Monday, May 3, 2010

കഥ

ഉസ്കൂളിലെ മണി

ഉസ്കൂളിലെ മണി കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
'തലേന്ന് മണിയടിച്ച് ഉസ്കൂള്‍ വിട്ടതാണല്ലോ എന്റെ റബ്ബേ ?'
ഒന്നാം ശിപായി ഉസ്മാ൯ തലയില്‍ കൈ വച്ചു പിറുപിറുത്തു.
രണ്ടാം ശിപായി സുലൈമാ൯ അന്നും വന്നിട്ടില്ല,
'ഓന്റെ ഡ്യൂട്ടി ഉസ്താദിന്റെ വലിപ്പിലല്ലേ. അല്ലേലും ഓ൯ വന്നിട്ട് എന്തൂട്ട് കാട്ടാനാണ് ?'
ഉസ്മാ൯ വല്ലാതെ ബേജാറായി. അരിശം മുഴുവ൯ സുലൈമാനോടായി. നേരെ ഒന്നാം മാഷിന്റെ അടുത്തു ചെന്നു. വരവ് കണ്ടപ്പോഴെ എന്തോ കുന്ത്റാണ്ടമുണ്ടെന്ന് മാഷ് അനുമാനിച്ചു. ഗൗരവം ചോരാതെ സുബൈദ് മാഷ് നല്ല മലയാളത്തില്‍ തിരക്കി.
'എന്താ ഉസ്മാനേ, ഇന്നും സുലൈമാ൯ വന്നിട്ടില്ലേ?'
'വന്നു... ഓനിപ്പം ഏ.ഇ.ഒ. സാറിന്റെ കീഴില്‍ കാണും. അതല്ല മുസീബത്ത്..' ഉസ്മാ൯ നിന്നു വിറച്ചു, പിന്നെ വിയര്‍ത്തു.
സുബൈദ് മാഷ് ഗൗരവം മാറ്റി ഉസ്മാനെ കൂടുതലായി ഒന്നു ശ്രദ്ധിച്ചു. എന്തോ കാര്യമായി പിണഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ ഓന്റെ ബീവി സുറുമി പിണങ്ങി അവളുടെ വീട്ടില്‍ പോയി കാണും. മെല്ലെ ചിരിച്ചു കൊണ്ടു പതിവു മറുപടിയോതി.
'ഓളിങ്ങു വരും ഉസ്മാനേ, എന്തൂട്ടായാലും ഓള്‍ടെ ഖല്‍ബ് ഇവിടെ ബച്ചിട്ടല്ലേ പോയിരിക്കുന്നത്! '
'ഇതായിപ്പം ബല്ല്യ കാരിയം...മണി കളവു പോയി. അതു പറയാ൯ വന്നപ്പോ?' ഉസ്മാ൯ തീ പിടിച്ചതു പോലെ നിന്നു തുള്ളി.
'രാരിച്ചനോടു തിരക്കിയോ. ഓനല്ലേ തൊട്ടടുത്തുള്ളത്?'
'നേരാ, ഓ൯ തപാലും നോക്കി മാഷിനുള്ള ചോറും വാങ്ങി, മിനുങ്ങി വരുമ്പം തിരക്കിയാല്‍ മതി. നല്ല കഥ....!'
അപ്പോള്‍ അതാണു കാര്യം. സ്കൂളിലെ മണി കളവു പോയിരിക്കുന്നു. തിരൂര്‍ അങ്ങാടീലെ സേട്ടിന്റെ പീടികയില്‍ നിന്നും 380 ഉറപ്പികയ്ക്ക് വാങ്ങിയതാണ്. ഇനിയിപ്പം പറഞ്ഞിട്ടെന്നു കാര്യം. പോലീസില്‍ പറഞ്ഞാല്‍ അതിനു വേറെ ഉറുപ്പിക കണ്ടെത്തണം.
ഉസ്മാ൯ ഇതിനകം പോയി കഴിഞ്ഞിരിക്കുന്നു. മാനേജര്‍ ഹാജിയാരെ കണ്ടാലോ? വേണ്ട, ഉറുപ്പികയൊട്ടു കിട്ടുകയുമില്ല, ബയക്കു കേക്കുകയും വേണം. എന്തായാലും ഒരു ചായ കുടിച്ചു കളയാം.
നായരുടെ പീടികയില്‍ ഒരു ചന്ദനക്കുടത്തിനുള്ള പുരുഷാരം. ഒരു വിധം വകഞ്ഞ് ഉള്ളില്‍ കയറി. അവിടെ നായര്, കള്ളനെ കണ്ട മട്ടില്‍ വിവരണം നടത്തുകയാണ്. ദോഷം പറയരുതല്ലോ, കണ്ടപ്പോഴെ ചുടു ചായ നീട്ടി. ചുടു ചായ തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങവെ മണി മുഴക്കം കേട്ടു.
'ങേ ... അത് ഉസ്കൂളിലാണല്ലോ? മണിയടിക്കുന്നത് ഉസ്മാ൯ തന്നെയാണ്. ആ ശൈലി കേട്ടാല്‍ എവിടെ വെച്ചും തിരിച്ചറിയാം. പക്ഷേ ഈ ഒച്ച വ്യത്യസ്തമാണല്ലോ?'
തിരക്കിട്ട് പുറത്തിറങ്ങവെ വിഷണ്ണനായി നായര് പ്രത്യക്ഷപ്പെട്ടു.
'എന്താ നാണു നായരെ, എന്തു പറ്റി?'
'ഇനി എന്തു പറ്റാ൯...രണ്ടു കിലോ അരിയുടെ ദോശ മാവ് ഞാനെന്തു ചെയ്യും.....'
അപ്പോഴും ഉസ്കൂളിലെ മണി മുഴങ്ങുന്നുണ്ടായിരുന്നു....ഉസ്മാന്റെ നെഞ്ചിലെ തുടി താളം പോലെ......
നായരുടെ ദോശക്കല്ലു കാണാനില്ല. വാര്‍ത്ത കാട്ടുതീ പോലെ മാമലയാകെ പരന്നു. ആരാണീ കടുംകൈ ചെയ്തത്?
[എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.] 15/12/2009

No comments:

Post a Comment