയാണ് പ്രിന്‍സിപ്പല്‍. പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്ത അവര്‍ ഞങ്ങളുടെ ആഗമനോദ്ദേശം അറിയവെ മുഖം താഴ്ത്തിയിരുന്നു, ഏതോ പ്രാര്‍ത്ഥനാനിരതയായ മെഴുകുപ്രതിമപോലെ.
മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തിന്റെ ഖഡ്ഗം പുറത്തെടുക്കവെ ആ മെഴുകുപ്രതിമ മെല്ലെ ചലിച്ചു, കരുണയ്ക്കായി ഉരുകിയൊഴുകി. അവര്‍ ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടി വലിച്ചെറിഞ്ഞ് ടീച്ചറോടു കേണു - 'ഇക്കൊല്ലം കുട്ടികള്‍ വളരെ കുറവാണ്. കഷ്ടിച്ച് ബ്രിമ്മിലെത്തിക്കാനേ കഴിഞ്ഞുള്ളു. ഈ രണ്ടു കുട്ടികളെ കൊണ്ടുപോയാല്‍ പ്രശ്നമാണ്.. ടീച്ചറൊന്ന് രക്ഷിക്കണം.'
വളരെക്കാലം അധ്യാപികയായിരുന്നതിനാലാവാം ടീച്ചര്‍ വളരെ സൗമ്യയായി പറഞ്ഞു - 'ശരി, ഞങ്ങള്‍ കൊണ്ടുപോകുന്നില്ല. ഈ രണ്ടു കുട്ടികളേയും ഇവിടുത്തെ ഹോസ്റ്റലില്‍ താമസിപ്പിച്ച് പഠിപ്പിക്കണം.'
മെഴുകുപ്രതിമ ഉരുക്കു പ്രതിമയായി. ആ പരിണാമം വളരെ പെട്ടെന്നായിരുന്നു. - നോക്കു ടീച്ചര്‍ ഇതു വളരെ റസ്പെക്റ്റഡ് ആയുള്ള സ്ഥാപനമാണ്. ഹോസ്റ്റലില്‍ ഇത്തരം കുട്ടികള്‍ പറ്റില്ല. ഇത് വളരെ സാമൂഹ്യപ്രശ്നങ്ങളുണ്ടാക്കും. നാട്ടിലെ കുട്ടികള്‍ എതിര്‍ക്കും, രക്ഷകര്‍ത്താക്കളും. അതുകൊണ്ട് പ്ലീസ് അങ്ങനെ നിര്‍ബന്ധിക്കരുത്. അവര്‍ അവരുടെ ഊരില്‍ തന്നെ മുമ്പത്തെപ്പോലെ താമസിക്കട്ടെ,..... ഹാജര്‍ ഞങ്ങള്‍ കൃത്യമായി നല്‍കാം. എന്താ ടീച്ചറേ.....? അവര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി.
'സാധ്യമല്ല. അവരുടെ ഊരില്‍ പ്രശ്നമുള്ളതുകൊണ്ടാണ് ടി.സി. വേണമെന്ന് ആവശ്യപ്പെടുന്നത്. ഒരു കാര്യം ചെയ്യു..... അങ്ങനെയെങ്കില്‍ ഉടന്‍ തന്നെ അപേക്ഷ സ്വീകരിച്ച് ടി.സി. എഴുതിക്കൊള്ളു.' ടീച്ചര്‍ അക്ഷോഭ്യയായി പറഞ്ഞു നിര്‍ത്തി.
പുറമെ അക്ഷോഭ്യയെങ്കിലും ടീച്ചറിന്റെ ഉള്ളിലെ വികാരം വായിച്ചെടുക്കാം, ആ ചലനങ്ങളില്‍, ആ വീക്ഷണങ്ങളില്‍. സിസ്റ്ററിന്റെ പിന്‍വശത്തായി തറച്ചിരിക്കുന്ന യേശുദേവന്റെ ക്രൂശിത ചിത്രത്തില്‍ തന്നെ അവര്‍ കണ്ണും നട്ടിരിക്കുകയാണ്. തിരുമുറിവുകളുടെ എണ്ണം വീണ്ടും വീണ്ടും സേവനത്തിന്റെ പേരില്‍ കൂട്ടുന്ന മനുഷ്യപുത്രരെ ഓര്‍ത്ത് ആ മഹാനായ മനുഷ്യപുത്രന്‍ തേങ്ങുന്നുണ്ടാവും.
'അത് ടീച്ചറെ, സ്ട്രെങ്ത് വെരിഫിക്കേഷന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഈ കേസിന് ഞങ്ങള്‍ പ്രത്യേക പരിഗണന നല്‍കാം. ഏതായാലും സിക്സ്ത് വര്‍ക്കിങ്ഡേ കഴിയട്ടെ. ടി.സി.ഉറപ്പായി തരാം.' അവര്‍ തെല്ലു ജാള്യതയോടെ, ആവശ്യകതാബോധത്തോടെ അപേക്ഷിച്ചു.
