Monday, May 3, 2010

കഥ

അഞ്ചു പൈസ

ഏഴാമത്തെ പീരിയഡാണ്. ഈശ്വരി അമ്മ സാറ് പകരം വന്നിരിക്കയാണ്. ഉദ്ദേശം പഠിപ്പിക്കുകയല്ല, പിരിവാണ്. സായുധ സേനയുടെ അഞ്ചു പൈസ സ്റ്റാമ്പ് ഇന്നലെ തന്നിരുന്നു. അതില്‍ സേനാ ചിഹ്നവും, കുത്താ൯ മൊട്ടു സൂചിയുമുണ്ട്. ഞങ്ങളത് നെഞ്ചില്‍ അഭിമാനത്തോടെ കുത്തി നടക്കുകയാണ്.
ഞങ്ങളുടേത് ഇമ്മിണി വലിയ ക്ളാസാണ്. ആകെ നാല്‍പത് കുട്ടികളുണ്ട്......മൊട്ട അപ്പൂട്ട൯ മുതല്‍ കിലുക്കാംപെട്ടി ഭാഗ്യലക്ഷമി വരെ.
ഞങ്ങളുടേത് സൈഡ് ബഞ്ചാണ്, തീര്‍ന്നില്ല അതിന്റെ മറ്റേ പാതി ഒന്നാം ക്ളാസിലെ കുറച്ചു കുട്ടികള്‍ക്ക് പുറം തിരിഞ്ഞിരിക്കാനുള്ളതാണ്. തന്മൂലം അവിടം ഇന്ത്യാ പാക് അതിര്‍ത്തി പോലെ മിക്കപ്പോഴും സംഘര്‍ഷനിര്‍ഭരവും ആക്രോശഭരിതവും ആക്രന്ദനപൂര്‍ണവും ആയിരിക്കും. പുറം പുറത്തോടു ചേര്‍ത്തു വച്ചുള്ള ഉന്തും തള്ളും സര്‍വസാധാരണമാണ്. മിക്കപ്പോഴും ഞങ്ങളറിയാതെ പെ൯ഡുലം പോലെ ഒന്നാം ക്ളാസിലേക്കും രണ്ടാം ക്ളാസിലേക്കും മാറി മാറി ദോലന വിധേയമാകും.
'ബാബുമോ൯ വന്ന് പേരെഴുത്. ഞാനൊന്ന് ഒന്നാം സാറിനെ കണ്ടിട്ട് വരാം. നോക്ക്, ഈ പൈസ ആരും എടുത്തേക്കരുത്...!'
ഞാ൯ സസന്തോഷം ബുക്കും പേനയുമായി മേശക്കരികില്‍ നിന്നു. മേശപ്പുറത്ത് പൈസ എണ്ണി അടുക്കി വെച്ചിരിക്കുകയാണ്. എല്ലാം അഞ്ചു പൈസാ തുട്ടുകള്‍ പത്തെണ്ണം വീതമുള്ള നാല് അടുക്കുകള്‍.
ഞാ൯ ക്ളാസിലേക്ക് നോക്കി. എല്ലാവരും നിശബ്ദരാണ്. ഞാ൯ കൃത്യമായി പേരെഴുതുമെന്നും ഈശ്വരി അമ്മ സാര്‍ നല്ല അടി കൊടുക്കുമെന്നും അറിയാം. വീണ്ടും എന്റെ ദൃഷ്ടികള്‍ പൈസയില്‍ ഉടക്കി. ഞാ൯ അതില്‍ നിന്നും ഒരെണ്ണം പേരെഴുതുന്ന ബുക്കിനുള്ളിലേക്ക് അതിവേഗം ആരുടേയും കണ്ണില്‍ പെടാതെ തിരുകി വെച്ചു.
അവസാനത്തെ ബെല്ലടിക്കും മുമ്പായി ഈശ്വരിയമ്മ സാര്‍ വന്നു. സമയം പോയതിനാല്‍ വന്നപ്പോഴെതന്നെ പൈസ വീണ്ടും എണ്ണി. ഒരടുക്കില്‍ ഒരെണ്ണം കുറവായി കണ്ടു. ഉടന്‍ തന്നെ എന്നോട് ചോദിച്ചു -
'ബാബുമോന്‍, ഈ മേശയുടെ അരികില്‍ ആരെങ്കിലും വന്നായിരുന്നോ....?'
