Saturday, May 1, 2010

കുറിപ്പുകള്‍

മൂന്നാം ലോക മഹായുദ്ധം
ചരിത്രത്തിന്റെ ഏടുകളിലൊന്നും ഇതുവരെ രേഖപ്പെടുത്താത്ത ഒരു യദ്ധത്തിന്റെ കഥയാണിത്. കാരണം ഈ യുദ്ധം ഇതുവരെ മനസ്സുകളില്‍ മാത്രമെ നടന്നിട്ടുള്ളു. ചെറിയ പ്രാദേശിക കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട് താനും. പക്ഷെ ആഗോളമാനം ഇനിയും ലഭിച്ചിട്ടില്ല. അങ്ങനെ ഉണ്ടാവല്ലേ എന്നാണ് ഉള്ളുരുകിയുള്ള പ്രാര്‍ത്ഥന. കാരണം വരാന്‍ പോകുന്നത് മൂന്നാം ലോകമഹായുദ്ധമാണ്. സര്‍വ്വ ആയുധക്കുന്നുകളും ഇടിച്ചിറക്കിയുള്ള സംഗ്രാമം. നിണപ്പുഴകളല്ല, നിണസാഗരം തന്നെ തിരയടിച്ചുയരും.
പെണ്ണിനും വേണ്ടിയാണ് മിക്ക യുദ്ധങ്ങളും അരങ്ങേറിയത്.
നമ്പ്യാര്‍ തുള്ളല്‍കഥയിലൂടെ ചൊന്നതുപോലെ -
'കനകം മൂലം കാമിനി മൂലം
പലവിധമുലകില്‍ സുലഭം'
യുദ്ധം പക്ഷെ ഇതുമൂലമല്ല. വെള്ളത്തിനാണ്. അതേ കുടിവെള്ളത്തിനായി ഒരു ലോകയുദ്ധം വരാന്‍ പോകുന്നു.
അവിശ്വസനീയമായി തോന്നുന്നു അല്ലേ....? സത്യമായും അതു സംഭവിക്കുവാന്‍ പോകുന്നു. ഇന്ന് നമ്മുടെ നാട്ടില്‍ പൈപ്പിന്‍ ചോട്ടില്‍ കുടിവെള്ളത്തിനായി കലഹമുണ്ടാകുന്നത് സ്ഥിരമാണ്. കുടത്തിന്റെ സ്ഥാനം ഒന്നു മാറിയാല്‍, ക്യൂ ഒന്ന് തെറ്റിച്ചാല്‍, ഏറെ വെള്ളം പിടിച്ചാല്‍, ചിലപ്പോള്‍ വെള്ളം കൊണ്ടു വരുന്ന വണ്ടിക്കായുള്ള കാത്തിരിപ്പ് നീണ്ടു പോയാല്‍, ഒക്കെ കലാപ കാരണങ്ങളാണ്. അപ്പോള്‍ വെള്ളം വളരെ കിട്ടാത്ത അവസ്ഥ വന്നാലോ....? അത് രാജ്യത്തിന്റെ അതിര്‍ത്തി കടന്ന് അയല്‍രാജ്യത്തിലേക്ക് കടന്നാലോ....? പാക്ഷികമായി ചില രാജ്യങ്ങള്‍ ചേരി തിരിഞ്ഞാലോ....? ഫലം മഹാ യുദ്ധം തന്നെ.
വാട്ടര്‍ ഫോറത്തിന്റെ ഒരു റിപ്പോര്‍ട്ട് നോക്കൂ -
'110 കോടി ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ലോകത്ത് നരകജീവിതം നയിക്കുന്നു. ഇതില്‍ തന്നെ ആറിലൊരാള്‍ക്ക് കുടിക്കാന്‍ കിട്ടുന്നത് മലിനജലമാണ്. ഓരോ ദിവസവും 3900 കുട്ടികള്‍ ശുദ്ധജലത്തിന്റെ അഭാവം മൂലം രോഗാതുരരായി മരിക്കുന്നു.'