കമ്മീഷന്റെ ഇത്തവണത്തെ സിറ്റിങ് കഴിഞ്ഞ് വളരെ ഖിന്നരായാണ് ഞങ്ങള്‍ മടങ്ങിയത്. മേഘപ്പഞ്ഞിക്കൂട്ടങ്ങളെ നെറുകയില്‍ വെച്ച് ഉമ്മവെയ്ക്കുന്ന വയനാടന്‍ കുന്നുകളും ചുറ്റിപ്പിണയുന്ന ചേതോഹാരിയായ ചോലകളും എന്റെ മനസ്സിലേക്ക് ഇത്തവണ കടന്നു വന്നില്ല. അര്‍ദ്ധനഗ്നാംഗിയായ ആ വനസുന്ദരിയും അവരെ സൗന്ദര്യത്തില്‍ വെല്ലുന്ന നീലക്കണ്ണുള്ള മകളും ചെമ്പന്‍മുടിക്കാരനായ മാണിക്യവും ഹൃദയമുകുരങ്ങളില്‍ മാറി മാറി മിന്നിത്തെളിയുന്നു, .... മറയുന്നു. മാനുഷികഭാവം ഉറഞ്ഞുകൂടി കാരുണ്യമൂര്‍ത്തിയായിത്തീര്‍ന്ന സുഗതകുമാരി ടീച്ചറിന്റെ സജലമിഴികള്‍ എന്നെ ഇപ്പോഴും വല്ലാതെ അസ്വസ്ഥനാക്കുന്നു.
അനന്തപുരിയിലെ തിരക്കേറിയ വീഥികളില്‍ പരസ്പരം മുട്ടിയും തട്ടിയും നീങ്ങുന്ന ജനാവലികള്‍ക്കിടയില്‍, ജീവിതസമരത്തിന്റെ തീച്ചൂളകള്‍ക്കിടയില്‍, ഞാന്‍ മുങ്ങവെ, വയനാടിന്റെ നൊമ്പരം മറന്നു പോയി. പുതിയ പ്രശ്നങ്ങളും പരിവേഷങ്ങളും എന്നെ വന്നു പൊതിയവെ, ഒക്കെ മറന്നു.
മുറ്റത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പത്ര പതനധ്വനിയും പത്രക്കാരന്റെ ചിരപരിചിത മണിയടിയും എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. എന്റെ ഇന്നത്തെ ദിവസം ആരംഭിക്കുകയാണ്. ആവി പറക്കുന്ന മധുരമിടാത്ത ചായ നിറച്ച കപ്പ് ചുണ്ടോട് ചേര്‍ത്ത്, മറുകൈയാല്‍ പത്രത്താള്‍ നിവര്‍ത്തവെ, തലവാചകം എവിടെയോ ഉടക്കി....അകതാരിന്റെ ഉള്ളിലാവാം. ഞാന്‍ ചുണ്ടോടടുപ്പിച്ച പാനീയം താഴെ വെച്ച്, ചായ മൊത്തിക്കുടിച്ച് പത്രത്താളുകള്‍ പരതുന്ന പതിവ് ഉപേക്ഷിച്ച്, വായനയില്‍ മുഴുകി.
'വയനാടന്‍ കുന്നുകള്‍ വീണ്ടും നിണമണിഞ്ഞു' - തലവാചകം അതാണ്. വളരെ വേഗം അതിനു താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടു. ദൈവമേ, ഇത് അവളാണല്ലോ? ചിരുത.... അമ്മയ്ക്ക് മാനവും ജീവനും കൂടിയാണ് നഷ്ടപ്പെട്ടത്. മകള്‍ക്ക് മാനവും ശിഷ്ടജീവിതവും. എതിര്‍ത്ത മാണിക്യത്തിന്റെ തല തല്ലിപ്പൊട്ടിച്ചിരിക്കുന്നു. പത്രം വലിച്ചെറിഞ്ഞ് ടീച്ചറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഫോണിനടുത്തേക്ക് നീങ്ങവെ, ഫോണ്‍ മുരണ്ടു. റിസീവര്‍ കൈയിലെടുത്ത് കാതോടു ചേര്‍ത്തു. മെല്ലെ 'ഹലോ' എന്നു പറയവെ മറുതലയ്ക്കല്‍ ടീച്ചറിന്റെ മുഴക്കമുളള ശബ്ദം. 'കുമാര്‍, ഒക്കെ വെറുതെയായല്ലോ?നമുക്കവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ...? ആ മകളെയെങ്കിലും നമുക്ക് അഭയയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലല്ലോ.....?'
റിസീവര്‍ യാന്ത്രികമായി താഴെ വെച്ച് ഞാനകലെ അഗസ്ത്യപര്‍വ്വതനിരകളില്‍ സൂര്യന്റെ ആദ്യകിരണങ്ങള്‍ പതിയുന്നത് ശ്രദ്ധിച്ചു. കുന്നിന്റെ മൂര്‍ദ്ധാവില്‍ നിന്നും പൊട്ടിയൊലിക്കുന്ന ചോരച്ചാലുകള്‍പോലെ അത് താഴ്വരയാകെ പരക്കുകയാണ്..... ശരിക്കും ചോര തന്നെ!
പെട്ടെന്ന് എനിക്ക് പച്ചച്ചോരയുടെ തീഷ്ണഗന്ധം അടുത്തനുഭവപ്പെട്ടു. ആ ചോരക്കളത്തില്‍ ചിലമുഖങ്ങള്‍ പിന്നീട് തെളിഞ്ഞു വന്നു. വയനാടന്‍ കാടുകളില്‍ കാമവെറിക്കു വിധേയരായി മകളെ രക്ഷിക്കാന്‍ ശ്രമിക്കവെ കൊലക്കത്തിക്ക് വിധേയയായ ചിരുതയുടെ മുഖം. തൊട്ടടുത്ത് പ്രഥമസംഗമത്തിന്റെ പരിക്കേറ്റ് പിടയുന്ന ശിത്തിരയുടെ മുഖം.
ഞാന്‍ പെട്ടെന്ന് മുഖം താഴ്ത്തി, .....ലജ്ജയോടുതന്നെ.

No comments:

Post a Comment