'വന്നു സാര്‍, ഇവരെല്ലാം വന്നായിരുന്നു. ... പകര്‍ത്ത് ബുക്കെടുക്കാന്‍- ഞാന്‍ ഉള്ളിലെ പരിഭ്രമം ഒതുക്കി പറഞ്ഞു.
'ശരി..എല്ലാരും ബെല്ലടിച്ചാലും അവിടെത്തന്നെ ഇരുന്നാല്‍ മതി. അല്ലെങ്കില്‍ അഞ്ചുപൈസ എടുത്ത കുട്ടി മുന്നോട്ടു വരിക... ഞാനടിക്കുകയും മറ്റും ചെയ്യത്തില്ല....!' അവര്‍ കൂട്ടിച്ചേര്‍ത്തു.
അവസാനമണി മുഴങ്ങി. അണപൊട്ടും പോലെ കുട്ടികള്‍ ആര്‍ത്തലച്ച് പുറത്തേക്കൊഴുകി. ആ പ്രവാഹത്തില്‍ നുരചിതറി ഒരു കണമാകാന്‍ കഴിയാത്ത ദുഃഖത്തോടെ ഞങ്ങളുടെ ക്ളാസ് മാത്രം അവിടെ ഇരുന്നു. സമയം അതിക്രമിക്കുകയാണ്. പ്യൂണ്‍ ബേബിയണ്ണന്‍ ജനാലകളും വാതിലുകളും കൊട്ടിയടക്കുന്ന ശബ്ദം കേട്ടു തുടങ്ങി. പുള്ളിക്കാരന്‍ ചെന്നിട്ടു വേണം പുലമണ്‍ ജംഗ്ഷണിലെ ജവാഹര്‍ ടാക്കീസില്‍ സിനിമ കാണിക്കാന്‍...? അവിടുത്തെ പ്രൊജക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പണി കൂടിയുണ്ട് പുള്ളിക്കാരന്.
കുട്ടികളില്‍ അസ്വസ്ഥത പടരാന്‍ തുടങ്ങി, അക്ഷോഭ്യയായി ഈശ്വരി അമ്മ സാറും. സാര്‍ സങ്കടത്തോടെ അതുമിതുമൊക്കെ പറയുന്നുണ്ട്. എല്ലാം സാരോപദേശങ്ങളാണ്. അവസാനം ഇങ്ങനെ പറഞ്ഞു -
'ശരി...ആരും പറയുന്നില്ലല്ലോ... ഞാന്‍ പരിശോധിക്കാന്‍ പോകുകയാണ്. അതിനു മുമ്പ് ഒരവസരം കൂടി തരുന്നു. ചെറിയ കളവിലൂടെയാണ് വലിയ കള്ളന്മാര്‍ ജനിക്കുന്നത്....?'
ഞാന്‍ ചുറ്റും ഒന്നു നോക്കി, എല്ലാവരും പേടിച്ചു നില്കയാണ്. എന്റെ ഉള്ളില്‍ മിശ്രവികാരങ്ങള്‍ അലയടിച്ചു. കുറ്റം ഏറ്റു പറഞ്ഞാലോ...? ച്ഛേ... വേണ്ട... വീട്ടില്‍ എല്ലാവരും അറിയും. അതുമല്ല നാളെ സാറുന്മാര്‍ വീട്ടില്‍ വരുമ്പോള്‍ (അവര്‍ ഭക്ഷണം കൊണ്ടു വന്ന് കഴിക്കുന്നതും പ്രാഥമികകൃത്യങ്ങള്‍ക്കായി വരുന്നതും എന്റെ വീട്ടിലാണ്. കൂടാതെ കൂട്ടികള്‍ക്കു നല്കുന്ന അമേരിക്കന്‍ ഉപ്പുമാവ് റവയും അതുണ്ടാക്കാനുള്ള ഡാല്‍ഡയും എണ്ണയും സൂക്ഷിക്കുന്നത് എന്റെ വീട്ടിലാണ്. അതിലെനിക്ക് വല്ലാത്ത അഭിമാനവും എന്റെ കൂട്ടുകാര്‍ക്ക് അസൂയയും ആണ്.) ഞാനെങ്ങനെ അവരെ നേരിടും. ഉം വേണ്ട... ഒരു വല്ലാത്ത ആത്മവിശ്വാസം എന്നുള്ളില്‍ നിറഞ്ഞു. ഞാന്‍ സധൈര്യം നിന്നു, മറ്റുള്ളവര്‍ പേടിച്ചരണ്ടും...!