പരിസ്ഥിതി പ്രവര്‍ത്തക മൗഡ് ബാര്‍ലോ തന്റെ വിഖ്യാത ഗ്രന്ഥമായ ബ്ലൂ ഗോള്‍ഡില്‍ ഇങ്ങനെ കോറിയിട്ടിരിക്കുന്നു -
'ഇനിയൊരു യുദ്ധം ഏതുനിമിഷവും ആസന്നമാണ്. അത് കുടിവെള്ളത്തിനായുള്ള ലോക മഹായുദ്ധമായിരിക്കുകയും ചെയ്യും.'
പണ്ട് പോര്‍ട്ടുഗീസുകാര്‍ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് പായ്ക്കപ്പലില്‍ വന്നിറങ്ങിയത് കറുത്തപൊന്നും തേടിയാണ്. നമ്മുടെ സമൃദ്ധമായ കുരുമുളകും സുഗന്ധവ്യജ്ഞനങ്ങളും കൊണ്ടുപോകാനാണ്. അവര്‍ തിരിച്ചുപോകുന്ന പോക്കില്‍ നമ്മുടെ കുറെ കൊടിത്തലകളും കൊണ്ടാണ് പോയത്. ഭീതിയോടെ കര്‍ഷകസമൂഹം സാമൂതിരിയോട് തങ്ങളുടെ ആശങ്കകള്‍ ഉണര്‍ത്തിയപ്പോള്‍ , തെല്ലു മന്ദഹാസത്തോടെ അദ്ദേഹം പറഞ്ഞത്രെ -
'പാവങ്ങള്‍....! അവര്‍ക്ക് നമ്മുടെ കൊടിത്തലയല്ലേ കൊണ്ടുപോകാന്‍ കഴിയൂ, ഞാറ്റുവേല സാധ്യമല്ലല്ലോ....?'
സാമൂതിരി പറഞ്ഞതിതാണ്. കുരുമുളകുവള്ളി സമൃദ്ധമായി പടര്‍ന്ന് കായ്ഫലം തരണമെങ്കില്‍ കാലാവസ്ഥയുടെ അനുകൂലനം വേണം. കേരളത്തിന്റെ ഞാറ്റുവേല ,കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കാലാവസ്ഥയില്‍ മാത്രമേ നമ്മുടേതായ കൃഷി വിജയിക്കുകയുള്ളു.
ഇന്ന് കഥയും തിരക്കഥയുമൊക്കെ മാറി മറഞ്ഞു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മുടെ ഞാറ്റുവേലയുടെ സ്വഭാവവും താളക്രമങ്ങളും ഒക്കെ തകിടം മറിച്ചു. തുടര്‍ന്ന് ഏറ്റവും ഭീകരമായ വരള്‍ച്ചയും കൃഷി നാശവും കുടിവെള്ള ക്ഷാമവും കടന്നു വന്നു. ഇന്ന് ആഗോളചിത്രം നോക്കിയാല്‍ 31 രാജ്യങ്ങള്‍ അതിരൂക്ഷമായും 17 രാജ്യങ്ങള്‍ ഭാഗികമായും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നു.
പ്രകൃതി വിഭവങ്ങളും പൊതുസ്വത്താണെന്നാണ് സങ്കല്പം. പക്ഷെ എവിടെയും അതൊരു സ്വപ്നമായി തന്നെ അവശേഷിക്കുന്നു.
ചന്ദ്രനില്‍ പ്രധാനമായും തിരഞ്ഞത് ജലമാണ്. കാരണം ജലമില്ലെങ്കില്‍ ജീവനില്ല....ജീവിതമില്ല....! അത് നന്നായി അറിയുന്ന ഭൂലോകജീവിയും മനുഷ്യന്‍ തന്നെ. എന്നിട്ടാണ് അമിത ജലചൂഷണവും പാഴാക്കലും. ഇനിയിത് മതിയാക്കിക്കൂടെ.... അടുത്ത തലമുറയ്കായെങ്കിലും.....

No comments:

Post a Comment