39 കുട്ടികളെയും പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ല. അടുത്തത് എന്റെ ഊഴമാണ്. ഈശ്വരി അമ്മ സാര്‍ എന്നെ നോക്കി. ഞാന്‍ സാറിനെ നോക്കി പുഞ്ചിരി തൂകി നില്പാണ്. ഭാവം കണ്ടാല്‍ 'ഇതാ വരൂ...എന്നെ ഒന്ന് പരിശോധിക്കൂ...' എന്നാണ്. പെട്ടെന്ന് സാര്‍ ഒരു മറുചിരിയുമായി പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം.... ശരി..ആ അഞ്ചു പൈസ ഞാനെടുത്തോളാം..മതി..എല്ലാവരും പെട്ടെന്ന് വീട്ടില്‍ പൊക്കോളു...'
എല്ലാവരും കലപില ശബ്ദം മുഴക്കി സന്തോഷപൂര്‍വം മടങ്ങി. ഞാന്‍ മാത്രം കുറ്റിയടിച്ചതുപോലെ നില്കുകയാണ്. എല്ലാം അത്ഭുതമായി മാറുന്നു. പിടിക്കപ്പെടേണ്ട ഞാന്‍ പരിശോധനപോലുമില്ലാതെ കടന്നു പോയി. നിരപരാധികള്‍ അകാരണമായി പീഢിപ്പിക്കപ്പെട്ടു. എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. ഇപ്പോള്‍ സാര്‍ മാത്രമേ റൂമിലുണ്ടാകൂ... അഞ്ചു പൈസ തിരികെ നല്കി മാപ്പു പറയാം. ഞാന്‍ റൂം ലക്ഷ്യമാക്കി നീങ്ങവെ കുടയും ബാഗുമായി നേരെ എതിരെ സാര്‍ വരുന്നു. ആ മുഖത്തെ പുഞ്ചിരി അപ്പോഴും മാഞ്ഞിരുന്നില്ല. ഞാന്‍ ജാള്യതയോടെ ആ അഞ്ചു പൈസ നീട്ടി. പക്ഷേ സാര്‍ അങ്ങോട്ടൊന്ന് നോക്കുക പോലും ചെയ്യാതെ വീണ്ടും പറഞ്ഞു -
'ഓ... ബാബുമോനോ... നീ എടുക്കത്തില്ല. എനിക്കറിയാം....നീ എളുപ്പം വീട്ടില്‍ ചെല്ല്....'
ഞാന്‍ വീട്ടിലേക്ക് നടന്നു. ഈ അഞ്ചു പൈസ ഒരു ഭാരമായി എന്റെ ഉള്ളില്‍ വളരുകയാണ്. സ്കൂള്‍ മൈതാനം കഴിഞ്ഞ് റോഡിലേക്കിറങ്ങുന്നിടത്ത് ഒരു ചെറിയ ഓടയുണ്ട്. റെയില്‍വെ സ്റ്റേഷനു മുന്നിലെ ചന്ദ്രാ ഹോട്ടലിലെ മാലിന്യം മുഴുവന്‍ അതിലൂടെയാണ്. ഒഴുകുന്നത്, അല്ല കെട്ടിക്കിടക്കുന്നത്. ഞാന്‍ ചുറ്റും നോക്കിയിട്ട് ആ അഞ്ചു പൈസ കുപ്പത്തോട്ടിലേക്കെറിഞ്ഞു.
അഞ്ചു പൈസ കറുത്ത, കൊഴുത്ത അഴുക്കിലും കിടന്ന് തിളങ്ങുകയാണ്, കാര്‍മുകില്‍ കൂട്ടിലകപ്പെട്ട ഏതോ നിഷ്കളങ്ക ചന്ദ്രബിംബം പോലെ.
ശരിയാണ്... അവിടെ പതിക്കേണ്ടത് താനാണ്, താന്‍ മാത്രം....? 09/02/2010
എന്റെ പള്ളിക്കൂടം കഥകള്‍ - ആര്‍.പ്രസന്നകുമാര്‍.

No comments:

Post a Comment